ACS Technology

News

ബെസോസും ബഹിരാകാശത്തെത്തി; വരുന്നത് ബഹിരാകാശ ടൂറിസത്തിലെ കിടമൽസരത്തിന്റെ നാളുകൾ

Trending

ബ്രാൻസന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ജെഫ് ബെസോസും ബഹിരാകാശത്തെ തൊട്ട് മടങ്ങിയെത്തി. ബഹിരാകാശ ടൂറിസമെന്ന പുതിയ ബിസിനസിലെ മൽസരത്തിൽ ഇതോടെ ബ്രാൻസന്റെ വിർജിൻ ഗാലക്ടിക്കും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിലായി. 
ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്. എവിടെയും പിഴച്ചില്ല, 10 മിനിറ്റ് 21 സെക്കൻഡിൽ എല്ലാം ശുഭം. 7 മിനിറ്റ് 32-ാം സെക്കൻഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ്പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25-ാം സെക്കൻഡിൽ ക്രൂ ക്യാപ്‌സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21-ാം സെക്കൻഡിൽ ക്യാപ്സൂൾ നിലംതൊട്ടു
ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവരുന്നത്. 
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നു വിശേഷിപ്പിക്കാവുന്നവരും സംഘത്തിലുണ്ടായിരുന്നു.(ഇവരെ പൂർണതോതിൽ ബഹിരാകാശ യാത്രികരായി ബഹിരാകാശ ഗവേഷകരോ സംഘടനകളോ അംഗീകരിക്കുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.ഭൂമിയുടെ ചുറ്റുമുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ചവരെയാണ് ഇതുവരെ ബഹിരാകാശയാത്രികർ എന്ന ഗണത്തിൽ പെടുത്തിയിട്ടുള്ളത്. ബ്രാൻസനും ബെസോസും സഹയാത്രികരും നടത്തിയത് സബ്ഓർബിറ്റൽ യാത്രകളായിരുന്നു.യഥാർഥത്തിൽ ഇവർ ബഹിരാകാശത്തിന്റെ അതിർത്തിവരെ എത്തി ഭൂമിയെ കണ്ടു മടങ്ങുകയാണ് ചെയ്തത് എന്നാണ് നീൽ ഡിഗ്രാസ് ടൈസണെ പോലുള്ള ശാസ്ത്രജ്ഞർ പറയുന്നത്. ) യാത്രികകരെല്ലാം സുരക്ഷിതരാണ്. കയ്യടികളോടെ ആണ്  ലോകം നാലു പേരെയും സ്വീകരിച്ചത്.  2000ത്തിൽ ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിൻ സ്‌പേസ് കമ്പനിക്ക് ഇതു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമായി.

പക്ഷേ ആദ്യ സ്‌പേസ് ടൂറിസ്റ്റ് ഡെന്നിസ് ടിറ്റോ!! (റിച്ചാർഡ് ബ്രാൻസൻ അല്ല)
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ലോകത്തെ ആദ്യ സ്‌പേസ് ടൂറിസ്റ്റ്  ബ്രാൻസനോ ബെസോസോ അല്ല എന്നതാണ് സത്യം. അതിന്റെ റിക്കോർഡ് ഡെന്നീസ് ടിറ്റോ എന്ന വൻ ബിസിനസ്‌കാരനാണ്. മാത്രമല്ല ബ്രാൻസനും ബെസോസും നടത്തിയതു പോലെ ബഹിരാകാശാത്തിന്റെ വക്കുവരെയെത്തി മടങ്ങിയ ചെറുകിട യാത്രയായിരുന്നില്ല എൻജിനീയർ കൂടിയായ ടിറ്റോ നടത്തിയത്. റഷ്യൻ ഫെഡറൽ സ്‌പേസ് ഏജൻസിക്ക് 20 മില്യൺ ഡോളർ നൽകി പേരുകേട്ട സോയൂസ് ബഹിരാകാശ വാഹനത്തിൽ ആണ് 2001ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഡെന്നിസ് ടിറ്റോ യാത്ര ചെയ്തത്.കഷ്ടിച്ച് നൂറു കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തിന്റെ അതിർത്തിയിൽ വരെ മാത്രം എത്തി ഭൂമിയെ ഭ്രമണം ചെയ്യാതെ മിനുട്ടുകൾ മാത്രം നീളുന്ന സബ്ഓർബിറ്റൽ യാത്രയായിരുന്നു ബ്രാൻസന്റേയും ബെസോസിന്റേയും എങ്കിൽ നാനൂറ് കിലോമീറ്ററോളം ഉയരത്തിൽ യഥാർഥ ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഏഴു ദിവസവും ഇരുപത്തിരണ്ടു മണിക്കൂറും നാലു മിനിട്ടും ഡെന്നീസ് ടിറ്റോ ചിലവഴിച്ചു.തികച്ചും ലക്ഷണമൊത്ത ബഹിരാകാശയാത്ര.

ബഹിരാകാശത്ത് 'പുലി' സ്‌പേസ് എക്‌സ് തന്നെ

സ്വകാര്യ ബഹിരാകാശ കമ്പനികളിൽ പക്ഷേ സാങ്കേതിക വിദ്യാപരമായി ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത് ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് ആണ്. എന്നാൽ ബഹിരാകാശ ടൂറിസത്തിലല്ല നാസയ്ക്ക് വേണ്ടിയുള്ള വമ്പൻ ബഹിരാകാശ ദൗത്യങ്ങളിലാണ് സ്പേസ് എക്സ് പ്രവർത്തിക്കുന്നത്. ഹെവി ലിഫ്റ്റ് ശേഷിയുള്ള പടുകൂറ്റൻ റോക്കറ്റുകളും ഏറ്റവും ആധുനികമായ പുനരോപയോഗ ശേഷിയുള്ള റോക്കറ്റുകളും ഒക്കെ ഇതിനകം തന്നെ സ്പേസ് എക്സ് വികസിപ്പിച്ചു കഴിഞ്ഞു.
 

English Summary : Jeff Bezos back on earth after 10-min flight to space on Blue Origin's New Shepard spacecraftRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter