ACS Technology

News

മാസ്‌ക് ധരിക്കൽ ഒരനുഗ്രഹമായി കാണുന്നവർ

Editors Pick

ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ഭയാകുലനായിരുന്നു മധു. മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കി സംസാരിക്കാൻ കഴിയാത്ത അവന്റെ പ്രകൃതം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് കാരണമായിരുന്നു. ഏകാഗ്രതയില്ലാത്തവനും ആശങ്കയുള്ളവനുമാണെങ്കിലും അയാൾ നിരുപദ്രവകാരിയായിരുന്നു. ആരോടും പരിഭവങ്ങളും പരാതിയുമില്ല. പക്ഷെ ആളുകളോട് സംസാരിക്കുമ്പോൾ ശരീരം വിയർക്കൽ, വായ വരളുക, പരിഭ്രമിക്കുക എല്ലാം അയാൾ അനുഭവിച്ചുകൊണ്ടിരുന്നു. സ്വന്തം മുഖരൂപത്തിൽ അസ്വസ്ഥനായ മധു പൊതു സ്ഥലങ്ങളിൽ നിന്നും ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. എന്നാൽ രൂപത്തിനോടുള്ള അതൃപ്തി ഭീകരമായി അയാളെ അക്രമിച്ചുകൊണ്ടിരുന്നു. പൊന്തിയ പല്ലുകൾ, കരുവാളിച്ച കവിളുകൾ, പതിഞ്ഞ മൂക്ക് എല്ലാം അയാളുടെ പരിഭവങ്ങളായിരുന്നു. അപകര്ഷതാബോധവും അസ്വസ്ഥമായ ചിന്തകളും സങ്കടങ്ങളുമായി ജീവിക്കുന്ന മധു കഴിവതും ഉത്കണ്ഠ ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കി. വല്ലപ്പോഴും തീരെ നിവൃത്തിയില്ലാതെ പുറത്തിറങ്ങുമ്പോൾ മുഖം കുനിച്ചു, വിഷണ്ണനായി,അപരാധിയാണെന്ന് ചിന്തിച്ചു വിഷമം സഹിച്ചു ആ സാഹചര്യത്തെ നേരിട്ടു.

സാമൂഹ്യ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതുകൊണ്ട് മധു ഒറ്റപെട്ടു. അയാൾക്ക്‌ വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും ഇല്ലായിരുന്നു.സാമൂഹ്യ ഇടപെഴകലുകൾ ആവശ്യമായ സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കി അയാൾ ജീവിതം തുടർന്നു.

പക്ഷേ ഇന്ന് മധു സ്വസ്ഥനാണ്. അയാൾ മാസ്‌ക് ധരിച്ചു പുറത്തിറങ്ങുന്നു. ആൾക്കൂട്ടത്തിന്റെ ഇടയിലേയ്ക്ക് കടന്നുചെല്ലുന്നു. തന്റെ വികൃതമായ മുഖം ആരും കാണുന്നില്ല എന്ന ആശ്വാസത്തിലാണ്‌ മധു.മാസ്‌ക് ധരിച്ചുകൊണ്ട് ആൾകൂട്ടത്തിൽ തനിയെ നിൽക്കാനും, പൊതു സ്ഥലങ്ങളിലൂടെ നടന്നുപോകാനും അയാൾക്ക് കഴിയുന്നു. അയാൾക്ക്‌ പരിഭ്രാന്തിയില്ല, വായ വരളുന്നില്ല നെഞ്ചിടിപ്പ് കൂടുന്നില്ല. തനിക്ക് ഇപ്പോൾ ആശ്വാസവും സമാധാനവും ഉണ്ടെന്ന് മധുപറയുന്നു. മധുവിന്റെ വാക്കുകൾ:

"ഞാൻ ഒരിക്കലും കൊറോണ വൈറസിനെ ഭയക്കുന്നില്ല. മനുഷ്യരെയാണ് ഭയക്കുന്നത്. ആളുകൾ എന്റെ മുഖം കണ്ടാൽ മോശമായി കരുതും എന്നതാണ് എന്റെ ചിന്ത. മാസ്‌ക് ധരിക്കുന്നതുകൊണ്ട് ആരും എന്റെ മുഖം കാണുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസ് വന്നത്‌ നല്ലതിന്‌ മാത്രമാണ് ."

സ്വന്തം അപകര്ഷതാബോധത്തെ അതിജീവിക്കാൻ മധുവിന് സഹായകരമായ മാർഗ്ഗം മനഃശാസ്ത്രപരമായി പ്രാധാന്യമുള്ള ഒന്നല്ല. സ്വന്തം കുറവുകൾ അരക്കെട്ടുറപ്പിക്കുക മാത്രമാണ് അയാൾ ചെയ്യുന്നത്.

സ്വന്തം രൂപത്തോട് അതൃപ്തി തോന്നാത്തവർ വിരളമായിരിക്കും. ഒട്ടുമിക്ക ആളുകളെയും അപകർഷതാബോധം തളർത്തുകയാണ് ചെയ്യുക.അപകര്ഷതാബോധത്തെ അതിജീവിക്കാൻ പലരും വ്യത്യസ്തമായ മാർഗങ്ങളാണ് പിന്തുടരുന്നത്. ചിലർ സ്വന്തം കുറവുകളെ മറികടക്കാൻ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരവധി കഴിവുകൾ ആർജ്ജിക്കുന്നു. നേട്ടങ്ങൾ സ്വായത്തമാക്കിയവർ സ്വന്തം കുറവുകളെ കഴിവുകളാക്കി പരിവർത്തനപ്പെടുത്തിയവരാണ്.

മുൻവിധികൾ പലപ്പോഴും അപകര്ഷതാബോധത്തെ ശക്തമാക്കുന്നു. സ്വന്തം കുറവിൽ അടിസ്ഥാനമിട്ട അന്വേക്ഷണം കൊണ്ടെത്തിക്കുക മറ്റുള്ളവർ എല്ലാ രീതിയിലും തനിക്ക് മുന്നിലാണെന്നും താൻ എപ്പോഴും കുറഞ്ഞ ആളാണെന്നുള്ള കണ്ടെത്തലിലാണ്. സങ്കുചിതമായ ഇത്തരം അന്വേക്ഷണങ്ങളാണ് അപകര്ഷതാബോധത്തെ വളർത്തുന്നത്. അപകര്ഷതയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ തന്നിലുള്ള കഴിവുകളെ കാണാൻ കഴിയാതെ പോകുന്നു.

ഒരാൾ മറ്റൊരാളെപ്പോലെ ആകാൻ ശ്രമിക്കുന്നത് അപകർഷതാബോധത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. ഒരാൾക്ക് ഒരിക്കലും മറ്റൊരാളാകാൻ കഴിയില്ലല്ലോ? കുറവുകൾ ഉള്ളത് തനിക്ക് മാത്രമാണ് എന്ന ചിന്തയും ഈ വികാരം ശക്തമാക്കും. സ്വയം അറിയാൻ ഒരാൾ ശ്രമിക്കുമ്പോൾ അയാൾ സ്വാതന്ത്രനാവുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെപോലെയല്ല താൻ. ഓരോ ആളും എല്ലാ രീതിയിലും വ്യത്യസ്തതകൾ ഉള്ളവരാണ്. അതിനാൽ താരതമ്യപ്പെടുത്തലുകൾ അർത്ഥശൂന്യമാണ്‌. സ്വയം കുറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കുമ്പോൾ ഉണ്ടാവുന്നത് ആത്മവിശ്വാസമാണ്.

സ്വയം വിമർശനം ആരോഗ്യപരമാകണം. ഓരോ പ്രവൃത്തിയേയും പെരുമാറ്റത്തെയും അളന്നു മുറിച്ചു പരിശോധിച്ചു സ്വയം കുറ്റപ്പെടുത്തി പെരുമാറുന്നവർക്ക് സ്വാഭാവികമായി പെരുമാറാൻ കഴിയില്ല. ഉപകാരപ്രദമല്ലാത്ത സ്വയം വിമർശനത്തിന് നാമെന്തിന് മുതിരണം? അപകർഷചിന്തകൾ സൃഷ്ടിക്കുന്ന അർത്ഥരഹിത മായ സംഗതികൾ കണ്ടെത്തി മനസ്സിനെ യാഥാർഥ്യലോകത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ മനോഭാവത്തിൽ മാറ്റം വരുന്നു.

ശരീരപ്രകൃതി,ബൗദ്ധികശേഷി താല്പര്യങ്ങൾ ജീവിത വീക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യത്യസ്‍തരാണ് ഓരോ മനുഷ്യനും. മറ്റുള്ളവരെ അന്ധമായി ആരാധിക്കുകയും സ്വയം വെറുക്കുകയും ചെയ്യുന്ന നീരീക്ഷണം അവസാനിപ്പിക്കുന്ന നിമിഷം മുതൽ താൻ മറ്റുള്ളവരെ അപേക്ഷിച്ചു നിസാരനാണെന്നുള്ള വൈകാരിക ചിന്തയെ നാം കീഴടക്കുകയാണ്.

ടി പി ജവാദ്

ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്

English Summary : Clinical psychologist t p javad about the sense of inferiority in human beingsRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter