
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എബ്രിഡ് ഷൈൻ തന്നെ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം വരുന്ന വിവരം പുറത്തുവിട്ടത്. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുന്നത്.
മഹാവീര്യറിന്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള വാർത്താ കുറിപ്പിൽ പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു 2ന്റെ പേരുള്ളത്. താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങൾ.
സാധാരണ സിനിമകളിൽ കാണുന്ന പൊലീസ് കഥാപാത്രങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളിയുടെ ബൈജു പൗലോസ്. എബ്രിഡ് ഷൈനും നിവിനും ഒരുമിച്ച് ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
English Summary : action hero biju second part announced
Tags : action hero biju 2 nivin pauly