
രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യുടെ പഠന റിപ്പോർട്ട്. മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ആർ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് ഐഐടി ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. ജനുവരി 7 മുതൽ 13 വരെ 2.2 ആയി. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആർ വാല്യു 0.67 ഉം ഡൽഹിയിലേത് 0.98 ഉം കൊൽക്കത്തയിലേത് 0.56 ഉം ആണ്.
കൊൽക്കത്തയിലേയും മുംബൈയിലേയും ആർ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡൽഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു.
ഫെബ്രുവരി 1 മുതൽ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങൾ. ഞായറാഴ്ച 3,33,533 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകൾ കുറയുന്നുണ്ട്.
English Summary : Based on r-value ,IIT Madras's report concludes that covid intense outbreak reaches the end