ACS Technology

News

ഒരു മാവോയ്സ്റ്റിന്റെ കൂടെ ഒരു ദിവസം

Lifestyle

പ്രസാദ് അമോർ

വടക്കു കിഴക്കൻ മേഖലകളിലെ യാത്രയ്ക്കു ശേഷമാണ് ഞങ്ങൾ ന്യൂ ജാൽപഗുരിയിൽ എത്തിയത്.സിക്കിം ഡാർജലിംഗ് നേപ്പാൾ ഭൂട്ടാൻ എന്നിവിടങ്ങളിലേയ്ക്ക് വഴിപിരിയുന്ന ഒരു സ്ഥലമാണിത്. ഒരു സാധാരണ യാഥാസ്ഥിതിക ബംഗാളി പ്രദേശമാണെങ്കിലും വൈവിധ്യമാർന്ന മുഖച്ഛായയുള്ള മനുഷ്യരുടെ ഒരു ലോകം. ഡാർജലിംഗ് കുന്നുകളിലെ ഗോത്രവർഗ്ഗക്കാരും തദ്ദേശീയ ബംഗാളികളും മംഗോളിയൻ മുഖങ്ങളും ആയ ജനക്കൂട്ടം. അവരുടെ നിർവികാരതകൾ.ഭീകരവും ക്രമരഹിതവുമായി അലങ്കോലപ്പെട്ട ശബ്ദബാഹുല്യത്തിൽ അമ്പരന്ന് സ്വയം നഷ്ടപ്പെട്ട് ഉഴറിപ്പോകുന്ന ഒരവസ്ഥ.

'ന്യൂ ജാൽപായ്ഗുരിയിൽ നിന്ന് ഒന്നരമണിക്കൂർ സഞ്ചരിച്ചാൽ നക്‌സൽ ബാരിയിലെത്താം. പക്ഷെ നക്‌സലിസത്തിന്റെ ഒരു ശേഷിപ്പുകളും അവിടെയില്ല.ബംഗാളിലെ അവലക്ഷണം പിടിച്ച ഒരു പ്രദേശം മാത്രമാണത്'നക്‌സൽ ബാരിയിലേയ്ക്കുള്ള യാത്രയിൽ ഞങ്ങളെ അനുഗമിക്കാനെത്തിയ അതുൽ ചക്രബർത്തി പറഞ്ഞു.

കമ്യൂണിസ്റ്റു മാർകിസ്‌റ് പാർട്ടിയുടെ സജീവ പ്രവർത്തകനായ അദ്ദേഹത്തിന് തീവ്ര ഇടതുപക്ഷത്തിനോട് ചായ്വുണ്ട്. ദുരന്തങ്ങളിൽ പെട്ട ഓരോ തവണയും ഞെരിഞ്ഞു ജീവിക്കുന്നവരുടെ പ്രത്യാശകൾക്ക് നിറം കൊടുക്കാൻ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ കഴിയുകയുള്ളു എന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ഒരു ബ്രഹ്മണനാണെങ്കിലും സാന്താൾ വിഭാഗത്തിൽ പെട്ടവരോട് തനിക്ക് അയിത്തം ഒട്ടും തന്നെയില്ലെന്ന് ആ കമ്യൂണിസ്റ്റ് നേതാവ് പറഞ്ഞു.

പ്യൂണുൽ ധരിച്ച അദ്ദേഹം കണിശമായ ജാതിവിവേചനത്തിന്റെ ആൾരൂപമാണെന്ന് സ്വയം വിനിമയം ചെയ്യുകയായിരുന്നു.

ഒരു വസന്തത്തിന്റെ ഇടിമുഴുക്കത്തിനായി യുവാക്കൾ സംഘടിച്ചു.അവർ മാവോയുടെയും സ്റ്റാലിന്റെയും ലെനിന്റെയും അവതാരങ്ങളായി കണ്ടു.ചാരു മജുംദാറും കനുസന്യാലും ഇടതുപക്ഷ രാഷ്ടിയത്തിലെ തീവ്രമുഖത്തിന്റെ ധാരകളായി.ഫ്യൂഡലിസ്റ്റുകളുടെ അധീശശക്തിക്കുമുന്പിൽ അടിമകളായി കഴിഞ്ഞിരുന്ന നിത്യ ദരിദ്രരായ മനുഷ്യരെ മോചിപ്പിക്കുന്ന ഒരു വിപ്ലവം സ്വപ്‌നം കണ്ടുണർന്നവർക്ക് അവർ ചാലക ശക്തിയായി.ബീഗിൾ കിസാൻന്റേത് എന്ന കർഷക തൊഴിലാളിയുടെ കുടികിടപ്പ് അവകാശം നിഷേധിച്ച ജന്മിയെ വകവരുത്തികൊണ്ട് തുടങ്ങിയ നക്‌സൽ ബാരി കലാപം( 25 May 1967)രാജ്യത്തുടനീളം അലയടിക്കുകയായിരുന്നു.പുരോഗമന ചിന്താഗതിക്കാരായ കലാകാരന്മാരും ബുദ്ധിജീവികളും അണിനിരന്നിരുന്നു.

ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി നടത്തിയ കലാപം.അവസാനം ആർക്കും ഒന്നും കിട്ടിയില്ല. പക്ഷെ മെരുക്കാനാകാത്ത പ്രകൃതിയിലും കഠിനമായ ജീവിത സാഹചര്യങ്ങളോട് മല്ലിടുന്ന മനുഷ്യരുടെ യാതനകളാണ് വിപ്ലവത്തിലൂടെ പുറത്തു വരിക.അപരിണിതമായ മുതലാളിത്ത ഫ്യൂഡൽ പാതയിൽ തന്നെയാണ് ഈ പ്രദേശങ്ങൾ. ഭൂപരിഷ്‌കരണം വഴി ഭൂമികിട്ടിയ പല കർഷകരുടെയും ഭൂമി ക്രമേണ പഴയ ഭൂവുടമകളിലേയ്ക്ക് തന്നെ തിരിച്ചെത്തി.സ്വന്തം ഭൂമിയുടെ അവകാശത്തെയും അതിരുകളെയും കുറിച്ചുള്ള തർക്ക വിതർക്കങ്ങളിൽ അവസാനം ഭൂമി നഷ്ടപ്പെട്ടവർ  സാമൂഹ്യ ശ്രേണിയിലൂടനീളം അവഹോളനങ്ങൾക്ക് വിധേയമായി ജീവിക്കുന്നു.ജീവിതത്തിൽ വല്ലപ്പോഴുമുണ്ടാകുന്ന വസന്തത്തിന്റെ ഓർമ്മകളുണർത്തുന്ന ഒരു ലാഞ്ഛന പോലും അവരിലില്ല.അഗാധമായി കരയുന്ന മനുഷ്യരുടെ രോദനങ്ങൾ  ആന്തരികമായ നിശബ്ദദയിൽ മാത്രം അണഞ്ഞില്ലാതെയാക്കുന്നത്  ജീവിതത്തിന്റെ തന്നെ വിരോധാഭാസമായിരിക്കാം.

നക്‌സൽ ബാരി ഒരു വൈകാരിക ഓർമ്മയായി നഷ്ടബോധം പേറുന്നവർ എല്ലാവർഷവും മെയ് 25ന് ഒത്തുകൂടുന്നു. മാവോയുടെ ആരാധകരായ അവർ ലോകത്തിന്റെ ഏതുഭാഗത്തായാലും അവിടെയെത്തി പഴയകാല ഓർമ്മകൾ അയവിറക്കികൊണ്ടിരിക്കും.വിപ്ലവത്തിന്റെ സ്മൃതികളെപ്പറ്റി കാല്പനികതയുടെ മൂടുപടത്തിൽ കഥകളെഴുതി ഉപജീവനം നടത്തുന്ന തീവ്ര ഇടതു ബുദ്ധിജീവികൾ കൊൽക്കത്തയിലെ പഴഞ്ചൻ ഫ്‌ളാറ്റുകളിൽ ഇപ്പോഴും ഏകാന്തവാസത്തിലാണ്.

കനുസന്യാലിന്റെ ഗ്രാമത്തിന്റെ ഒരു നേർചിത്രം കാണാനുള്ള ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അവിടേയ്ക്കുള്ള ചെളിനിറഞ്ഞ വഴികളിലൂടെ ഞങ്ങൾ നടന്നു.ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ സെബു ദെല്ല എന്ന ഗ്രാമത്തിലെത്തിച്ചേർന്നു.
തകിട് മേഞ്ഞ ഒരു ഒറ്റമുറി വീട്. ഒരു കാലത്തു് മാവോയിസ്റ്റ്  അനുയായികളാൽ ആദരിക്കപ്പെട്ടിരുന്ന കനുസന്യാൽ സകല പ്രതീക്ഷകളും നഷ്ടമായി സ്വന്തം കുടിലിൽ ഒന്നുമില്ലാതെയായി വിഷാദം മൂർച്ഛിച്ച ഒരു രാവിലെ( 23 March 2010) ആത്മഹത്യ ചെയ്യുകയായിരുന്നു.

അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ തൊട്ടടുത്ത വീട്ടിൽ സമ്മേളിച്ചു കൊണ്ടിരുന്ന ആറോളം പേർ സൗഹൃദ മാനത്തോടെ അരികിലേയ്ക്ക് വന്നു.അവർ ഞങ്ങളെ അവരുടെ കുടിലിലേയ്ക്ക് ക്ഷണിച്ചു.ആ വീടിന്റെ ചുവരിൽ മോവോ, മാർക്‌സ് ലെനിൻ, കനുസന്യാൽ, ചാരു മജുംദാർ എന്നിവരുടെ ഫോട്ടോകളും രാഷ്ട്രീയ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു.

'വിസ്തൃതമായ ഇവിടത്തെ ഊഷര ഭൂമികളിൽ അവശേഷിക്കുന്നത് പ്രതീക്ഷകൾ മാത്രമാണ്' അവർ പറഞ്ഞു:

'നക്‌സൽ ബാരി സായുധ വിപ്ലവം കൊണ്ട് നിങ്ങൾ എന്തുനേടി'? ഞാൻ ചോദിച്ചു.

'മനുഷ്യത്വ ഹീനവും അസംബന്ധവുമാണെന്നു ഇന്ന് വിമർശിക്കുന്നുണ്ടെങ്കിലും നക്‌സൽ ബാരി സായുധ വിപ്ലവം ഉജ്ജ്വലമായൊരു മുന്നേറ്റമായിരുന്നു.വിപ്ലവ നേതാക്കൾ ആയാസരഹിതവും ഉന്മേഷപ്രദവുമായ ഒരു ജീവിതത്തെ സ്വപ്‌നം കാണാൻ ഞങ്ങൾക്ക് അവസരം നൽകി.പ്രതീക്ഷയുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ. ഭാവിയെക്കുറിച്ചു ആശയസംഹിതയും കാഴ്ചപ്പാടും അവർക്കുണ്ട്.ഭാവിയിലും ജനങ്ങൾ സ്വയം വിപ്ലവത്തിനിറങ്ങും മുതലാളിത്തം അതിനുള്ള സാഹചര്യങ്ങൾ എല്ലാകാലത്തും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.'

അവരുടെ നിഷ്‌ക്കളങ്കമായ ആ മറുപടി കമ്യൂണിസ്റ്റ് വിശ്വാസത്തിന്റെ പരിമിതിയാന്നെന്ന് അറിയുമ്പോഴും നമ്മൾ വല്ലാത്ത ഒരു വിഷമ വൃത്തത്തിൽ പെട്ടുപോവുകയാണ്.മനുഷ്യരെ സ്വച്ഛയെ നിയന്ത്രിക്കാനും പുനർനിർമ്മിക്കാനും ഉതകുന്ന സാങ്കേതിക വിദ്യകളുടെ ഈ ലോകം തിരിച്ചറിയാനാവാത്ത വിധം മാറികൊണ്ടിരിക്കുകയാണെന്ന ബോധമില്ലാത്ത മനുഷ്യരുടെ പരിവേദനങ്ങൾ .

നക്‌സൽ ബാരിയിലെ വിപ്ലവകാരികളിൽ പലരും കാലവശേഷമായി. കനുസന്യാലിനോടൊപ്പം മോവോസോതുങ്ങിനെ കാണാനായി കാൽനടയായി വേഷം മാറി ചൈനയിലേയ്ക്ക് പോയ ഖോകൻ മജുംദാർ എന്ന പേരുള്ള വിപ്ലവകാരി തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞ ഞങ്ങൾ അവിടേയ്ക്ക് നടന്നു.

നക്‌സൽ ബാരിയിലെ ഖേംച്ചിയിലെ സി.പി.ഐ (എം.എൽ)ജനശക്തിയുടെ ഓഫീസിലെത്തി,അവിടെയാണ് ഖോകൻദാദയുടെ താമസം.കൃശഗാത്രനായ ഒരു മനുഷ്യൻ ദൈനംപിടിച്ച മുഖഭാവം, കണ്ണുകളിൽ തീക്ഷ്ണമായ തിളക്കമുണ്ട്.അദ്ദേഹം അത്രയ്‌ക്കൊന്നും സുഖപ്രദമായ അവസ്ഥയിലായിരുന്നില്ല.

'മുജിബാർ റഹ്മാൻ, ദീപക് ബിശ്വാസ്, ഖുദാൻ മല്ലിക്, കനു സന്യാൽ എന്നിവരുമായി ചേർന്ന് മാവേയെകാണാനുള്ള ചൈനയിലേക്കുള്ള യാത്ര അതീവസാഹസികമായ ഒരനുഭവമായിരുന്നു'. ഖോകൻ മജുംദാർ പറഞ്ഞു.

''നിങ്ങൾ എങ്ങനെയാണ് ചൈനയിലെത്തിയത്?''

'ആദ്യം ഞങ്ങൾ പാകിസ്ഥാൻ അതിർത്തി കടന്ന് അവരുടെ സഹായം ചോദിച്ചു. അവർ നിരസിച്ചു. അവർക്ക് ഞങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു. ഞങ്ങൾ നേപ്പാളിലേക്ക് പോയി, അവിടെ നിന്ന് ടിബറ്റ് വഴി ചൈനയിലേക്ക് പ്രവേശിച്ചു, മിക്കവാറും കാൽനടയായി. '

ചൈനക്കാർക്ക് തുടക്കത്തിൽ സംശയമുണ്ടെന്നും കർശന ജാഗ്രത പാലിച്ചതായും ഖോകൻ മജുംദാർ ഓർക്കുന്നു . എന്നാൽ പിന്നീട് ഞങ്ങൾ ശരിക്കും നക്‌സൽബാരി പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണെന്ന് ബോധ്യപ്പെട്ടു - ബീജിംഗ് റേഡിയോ 'സ്പ്രിംഗ് തണ്ടർ'(വസന്തത്തിന്റെ ഇടിമുഴക്കം) എന്ന് നക്‌സൽ ബാരി വിപ്ലവത്തെ വിശേഷിപ്പിച്ചിരുന്നു - അവർ ഞങ്ങളെ അന്തരാഷ്ട അതിഥികളായി സ്വീകരിച്ചു.

''മാവോയുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരുന്നു?''

''ഒരു ദിവസം ഞങ്ങളെ ഒരു വട്ടമേശ മീറ്റിങ് സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. ചൈനീസ് കമ്യൂണിസ്‌റ് പാർട്ടിയുടെ ഉന്നത കക്ഷികളും സൈനിക നേതാക്കളും അവിടെ സന്നിഹിതരായിരുന്നു. പക്ഷേ, അവരിൽ മാവോയെ തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പിന്നെ, ആതിഥേയരിൽ ഒരാൾ ഞങ്ങളെ തൊട്ടടുത്തുള്ള ഒരു പൂന്തോട്ടത്തിലേയ്ക്ക് കൊണ്ടുപോയി. ആ മനുഷ്യൻ ചിരിച്ചുകൊണ്ട് ഞങ്ങളുമായി കൈ കുലുക്കി. പരിചയപ്പെടുത്തി.അത് മാവോസെതുങ് ആയിരുന്നു.

'' മൂന്നുമാസം അവിടെ താമസിച്ചു, രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും ഗറില്ലാ യുദ്ധത്തിലും പരിശീലനം നേടി.'' പക്ഷേ,
''ചൈനർ ചെയർമാൻ അമാഡർ ചെയർമാൻ' (ചൈനയുടെ ചെയർമാൻ ഞങ്ങളുടെ ചെയർമാൻ) എന്ന മുദ്രാവാക്യത്തിൽ മാവോ അസ്വസ്ഥനായിരുന്നു. അത് തെറ്റാണെന്നും രാഷ്ട്രീയമായി പക്വതയില്ലാത്തതാണെന്നും മാവോ പറഞ്ഞു. ഞങ്ങൾ വളരെ നിരാശരായി '

ഞങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി മാവോയുടെ അഭിപ്രായം ചാരു മജുംദാറിനെ അറിയിച്ചപ്പോൾ അദ്ദേഹം ഖിന്നനായി . മാവോ ഞങ്ങൾക്ക് ഓരോരുത്തർക്കും ഒരു സിഗാർ നൽകിയിരുന്നു . ഞാൻ അത് ഒരു മെമന്റോ ആയി സംരക്ഷിച്ചു. ചാരു ബാബുവിനെ ആശ്വസിപ്പിക്കാൻ ഞാൻ അത് അദ്ദേഹത്തിന് സമ്മാനിച്ചു.

മാവോയിസം ഇന്നും പ്രസക്തമാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:

''അക്കാലത്തെ ഞങ്ങളുടെ ഉത്സാഹവും പ്രതിബദ്ധതയും ചോദ്യം ചെയ്യാനാവില്ല. ഇന്ത്യയിൽ മാവോയിസത്തിന് ചെറിയ വിജയങ്ങളും ശക്തമായ പാരമ്പര്യവുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാവോയിസ്റ്റുകൾക്ക് ഇന്നും അനിഷേധ്യമായ സാന്നിധ്യമുണ്ട്' 

കനു സന്യാലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തിന് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇടറിയ സ്വരത്തിൽ പറഞ്ഞ ആ മനുഷ്യന്റെ ശബ്ദത്തിലെ ആർദ്രതയും വ്യഥയും ഞങ്ങളെ നിശ്ശബ്ദരാക്കി.

ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അസ്ഥിര സന്തുലനം നഷ്ടപെട്ട ഗ്രാമ ഘടന.രോഗഗ്രസ്തവും അസുന്തഷ്ടവുമായ ആ ഗ്രാമം പ്രതിഷേധത്തിന്റെയും കലാപത്തിന്റെയും ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്നും സമ്പന്നരുടെ പരിഗണകളെ ആശ്രയിച്ചു കഴിയുന്ന മനുഷ്യർ തങ്ങളുടെ വിപ്ലവാഭിനിവേശത്തെ അതിജീവിക്കുകയാണ്.തങ്ങളെ എതിർക്കുന്നവർ വർഗ്ഗ ശത്രുവാണെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നുള്ള വിചാരങ്ങൾ എല്ലാത്തരം കലാപങ്ങൾക്കും ധാർമിക സ്വാന്തനം നൽകുമ്പോഴും മനുഷ്യ പരിവേദനകൾക്ക് എല്ലാ ദിശകളിൽ നിന്നും ഒരേപോലെയുള്ള ശബ്ദങ്ങളായിരുന്നു.

English Summary : a day with a maoist travelogue by prasad amorRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter