ACS Technology

News

അറബ് ലോകത്ത് മഞ്ഞുരുക്കം

Editors Pick

അകൽച്ചയുടെ കാർമേഘങ്ങൾ നീങ്ങി, തെളിഞ്ഞ അന്തരീക്ഷം കൈവന്നിരിക്കുകയാണ് 'അൽഉല' ജി സി സി ഉച്ചകോടിയോടെ അറബ് ലോകത്ത്. ആറംഗ രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കാനും ഐക്യവും കെട്ടുറപ്പും ശക്തമാക്കാനുമുള്ള ധാരണയിലാണ് സഊദിയിലെ അൽഉലയിൽ ചൊവ്വാഴ്ച കൂടിയ 41ാമത് ഗൾഫ് രാഷ്ട്ര കൗൺസിൽ പിരിഞ്ഞത്. ഖത്വറിനെതിരെ നാല് ജി സി സി രാജ്യങ്ങൾ 2017 ജൂൺ അഞ്ചിന് പ്രഖ്യാപിച്ചതും മൂന്നര വർഷത്തോളമായി തുടർന്നുവരുന്നതുമായ ഉപരോധം പിൻവലിക്കുകയും കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കുകയും ചെയ്തു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനി, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്‌മദ് അൽജാബിർ അൽസബാഹ്, യു എ ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്‌മൂദ് അൽസൈദ്, ജി സി സി സെക്രട്ടറി ജനറൽ നായിഫ് ഫഹദ് മുബാറക് അൽഹജ്റാഫ് എന്നിവർ ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന കരാറിൽ ഒപ്പ് വെക്കുകയുണ്ടായി.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഖത്വറിനെതിരെ ഉപരോധമേർപ്പെടുത്തുന്നതിന് ചൂണ്ടിക്കാണിക്കപ്പെട്ട കാരണം. മുസ്ലിം ബ്രദർഹുഡിനെ പിന്തുണക്കുന്നു, തുർക്കിയുമായി സൈനികതലത്തിൽ സഹകരിക്കുന്നു, അൽജസീറ ചാനൽ അമേരിക്കൻ ചാരസംഘടനക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി സഊദി അറേബ്യ, യു എ ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. ഉപരോധം അവസാനിപ്പിക്കാനും ഭിന്നത പരിഹരിക്കാനും അന്നു തൊട്ടേ കുവൈത്തും അടുത്ത കാലത്തായി യു എസും ശ്രമം നടത്തിവരികയായിരുന്നു. കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് ഉപരോധം പിൻവലിക്കാൻ തീരുമാനമായത്.

ഐക്യം പുനഃസ്ഥാപിക്കുന്നതിൽ അമേരിക്കയും പങ്ക് വഹിച്ചിട്ടുണ്ട്. ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയർ ഉപദേശകനുമായ കുഷ്നെർ ജി സി സി രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് നിരന്തരം ചർച്ച നടത്തിയിരുന്നു. അറബ് ലോകത്തെ ഐക്യം പുലർന്നു കാണുകയെന്നതിലുപരി അമേരിക്കയുടെയും ട്രംപിന്റെയും ചില നിക്ഷിപ്ത താത്പര്യങ്ങളായിരുന്നു ഇതിനു പിന്നിൽ. ഖത്വർ ഉപരോധം മൂലം അമേരിക്കൻ കമ്പനികൾക്കുണ്ടായ നഷ്ടങ്ങൾ കാണിച്ച് ട്രംപിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രചാരണം നടത്തിവന്ന സാഹചര്യത്തിൽ ഈ ആരോപണത്തെ മറികടക്കാനും അറബ് ഐക്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ നേട്ടമായി ചൂണ്ടിക്കാണിക്കാനുമായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്വർ- സഊദി ഭിന്നത ഇറാനെതിരെ ഉയർന്നുവന്ന അറബ് സഖ്യത്തെ ദുർബലപ്പെടുത്തുമെന്നും അത് ഇറാന് ഗുണകരമായി ഭവിക്കുമെന്നും ആശങ്കയുമുണ്ടായിരുന്നു ട്രംപിന്. ഉപരോധത്തെ തുടർന്ന് ഖത്വർ വിമാനങ്ങൾ മുഴുവൻ ഇറാൻ വ്യോമപാത വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇത് ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നു. ഇതും അമേരിക്കൻ ഇടപെടലിന് കാരണമായി.

തുടക്കത്തിൽ കടുത്ത ഉപാധികളാണ് ഉപരോധം നീക്കുന്നതിന് സഊദിയും സഖ്യ രാഷ്ട്രങ്ങളും മുൻവെച്ചത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്വർ പരിമിതപ്പെടുത്തുക, ഇറാൻ റെവല്യൂഷനറി ഗാർഡ് അംഗങ്ങളെ പുറത്താക്കുക, അൽജസീറ ചാനൽ സംപ്രേഷണം നിർത്തുക, തുർക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക, അയൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുന്നത് അവസാനിപ്പിക്കുക, മുസ്ലിം ബ്രദർഹുഡ്, ഹിസ്ബുല്ല, അൽഖാഇദ, ഐ എസ് തുടങ്ങിയ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്വറിന്റെ നയങ്ങൾ മൂലം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു മധ്യസ്ഥനായ കുവൈത്ത് അമീറിന് സമർപ്പിച്ച ആവശ്യങ്ങളുടെ പട്ടികയെന്ന് റോയിട്ടേഴ്സ്, എ പി ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു. കുവൈത്തും അമേരിക്കയും നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് അവരുടെ നിലപാടിൽ അയവുവന്നത്.

2017ലെ ഉപരോധ പ്രഖ്യാപനത്തിനു ശേഷമുള്ള മൂന്നാമത്തെ ജി സി സി ഉച്ചകോടിയാണ് അൽഉലയിൽ ചൊവ്വാഴ്ച നടന്നത്. മറ്റു രണ്ടെണ്ണത്തിലും ഖത്വർ പങ്കെടുത്തിരുന്നില്ല. ഉപരോധം അവസാനിച്ചുവെങ്കിലും ഇതിലേക്ക് നയിച്ച വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. ഗൾഫ് ഐക്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സുസ്ഥിരതക്കും ക്ഷേമത്തിനുമായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന യു എ ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശിന്റെ പ്രസ്താവന ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡിനോടുള്ള സമീപനം ഇതിലൊരു മുഖ്യ വിഷയമാണ്. ഈ സംഘടനക്ക് ഈജിപ്ത് ഉൾപ്പെടെ പല അറബ് രാഷ്ട്രങ്ങളിലെയും ആഭ്യന്തര കലാപങ്ങളിലും രക്തച്ചൊരിച്ചിലിലും പങ്കുണ്ട്. ബ്രദർഹുഡിന്റെ ചിന്തകളും രചനകളുമാണ് സമീപ കാലത്തായി ഉദയം ചെയ്ത പല തീവ്രവാദ സംഘടനകളുടെയും ആശയാടിത്തറ. അറബ് ലോകത്തിന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണെന്ന് കണ്ട് പല അറബ് രാജ്യങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ സംഘടനയോട് ഖത്വറും അകൽച്ച പാലിക്കണമെന്നാണ് സഊദി സഖ്യ രാഷ്ട്രങ്ങളുടെ ആവശ്യം. ഇക്കാര്യങ്ങളൊക്ക സൗഹൃദപരമായ ചർച്ചയിലൂടെ പരിഹരിക്കാനാണ് അവരുടെ തീരുമാനം.

അറബ് രാഷ്ട്രങ്ങളുമായി അടുത്ത സൗഹൃദമാണ് ഇന്ത്യക്കുള്ളത്. പുനരൈക്യത്തിലൂടെ അറബ് ലോകം കൂടുതൽ സുസ്ഥിരതയും ക്ഷേമവും കൈവരിക്കുന്നത് ഇന്ത്യക്കും പ്രവാസികൾക്ക് വിശേഷിച്ചും കൂടുതൽ ഗുണകരമാകുകയും നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്യും. ആഗോളതലത്തിൽ ഇസ്ലാമിനെതിരെ നടക്കുന്ന കരുനീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

English Summary : al ula agreementRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter