ACS Technology

News

ലക്ഷ്യം സിവിൽ സർവീസ്; ചായ വിറ്റ് സ്വപ്‌നം സാക്ഷാത്കരിക്കാൻ സംഗീത

Trending

സിവിൽ സർവീസ് നേടിയെടുക്കാൻ കലൂർ സ്റ്റേഡിയത്തിൽ ചായ കച്ചവടം നടത്തുകയാണ് സംഗീത. എംകോം പൂർത്തിയാക്കിയ തമിഴ്നാട് തേനി സ്വദേശി സംഗീത ചിന്നമുത്തു രാവിലെ 6.40 മുതൽ ഒൻപതു മണിവരെയാണ് സ്റ്റേഡിയത്തിൽ ചായക്കച്ചവടം നടത്തുന്നത്. പ്രഭാത സവാരിക്കായി കലൂർ സ്റ്റേഡിയത്തിലെത്തുന്നവർ ലിങ്ക് റോഡിന് സമീപം ചായ വിൽക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു സാധാരണക്കാരി എല്ലാവരെയും പോലും ജീവിക്കാനായി ചായ വിൽക്കുന്നു എന്നാണ് അവർ കരുതിയത്. ഇടയ്ക്കു വന്ന് ചുടു ചായ ഊതിക്കുടിക്കുമ്പോൾ അവർ പഠിത്തത്തെക്കുറിച്ചും സംഗീതയോട് ചോദിക്കും. അപ്പോൾ കൂടുതൽ പഠിക്കാനാണ് ചായ വിൽക്കുന്നത് എന്ന് സംഗീത മറുപടി നൽകും. തൃശൂരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനു പോകാനൊരുങ്ങുകയാണ് സംഗീത. 

രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ അധ്വാനമെന്ന് സംഗീത പറയുന്നു. ഒന്ന് തന്റെ സ്വപ്നം നേടിയെടുക്കാൻ, രണ്ട് ജീവിത പ്രാരാബ്ദങ്ങളിൽ ഉലഞ്ഞുപോകാതെ തന്റെ കുടുംബത്തെ നിവർത്തി നിർത്താൻ. 'സിവിൽ സർവീസണ് അന്നും ഇന്നും മനസിലുള്ള സ്വപ്നം. ആ സ്വപ്നത്തിനും അപ്പുറം എന്റെയും കുടുംബത്തിന്റേയും പ്രാരാബ്ദങ്ങൾ വന്നപ്പോഴാണ് അച്ഛന് സഹായകമാകുന്ന തരത്തിൽ ഒരു ജോലി നോക്കിയത്. ഒരു കമ്പനിയിൽ അക്കൗണ്ടന്റായി കുറച്ചു നാൾ ജോലിക്കു പോയി. പക്ഷേ പഠിക്കാനുള്ള എന്റെ ഭൂരിഭാഗം സമയവും ആ ജോലി കവർന്നു. ശമ്പളവും തുച്ഛം. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന ആശയം മനസിലുദിച്ചത് എന്ന് സംഗീത പറയുന്നു. 

കഴിഞ്ഞ മാർച്ചിലായിരുന്നു കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പുറക് വശത്ത് സംഗീത ചായക്കച്ചവടം ആരംഭിക്കുന്നത്. സെന്റ് തെരാസസിൽ ബികോം കഴിഞ്ഞു നിൽക്കുകയായിരുന്നു. വീടിന്റെ കടബാധ്യത തീർക്കാനും മുന്നോട്ടുള്ള പഠനത്തിനുമായി പിതാവിന്റെ ഇസ്തിരിയിടുന്ന ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് കഴിയാതെ വന്നതോടെയാണ് ചായക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. സ്റ്റേഡിയത്തിൽ എന്നും നടക്കാൻ വരുന്നവർക്ക് ചായ വിൽക്കുക എന്നതായിരുന്നു ഉദ്ദേശം. കലൂർ സ്റ്റേഡിയത്തിലെ പുറകിലെ ലിങ്ക് റോഡിൽ രാവിലെയും വൈകുന്നേരവും കച്ചവടം. ചായക്കൊപ്പം വീട്ടിൽ വച്ച് സംഗീത തന്നെ കൈകൊണ്ടുണ്ടാക്കുന്ന കൊഴുക്കട്ട, മാമ്പഴ അട, നേന്ത്രൻ അട, മധുരക്കിഴങ്ങ് അട, സേമിയ അട, റാഗി അട, മാമ്പഴ ബോളി, ചക്കപ്പഴം ബോളി എന്നിങ്ങനെ പലഹാരങ്ങൾ വേറെയുമുണ്ട്.

തേനി സ്വദേശിയായ ചിന്നമുത്തുവിന്റെയും സംഗിളിയമ്മാളിന്റെയും മകളാണ് സംഗീത. ചിന്നമുത്തു 14ാമത്തെ വയസ്സിൽ കേരളത്തിലെക്ക് കുടിയേറിയതാണ്. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിയാണ് ചെയ്തിരുന്നത്. വലിയ കുടുംബമായിരുന്നു ചിന്നമുത്തുവിന്റെത്. ഒരുപാട് അംഗങ്ങളുള്ള ആ വലിയ വീടിന്റെ അടുപ്പെരിയാൻ വേണ്ടിയാണ് ഇവിടെയെത്തിയത്. പിന്നീട് ഭാര്യയെയും മക്കളെയും ഇവിടേക്ക് കൊണ്ടു വരികയായിരുന്നു. സംഗീതയുടെ വിദ്യാഭ്യാസം കൊച്ചിയിൽ തന്നെയായിരുന്നു. എസ്എസ്എൽസിയും പ്ലസ്ടുവുമൊക്കെ ഇവിടെ തന്നെ. ഡിഗ്രിക്ക് സെയിന്റ് തെരേസാസ് കോളജിലാണ് പഠിച്ചത്. ബികോമായിരുന്നു ഐച്ഛിക വിഷയം. പിജിക്ക് സ്വാഭാവികമായും എംകോമിലേക്ക് തിരിഞ്ഞു. ഇഗ്‌നൗവിൽ ഡിസ്റ്റന്റ് ആയിട്ടായിരുന്നു പഠനം. ചേട്ടൻ സുരേഷ് കോട്ടയത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

English Summary : civil service aspirant sangeetha selling tea at kochi nehru stadiumRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter