
കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് കെവി തോമസിന് എതിരെ ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറുണ്ടാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. 2003ൽ കെവി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ആണ് മലേഷ്യൻ കമ്പനിയുമായി വിൽപനയ്ക്ക് കരാറുണ്ടാക്കിയത് എന്നാണ് ആരോപണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് കെവി തോമസ്. കഴിഞ്ഞ ദിവസം എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ്:
2003-ൽ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കെ.ടി.ഡി.സി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ കരാറുണ്ടാക്കിയിരുന്നു.
64 ആഢംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറിൽ ഏർപ്പെട്ടത്. ഈ കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു. ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചത്. കരാർ പ്രകാരം കെ ടി ഡി സി ക്ക് 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ് മറീന നിർമ്മാണത്തിന്റെ ചെലവ്. ബോൾഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി ഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സർക്കാർ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടത്.
2006 ൽ ഞാൻ കെടിഡിസി ചെയർമാൻ ആയപ്പോൾ ഈ കരാർ അവഗണിച്ചു കൊണ്ട് ഈ പ്രോജക്ട് കെ.ടി.ഡി സി യുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കി. നിർമ്മാണ ചുമതല ആഗോള ടെൻഡർ വിളിച്ച് ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരമാണ് ഷാർജയിലെ ഒരു കമ്പനിയെ ഏല്പിച്ചത്. കേന്ദ്ര സഹായത്തോടെയും ബാങ്ക് ലോൺ എടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി 32 ഡീലക്സ് മുറികളുള്ള മറീന ഹൗസും നിർമ്മിച്ചു , 2008 ൽ മറീനയ്ക്ക് മുഖ്യമന്ത്രി അച്ചുതാനന്ദൻ തറക്കല്ലിടുകയും 2010 ൽ പ്രതിരോധ മന്ത്രി എകെ ആന്റണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
English Summary : cherian phillip with allegations against kv thomas
Tags : cherian philip k v thomas allegations