
കൊവിഡ് രൂക്ഷമാകുമ്പോൾ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര യാത്രികരെ പല രാജ്യങ്ങളും വിലക്കിയ സാഹചര്യമാണുള്ളത്. ധാരാളം ഇന്ത്യക്കാർ വസിക്കുന്ന ഇടങ്ങളിൽ ഒന്നാണ് യുഎഇ. അവിടെ നിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരിക്കുകയാണ് ചില രാജ്യങ്ങൾ. പൂർണമായും വാക്സിനേഷൻ കഴിഞ്ഞ, യുഎഇയിൽനിന്നുള്ള സഞ്ചാരികൾക്ക് ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം. മാത്രമല്ല, പല രാജ്യങ്ങളും യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീനും ഒഴിവാക്കിയിരിക്കുകയാണ്.
വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാർക്കായി അതിർത്തികൾ തുറക്കുന്നതായി മാർച്ചിൽത്തന്നെ നേപ്പാൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി രാജ്യത്തെ സാംസ്കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം വിശദമായ നിയമങ്ങൾ തയാറാക്കിയിട്ടുണ്ട്. സഞ്ചാരികൾ യാത്രയ്ക്കു മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. രാജ്യത്ത് എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും സ്വന്തം ചെലവിൽ നിർബന്ധിത കൊവിഡ് -19 പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ഇല്ല. കൂടാതെ, സഞ്ചാരികൾ ടൂറിസം വകുപ്പിൽ നിന്നുള്ള വീസ അല്ലെങ്കിൽ ശുപാർശ കത്തും യാത്രാ ഇൻഷുറൻസിൻറെ തെളിവും ഹാജരാക്കണം.
മെയ് 14 മുതൽ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള, വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ഗ്രീസ്. ഇതിനായി യാത്രക്കാർ വാക്സിനേഷൻ രേഖയോ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമോ ഹാജരാക്കണം. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കായി ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പുറത്തിറക്കിയ ആദ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഗ്രീസ്.
ക്രൊയേഷ്യ ഇപ്പോൾ യുഎഇ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുൻപുള്ള 48 മണിക്കൂറിൽ നടത്തിയ നെഗറ്റീവ് കൊവിഡ് പരിശോധനാ റിപ്പോർട്ട് നൽകണം, അല്ലാത്തവർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീന് വിധേയരാകണം. കൂടാതെ, താമസസൗകര്യം ബുക്ക് ചെയ്തതിൻറെ തെളിവ് കാണിക്കണം. പുറപ്പെടുന്നതിന് 14 ദിവസമെങ്കിലും മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാരെ നിലവിലെ യാത്രാ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 2 ന് പ്രഖ്യാപിച്ചിരുന്നു.
വാക്സിനേഷൻ കഴിഞ്ഞവർക്ക് ബാർബഡോസിലേക്ക് യാത്ര അനുവദനീയമാണെങ്കിലും ക്വാറന്റീൻ ഇപ്പോഴും നിലവിലുണ്ട്. എല്ലാ യാത്രക്കാരും രാജ്യത്ത് എത്തിയതിനു ശേഷമുള്ള പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ക്വാറന്റീൻ പാലിക്കേണ്ടതുണ്ട്. സഞ്ചാരികൾ വാക്സീൻ അവസാന ഡോസ്, യാത്രയ്ക്ക് 14 ദിവസം മുൻപെങ്കിലും എടുത്തിരിക്കണം. നിലവിൽ, അസ്ട്രസെനക്ക, ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സീനുകൾക്കാണ് ബാർബഡോസ് അംഗീകാരം നൽകിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അടിയന്തര അനുമതി ലഭിച്ച, സിനോഫോം പോലുള്ള മറ്റ് വാക്സീനുകളും പരിഗണിക്കും.
മേയ് 23 മുതൽ വിനോദസഞ്ചാര മേഖല വീണ്ടും തുറക്കാനൊരുങ്ങുകയാണ് ഇസ്രയേൽ. ടൂറിസം പുനരാരംഭിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിൻറെ ഭാഗമായി ടൂർ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം പ്രവേശനംത്. ബാക്കിയുള്ളവർക്ക് പിന്നീട് പ്രവേശനം അനുവദിക്കും. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം, ഒപ്പം നെഗറ്റീവ് പിസിആർ പരിശോധനാ ഫലങ്ങൾ നൽകുകയും വേണം. ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾത്തന്നെ യാത്രക്കാർ ആന്റിബോഡി പരിശോധന നടത്തണം.
പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കും മുമ്പ് കോവിഡ് ബാധിച്ച് ഭേദമായവർക്കും ഇപ്പോൾ ഐസ്ലൻഡ് സന്ദർശിക്കാം. വാക്സിനേഷൻറെ തെളിവ് കയ്യിലുള്ളവർ വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതില്ല. എന്നാൽ, റെയ്ജാവിക്കിൽ ലാൻഡ് ചെയ്യുമ്പോൾ എല്ലാ സന്ദർശകരും നിർബന്ധിത പിസിആർ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യത്തുടനീളം യാത്ര ചെയ്യാം.
'യെല്ലോ ലിസ്റ്റി' ൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവരും വാക്സിനേഷൻ കഴിഞ്ഞവരുമായ യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കിയ ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് റൊമാനിയ. ഈ ലിസ്റ്റിൽ യുഎഇയും ഉണ്ടായിരുന്നു. സഞ്ചാരികൾ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം, എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സീൻ എടുത്തതായി അത് നൽകിയ സ്ഥലത്ത് നിന്നുള്ള തെളിവും കാണിക്കണം.
മോണ്ടിനെഗ്രോയിലെത്തുന്ന യുഎഇ നിവാസികൾ നെഗറ്റീവ് പിസിആർ പരിശോധനാ ഫലങ്ങൾ കരുതണം. യാത്രയ്ക്കു മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലമാണ് കാണിക്കേണ്ടത്. എത്തിച്ചേരുന്നതിന് കുറഞ്ഞത് ഏഴു ദിവസമെങ്കിലും മുൻപ് രണ്ടു ഡോസ് വാക്സിനേഷനും സ്വീകരിച്ചവർക്കും അതിൻറെ തെളിവ് കരുതിയിട്ടുള്ളവർക്കും ഈ നിയമം ബാധകമല്ല. യുഎഇ മോണ്ടിനെഗ്രോയുടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യമായതിനാൽ ഇവിടെ നിന്നുള്ളവർക്ക് ക്വാറന്റീൻ ആവശ്യമില്ല.
വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള ക്വാറന്റീനും പിസിആർ പരിശോധനയും ഒഴിവാക്കിയിരിക്കുകയാണ് സൈപ്രസ് ഇപ്പോൾ. ഏപ്രിൽ 1 മുതൽ വാക്സിനേഷൻ സ്വീകരിച്ച യുഎഇ നിവാസികൾക്ക് സൈപ്രസിലേക്ക് യാത്ര ചെയ്യാം. പുതിയ ചട്ടമനുസരിച്ച്, വാക്സിനേഷൻ സർട്ടിഫിക്കറ്റും കരുതണം.
ജോർജിയയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ സഞ്ചാരികൾ, എത്തുന്നതിന് 72 മണിക്കൂർ മുമ്പുള്ള കൊവിഡ് -19 പിസിആർ പരിശോധന ഫലമോ രണ്ട് ഡോസുകൾ പൂർത്തിയാക്കിയതായി കാണിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. കൂടാതെ, രാജ്യത്ത് ലാൻഡ് ചെയ്ത് മൂന്നാം ദിവസം എല്ലാവരും നിർബന്ധിത പിസിആർ പരിശോധന നടത്തണം. ഇതോടൊപ്പം തന്നെ, ഓൺലൈൻറജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയും ചെക്ക്-ഇന്നിൻറെ കൺഫർമേഷൻ ഇമെയിൽ നൽകുകയും വേണം. ജോർജിയൻ റെസിഡൻസി പെർമിറ്റുള്ള യാത്രക്കാർ ഉൾപ്പെടെ, മറ്റെല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
English Summary : countries that are welcoming covid vaccinated travellers from the uae
Tags : covid vaccinated travellers uae