ACS Technology

News

ഞാൻ ഇന്നേ വരെ വർഗീയത പറഞ്ഞിട്ടില്ല, 'നേമം ഗുജറാത്ത്' എന്ന് പറഞ്ഞത് വികസനത്തിന്റെ ദൃഷ്ടിയിൽ; കുമ്മനം രാജശേഖരൻ

Politics

നേമം ഗുജറാത്താണ് എന്ന് താൻ ആവർത്തിച്ചു പറഞ്ഞത് വികസനത്തിന്റെ ദൃഷ്ടിയിലാണെന്നും എന്നാൽ അതിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന പ്രചാരണം തെറ്റാണെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. എംഎൽഎ ആയി പ്രവർത്തിച്ച ഒ.രാജഗോപാൽ കേന്ദ്ര സർക്കാർ സ്‌കീമുകൾ ഉൾപ്പെടെ ഉപയോഗിച്ച് 700 കോടിയുടെ വികസന പദ്ധതികൾ നേമത്ത് നടപ്പാക്കിയിരുന്നു. കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഗുജറാത്തിന്റെ വളർച്ചയാണ് ഞാൻ വിവരിച്ചത്. അങ്ങനെ ഒരു കുതിപ്പ് നേമത്തിന് ഉണ്ടാവണം എന്നാണ് ആഗ്രഹിച്ചതെന്നും കുമ്മനം പറഞ്ഞു. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത് നായരോട് ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാടിനെ സ്‌നേഹിക്കുന്ന, വികസനം കാംക്ഷിക്കുന്ന എല്ലാവരും അതു പ്രചോദനമായി കണ്ടാണു സ്വീകരിച്ചത്. പക്ഷേ വർഗീയത പറഞ്ഞു നടക്കാൻ ശ്രമിക്കുന്നവർ ഒരു ധ്രുവീകരണത്തിനുള്ള ആയുധമാക്കി അതിനെ മാറ്റി. ചില തെറ്റിദ്ധാരണകൾ അതുണ്ടാക്കി. പക്ഷേ തെറ്റു പറ്റിയെന്ന് കരുതുന്നില്ല. ഇനിയും ഞാൻ അങ്ങനെത്തന്നെ പറയും.' കുമ്മനം വ്യക്തമാക്കി. 

'ഞാൻ ഇന്നേ വരെ വർഗീയത പറഞ്ഞിട്ടില്ല. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളോട് വളരേയെറെ സൗഹൃദത്തിൽ കഴിയണമെന്ന് ആഗ്രഹിക്കുകയും അവരോടു സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തയാളാണ് ഞാൻ. പക്ഷേ എന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

നേമത്തെ തോൽവിക്കു നിരാശപ്പെടുത്തിയില്ലെന്നും അവിടുത്തെ വോട്ടർമാരിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു താമസം പോലും അവിടെ തുടരുകയാണെന്നും നേമത്തുതന്നെ കേന്ദ്രീകരിക്കാനാണ് തീരുമാനം. ജയവും തോൽവിയും എല്ലാം ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും പറയുകയാണ് അദ്ദേഹം

വർഗീയ വാദിയായി ചിത്രീകരിക്കപ്പെടുന്നതിനെ പറ്റിയുള്ള ചോദ്യത്തിന്, 'സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രീതി അതു തന്നെയാണ്. ഒരു കാര്യവും വസ്തുനിഷ്ഠമായല്ല അവർ വിലയിരുത്തുന്നത്. രാഷ്ട്രീയ മുതലെടുപ്പു നടത്താനായി പക്ഷപാതപരമായാണ് അവർ കാര്യങ്ങൾ ചിത്രീകരിക്കുന്നത്. എന്തെങ്കിലും ലാഭത്തിനായി പച്ചനുണ പ്രചരിപ്പിക്കുന്ന രീതി എനിക്കില്ല. തോറ്റാലും ജയിച്ചാലും ഞാൻ ഞാൻ തന്നെയാണ്. കാലം എല്ലാം ബോധ്യപ്പെടുത്തും. ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ലല്ലോ. ഇനിയും വരും. 'കുമ്മനം രാജശേഖരനെ തോൽപിക്കാനാണ് ഞങ്ങൾ മത്സരിക്കുന്നത്' എന്നായിരുന്നല്ലോ മുന്നണികളുടെ പ്രചാരണ രീതി. ആരു ജയിക്കണം എന്നല്ല, ആരു തോൽക്കണം എന്നതായിരുന്നു അവരുടെ പ്രശ്‌നം.' എന്നായിരുന്നു ഉത്തരം.

'ബഹുജനാടിത്തറ ഉള്ള പാർട്ടി ബിജെപിയാണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ഇടതുപക്ഷത്തിന്റെ വലിയ കാറ്റടിച്ചപ്പോൾ യുഡിഎഫിന് ഉണ്ടായ തകർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ വാസ്തവത്തിൽ ബിജെപിക്ക് തകർച്ച ഉണ്ടായില്ല. തളർച്ച ഉണ്ടായി, പക്ഷേ തകർച്ച സംഭവിച്ചിട്ടില്ല.' കുമ്മനം കൂട്ടിച്ചേർത്തു. 

സംസ്ഥാന പ്രസിഡന്റ് സ്ഥാനം പോയി, പിന്നീട് ഗവർണർ പദവി നഷ്ടപ്പെട്ടു വ്യക്തിപരമായി ഇതെല്ലാം നഷ്ടമല്ലേ എന്ന ചെദ്യത്തിന്. 'അതെല്ലാം നേട്ടമായിരുന്നു എന്നു വിശ്വസിക്കുമ്പോഴല്ലേ നഷ്ടം എന്നു തോന്നൂ. ആ സ്ഥാനമെല്ലാം ഒരു ജീവിതാഭിലാഷമായോ വിജയമായോ കണ്ടിരുന്നില്ല പദവി ആയിട്ട് കണ്ടിട്ടില്ല, ചുമതല ആയാണ് കണ്ടത്. പദവിയിൽ കടിച്ചു തൂങ്ങിയിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനോട് ഒരു അറ്റാച്ച്‌മെന്റ് ഉണ്ടാകും. ഞാൻ പൊതുവിൽ ഡിറ്റാച്ച്ഡ് ആണ്. ദിവസവും ഷർട്ടു മാറുന്നതുകൊണ്ട് ഞാൻ മാറുന്നില്ലല്ലോ.' അദ്ദേഹം വ്യക്തമാക്കി.

English Summary : bjp leader kummanam rajasekharan about nemom election result and bjp keralaRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter