തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കരുതെന്ന പൊതു വികാരം, മത്സരിക്കാൻ നിർബന്ധിതനായി; എ.എൻ.രാധാകൃഷ്ണൻ

  1. Home
  2. Politics

തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കരുതെന്ന പൊതു വികാരം, മത്സരിക്കാൻ നിർബന്ധിതനായി; എ.എൻ.രാധാകൃഷ്ണൻ

തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കരുതെന്ന പൊതു വികാരം, മത്സരിക്കാൻ നിർബന്ധിതനായി; എ.എൻ.രാധാകൃഷ്ണൻ


Politics

ഒരു കാരണവശാലും എൽഡിഎഫ് ജയിക്കരുതെന്ന പൊതു വികാരം തൃക്കാക്കരയിൽ യുഡിഎഫിന് ഗുണകരമായെന്ന് പറയുകയാണ് മുതിർന്ന നേതാവും സ്ഥാനാർഥിയുമായ എ.എൻ. രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനും ഇടതു പക്ഷത്തിനും എതിരെ പൊതുസമൂഹത്തിന്റെ വലിയ വികാരം തൃക്കാക്കരയിൽ ഉണ്ടായിരുന്നെന്നും ഒപ്പം പി.ടി. തോമസിന്റെ വിധവ എന്ന നിലയിൽ ഉമയോട് ആളുകൾക്ക് വലിയ സ്‌നേഹവും സഹതാപവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറിൽ' സംസാരിക്കുകയായിരുന്നു എ.എൻ. രാധാകൃഷ്ണൻ.

ബിജെപിക്ക് കിട്ടിവന്നിരുന്ന വോട്ടും പോയി എന്നതല്ലേ യാഥാർഥ്യമെന്ന ചോദ്യത്തിന് 

'ബിജെപിക്ക് ആകെ അവിടെ എണ്ണായിരം വോട്ടേ ഉള്ളൂ. ആ കേഡർ വോട്ടെല്ലാം എനിക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനു പുറമേ ലഭിക്കുമെന്നു വിചാരിച്ച വോട്ടുകൾ വന്നിട്ടില്ല. പിണറായി വിജയനോടുള്ള വിരോധമാണ് മണ്ഡലത്തിൽ ഉയർന്നു നിന്നത്. അങ്ങനെ ബിജെപിക്കു വരേണ്ട വോട്ടുകൾ ഞങ്ങൾക്കു കിട്ടാതെ വന്നു.' എന്നായിരുന്നു മറുപടി. തൃക്കാക്കര അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലമാണ്. മുക്കിനും മൂലയ്ക്കും അവർക്ക് കാര്യകർത്താക്കളുണ്ട്.

എന്നാലും ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'ഏറ്റവും കുറഞ്ഞത് 18,000 വോട്ടു ലഭിക്കുമെന്നാണ് വിചാരിച്ചത്. എൽഡിഎഫിന്റെ നേതാക്കൾ ഞങ്ങൾക്ക് 21,000 വോട്ട് അവിടെ ഉണ്ടെന്നെല്ലാം പറഞ്ഞും കേട്ടു. പ്രതീക്ഷയിൽ നിന്ന് വളരെ കുറഞ്ഞ വോട്ടാണ് കിട്ടിയത്. 
സംഘടനാപരമായി നല്ല കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചത്. എല്ലാ നേതാക്കളും താഴേത്തട്ടു വരെ ഇറങ്ങി പ്രവർത്തിച്ചു. അതേക്കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. അതുകൊണ്ടാണ് ഞങ്ങൾക്കെല്ലാം നല്ല ആത്മവിശ്വാസം ഉണ്ടായത്. പക്ഷേ അടിയൊഴുക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.'

ഉമ തോമസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി പിന്തുണ ചോദിച്ചത് ഏതെങ്കിലും രീതിയിൽ വോട്ടിൽ പ്രതിഫലിച്ചിട്ടുണ്ടോ എന്നതിന്,

'ആ ആക്ഷേപം തന്നെ വിവരക്കേടല്ലേ? അതു കൈരളി ചാനൽ ഉണ്ടാക്കിയ വിവാദമാണ്. ഇനി ഒരു ചർച്ച നടത്താൻ തീരുമാനിച്ചെന്ന് ഇരിക്കട്ടെ. ആരെങ്കിലും പരസ്യമായി പോയി അതു ചെയ്യുമോ? തലയ്ക്കകത്ത് ആൾതാമസമുള്ള ആരെങ്കിലും അങ്ങനെ വിചാരിക്കുമോ? ഇത് ഒരു മെട്രോപൊളിറ്റൻ നഗരമാണ്. ആ നിലയിലാണ് സ്ഥാനാർഥികളും പ്രവർത്തിക്കുന്നത്. പരസ്പരം കണ്ടെല്ലാം സംസാരിക്കാറുണ്ട്. സിഐടിയുക്കാരെ കണ്ടാൽ ഞാനും കെട്ടിപ്പിടിക്കാറുണ്ട്. അവരുടെ ഓഫിസിൽ പോകാറുണ്ട്. അതിന് അപ്പുറം ഒരു പ്രാധാന്യവും ഉമയുടെ ആ സന്ദർശനത്തിന് ഉണ്ടായിരുന്നില്ല.' 

ആ വിവാദം സിപിഎമ്മിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ഉയർത്തിക്കൊണ്ടു വന്നതാണ്. ജോ ജോസഫിന് ഒരു പണി ഇരിക്കട്ടെ എന്നു കരുതിക്കാണുമെന്നും എ.എൻ. രാധാകൃഷ്ണൻ പറയുന്നു.

പാർട്ടി ഓഫിസിൽ വച്ചല്ലേ സ്വന്തം സ്ഥാനാർഥിയെ ഇടതുമുന്നണി അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു, 

'ഒരു പ്രോഡക്ടിനെ അവതരിപ്പിക്കുമ്പോൾ അതു തികച്ചും പോസിറ്റീവ് ആയിട്ടല്ലേ ചെയ്യേണ്ടത്? ആശുപത്രിയിൽ വച്ചു പ്രഖ്യാപിച്ചതോടെ ക്രൈസ്തവ വിഭാഗത്തിന് ഇടയിലുള്ള പ്രശ്‌നങ്ങളിൽ ഒരു വിഭാഗത്തിന്റെ ഭാഗമായി അദ്ദേഹം മാറി.' 

ഒരു സാധ്യതയും ഇല്ലാത്ത സി ക്ലാസ് മണ്ഡലത്തിൽ മത്സരിക്കാൻ തയാറായ സാഹചര്യത്തെപ്പറ്റി അദ്ദേഹം വിശദമാക്കുന്നുണ്ട്. 

'പാർട്ടിയുടെ മണ്ഡലം സമിതിയും ജില്ലാ സമിതിയും സംസ്ഥാന സമിതിയും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും ഞാൻ ആദ്യം അതിനു തയാറായിരുന്നില്ല. കാരണം ഭേദപ്പെട്ട മണ്ഡലമായ മണലൂരാണ് ഞാൻ ഇപ്പോൾ മത്സരിക്കുന്നത്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ബിജെപിക്കും നിർണായകമായ ഒരു ഉപതിരഞ്ഞെടുപ്പാണ് ഇതെന്ന് പാർട്ടി എന്നോട് ചൂണ്ടിക്കാട്ടി. അതുകൊണ്ട് 'റിസ്‌ക്' എടുത്തു മത്സരിക്കണമന്ന് കോർകമ്മിറ്റി തന്നെ ആവശ്യപ്പെട്ടു. അങ്ങനെയാണ് അതിനു തയാറായത്. ഇതിൽ വ്യക്തി അല്ല, പാർട്ടിയാണല്ലോ പ്രധാനം. എത്ര കൂടിയാലും തൃക്കാക്കരയിൽ കിട്ടാവുന്ന വോട്ട് എത്രയായിരിക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കുണ്ടല്ലോ. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് മത്സരിച്ചത്. മറ്റാരെയെങ്കിലും നിർത്തണമെന്ന് ഞാനും പറഞ്ഞതാണ്. പക്ഷേ വലിയ മാറ്റത്തിനു സഹായിക്കും എന്ന പാർട്ടി നിർദേശം അനുസരിച്ച് സ്ഥാനാർഥിയാകാൻ തയാറായി.'

പാർട്ടിക്ക് അഭിമാനകരമായ വോട്ട് പിടിക്കുക എന്നു തന്നെയായിരുന്നു ലക്ഷ്യമെന്നും പക്ഷേ സിപിഎം വിരോധത്തിനും സഹതാപ തരംഗത്തിനും മുന്നിൽ ആ പണിയൊന്നും വിലപ്പോയില്ലെന്നും എ.എൻ.രാധാകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

പി.സി.ജോർജിന്റെ അറസ്റ്റ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നല്ലോ കണക്കുകൂട്ടൽ എന്ന ചോദ്യത്തിന്
അത് ഒരുപക്ഷേ കോൺഗ്രസിനായിരിക്കും ഗുണം ചെയ്തിരിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. 

'ശബരിമല വിഷയം ഉയർന്നു വന്നത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനല്ലേ പ്രയോജനം ചെയ്തത്?,' എ.എൻ.രാധാകൃഷ്ണൻ ചോദിക്കുന്നു. ജോർജിനെ ബിജെപിയുടെ കൂടെ നിർത്താനാണ് ഉദ്ദേശമെന്നും അദ്ദേഹം വളരെ ആത്മാർഥമായാണ് ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പിൽ നിന്നതെന്നും അദ്ദേഹം പറയുന്നു.

English Summary : bjp leader an radhakrishnan about thrikkakara bypoll and result