
ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രിയൻ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.
നേരത്തെ വിജയ് ചിത്രം ബീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് യുവനടിയായ അപർണ ദാസ് ശ്രദ്ധ നേടിയിരുന്നു.
ബീസ്റ്റ് പോലുള്ള വലിയ കാൻവാസിലുള്ള സിനിമയിൽ നിന്നും പ്രിയൻ ഓട്ടത്തിലാണ് പോലുള്ള താരതമ്യേന ചെറിയ കാൻവാസിലുള്ള ഒരു സിനിമയിൽ എത്തിയത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോൾ അപർണ. പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് പോപ്പർസ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അപർണ.
'എനിക്ക് ബീസ്റ്റിന് മുമ്പെ ഫസ്റ്റ് കോൾ വന്നത് പ്രിയൻ ഓട്ടത്തിലാണിലേക്കാണ്. ബീസ്റ്റ് വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആർടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വർഷങ്ങളായി സിനിമയിലുള്ള ആർടിസ്റ്റാണ് അദ്ദേഹം.
പക്ഷെ, എനിക്ക് ബീസ്റ്റിനെ പോലെത്തന്നെ അത്രയും പ്രധാനമാണ് ഈ സിനിമയും. കാരണം, ബീസ്റ്റിനകത്ത് ഞാൻ വരുമെന്നൊന്നും വിചാരിക്കാതെ ഇരുന്ന സമയത്ത്, കൊറോണ സമയത്ത് എനിക്ക് വന്ന ഒരു കഥാപാത്രമാണ് പ്രിയൻ ഓട്ടത്തിലാണ് സിനിമയിലേത്.
ബീസ്റ്റിനെക്കാളും ഞാൻ ഭയങ്കരമായി പ്രതീക്ഷ വെച്ചിരുന്ന ഒരു സിനിമയാണ് ഇത്. ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്പെഷ്യലായിരുന്നു. കുറച്ചുകൂടി ഇഷ്ടമുള്ളതായിരുന്നു ആ ക്യാരക്ടർ.
മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാൻ പറ്റും. ബീസ്റ്റ് എന്ന് പറയുന്ന സിനിമ റിയൽ ലൈഫിൽ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ്. ഇത് കുറേ റിലേറ്റ് ചെയ്യാൻ പറ്റുന്ന, ക്ലോസ് ടു ഹാർട്ട് ആയ ഒരു സിനിമയാണ്.
രണ്ട് സിനിമകളും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്,'' അപർണ ദാസ് പറഞ്ഞു.
English Summary : aparna das about the characters in beast and priyan ottathilanu