
2020-'21 സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതൽ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2020-'21 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ വായ്പകൾ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആണ്.
34,402 കോടിരൂപയുടെ വായ്പകളാണ് തള്ളിയത്. യൂണിയൻ ബാങ്ക് 16,983 കോടി, പി.എൻ.ബി. 15,877 കോടി എന്നിങ്ങനെ എഴുതിത്തള്ളി. സ്വകാര്യമേഖലയിൽ 12,018 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് മുന്നിൽ. ഐ.സി.ഐ.സി.ഐ. ബാങ്കിനിത് 9,507 കോടിയും എച്ച്.ഡി.എഫ്.സി. ബാങ്കിന് 9,289 കോടി രൂപയുമാണ്.
2021 ഡിസംബർ 31-ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യബാങ്കുകളിലെ മൊത്തം നിഷ്ക്രിയ ആസ്തി. 2018 മാർച്ച് 31-നിത് 8.96 ലക്ഷംകോടി രൂപയായിരുന്നു. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാബാങ്കുകൾ 2019 സാമ്പത്തികവർഷം മുതൽ 2021 സാമ്പത്തികവർഷം വരെ കാലയളവിൽ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകൾ തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ മൂന്നു സാമ്പത്തികവർഷങ്ങളിലായി കൂടുതൽ വായ്പാത്തുക എഴുതിത്തള്ളിയത് എസ്.ബി.ഐ. ആണ്. ആകെ 1.46 ലക്ഷം കോടി രൂപ. പി.എൻ.ബി. 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂണിയൻ ബാങ്ക് 49,449 കോടിയും എഴുതിത്തള്ളിയത്.
English Summary : Banks write off Rs 2.02 lakh crore in FY21; Rs 10.7 lakh crore in last 7 years
Tags : banks write off indian banks