ACS Technology

News

ഐഫോൺ 13 സീരീസ് വിപണിയിലേക്ക്; പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി ആപ്പിൾ

Lifestyle

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 13 സീരീസ് പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോൺ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. സെറാമിക് ഷീൽഡ്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, നീല, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രൊഡക്ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോൺ 13 സീരീസ് വിപണിയിൽ എത്തുക. ട്വിൻ റിയർ ക്യാമറയോടൊപ്പം മികച്ച വാട്ടർ റെസിസ്റ്റ് പ്രത്യേകതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്സ് എന്നിവയാണ് മോഡലുകൾ.

ഐഫോൺ 13 മിനി / ഐഫോൺ 13- ഈ രണ്ട് ഫോണുകൾക്കും ഒരു പോലെയുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ ക്യാമറ സ്മാർട്‌ഫോണുകളാണിത്. പിൻഭാഗത്തെ ക്യാമറ മോഡ്യൂളിൽ ക്യാമറകൾ ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. 

എ15 ബയോണിക് ചിപ്പിന്റെ പിൻബലത്തിൽ മികച്ച പ്രവർത്തന വേഗവും, ബാറ്ററി ക്ഷമതയും ആപ്പിൾ ഉറപ്പുനൽകുന്നുണ്ട്.  മെച്ചപ്പെടുത്തിയ ഡ്യുവൽ ക്യാമറ സംവിധാനത്തിൽ എഫ് 1.6 അപ്പേർച്ചറുള്ള 12 എംപി വൈഡ് ക്യാമറ. എഫ് 2.4 അപ്പേർച്ചറിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 

വീഡിയോ റെക്കോർഡിങിനിടെ ഒന്നിലധികം സബ്ജക്ടുകളെ മാറി മാറി ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13 ക്യാമറയിലെ പുതുമ. 5ജി സൗകര്യം, ഐഫോൺ മിനിയിൽ ഐഫോൺ 12 നേക്കാൾ 1.5 മണിക്കൂർ അധികവും, ഐഫോൺ 13 ൽ 2.5 മണിക്കൂർ അധികവും ഊർജ ക്ഷമത ആപ്പിൾ ഉറപ്പുനൽകുന്നു.

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്-ട്രിപ്പിൾ ക്യാമറ സംവിധാനത്തോടെയാണ് ഐഫോൺ 13 ന്റെ പ്രോ പതിപ്പുകൾ എത്തിയിരിക്കുന്നത്. സെറാമിക് ഷീൽഡ് സംരക്ഷണത്തോടുകൂടിയുള്ള ഫോണിന് ഐപി 68 വാട്ടർ റെസിസ്റ്റൻസുണ്ട്. മാഗ്‌സേഫ് ചാർജിങ് പിന്തുണയ്ക്കും. 

ഗ്രാഫിക്‌സ് പ്രൊസസിങ് മുൻ പതിപ്പിനേക്കാൾ 50 ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ റെറ്റിന എക്‌സിഡി ആർ ഡിസ്‌പ്ലേയിൽ 1000 നിറ്റ്‌സ് ഉയർന്ന ബ്രൈറ്റ്‌നസ് ലഭിക്കും. ഉപയോഗത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് ക്രമീകരിക്കപ്പെടുന്ന പ്രോ മോഷൻ ഫീച്ചറും ഐഫോൺ 13 പ്രോ പതിപ്പുകളുടെ സവിശേഷതയാണ്. 

ഇന്ത്യയിൽ ഐഫോൺ 13 മിനിക്ക് 69,990 രൂപ, ഐഫോൺ 13ന് 79,990 രൂപ, ഐഫോൺ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോൺ പ്രോ മാക്സിന് 1,29,900 രൂപയും വിലവരും.

ഐ ഫോൺ 13 സീരീസിന് പുറമെ, ആപ്പിൾ വാച്ച് 7 സീരീസും പുറത്തിറക്കി. സീരീസ് 7 വാച്ചിൽ സൈക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഫീച്ചർ ഒരുക്കിയിട്ടുണ്ട്. പഴയ വാച്ചിനേക്കാൾ സ്‌ക്രീൻ വലുപ്പം കൂടുതലുണ്ട്. ഓഎസ് എട്ടിലാണ് പ്രവർത്തിക്കുക. ടൈപ്പ് ചെയ്യാമെന്നതും പ്രത്യേകതയാണ്. ആറ് സീരീസിനേക്കാൾ 20 ശതമാനം അധികം റെറ്റിന ഡിസ്പ്ലേയുണ്ട്. ബോർഡറുകൾ 40 ശതമാനം മെലിഞ്ഞ് ബട്ടനുകൾ വലിയതാക്കിയുണ്ട്. 

പുതിയ ഐപാഡും ഐ പാഡ് മിനിയും അവതരിപ്പിച്ചു. പുതിയ ഐ പാഡ് 20 ശതമാനം അധികം പെർഫോമൻസ് ഉറപ്പ് നൽകുന്നു. എ 13 ബയോണിക് പ്രൊസസർ, 12 മെഗാപിക്സൽ മുൻ ക്യാമറ എന്നിവയാണ് പ്രത്യേകത. 8.3 ഇഞ്ച് സ്‌ക്രീനിൽ പുതിയ ഐ പോഡ് മിനിയും ആപ്പിൾ അവതരിപ്പിച്ചു.

English Summary : apple introduce iphone 13 series mini ipad and apple watch



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter