കേരളത്തിൽ കൊവിഡ് കൂടാൻ കാരണം എന്ത്; നാലാം തരംഗത്തിന് സാധ്യതയോ?

  1. Home
  2. Editor's Pick

കേരളത്തിൽ കൊവിഡ് കൂടാൻ കാരണം എന്ത്; നാലാം തരംഗത്തിന് സാധ്യതയോ?

കേരളത്തിൽ കൊവിഡ് കൂടാൻ കാരണം എന്ത്; നാലാം തരംഗത്തിന് സാധ്യതയോ?


Editors Pick

ഒരാഴ്ചയായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1544 പേർക്കായിരുന്നു ജൂൺ 4ന് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുംതോറും ഈ കണക്ക് കൂടി വരികയാണ്. കൊവിഡിന്റെ കാലം കഴിഞ്ഞുവെന്ന് ആശ്വസിച്ച മലയാളികളെ വീണ്ടും ആശങ്കയിലാക്കുകയാണ് പുതിയ കണക്കുകൾ. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളള സംസ്ഥാനം കേരളമാണ്. മൂന്നാം തരംഗത്തിലും ഇതേ അവസ്ഥ തന്നെയായിരുന്നു. അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡിന്റെ നാലാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 

കൊവിഡ് പ്രതിരോധത്തിൽ അയവ് വന്നതോടെയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകൾ കൂടാൻ കാരണമെന്ന് പറയുകയാണ് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് സൂപ്രണ്ടും കൊവിഡ് സെൽ മേധാവിയുമായ ഡോ.എ.നിസാറുദീൻ. കൊവിഡിനെ ഇനി പേടിക്കേണ്ടതില്ല എന്ന ചിന്തയിൽ മാസ്‌ക് ധരിക്കുന്ന കാര്യത്തിലുൾപ്പടെ പൊതുവെ ഒരു അയവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമീപനത്തിൽ അയവു വന്നെങ്കിലും കൊവിഡ് ഇതുവരെ വേരറ്റു പോയിട്ടില്ല. വ്യാപന തോത് കുറവാണെങ്കിലും അത് ഇവിടെ ഉണ്ടായിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും കൂടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓൺലൈനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അടുത്ത മാസത്തോടെ നാലാം തരംഗം ഉണ്ടാകാനുള്ള സാധ്യതകൾ പറയുന്നുണ്ടെങ്കിലും നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ അതു സംബന്ധിച്ച് സാംക്രമിക രോഗ പ്രതിരോധ സെല്ലിന്റെ റിപ്പോർട്ടൊന്നും വന്നിട്ടില്ല. ഇവിടെ 90% ആളുകൾക്കും കൊവിഡ് വന്നു പോയിട്ടുണ്ട്. മെഡിക്കൽ കോളജ് സ്റ്റാഫ് ഉൾപ്പെടെ ഇപ്പോൾ കൊവിഡ് വരുന്നതിൽ ഭൂരിപക്ഷവും ഇതുവരെ കൊവിഡ് വരാത്തവരാണ്. ഒമിക്രോൺ വകഭേദമാണിത്. പൊതുവെ ഗുരുതര ലക്ഷണങ്ങളുമില്ല. ഒന്നര മാസത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ ശരാശരി 1-2 പേർക്കു മാത്രമേ കിടത്തി ചികിത്സ വേണ്ടി വന്നിട്ടുള്ളൂ. കഴിഞ്ഞ ഒരാഴ്ചയായി അത് 8-9 പേരൊക്കെ ആയിട്ടുണ്ട്. എന്നാലും കൊവിഡ് മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ അത്യപൂർവമാണ്. മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 54,000 വരെ ഉയർന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും മരണ നിരക്കും കുറവായിരുന്നു. രോഗം വന്നു പോയതു മൂലവും ബഹുഭൂരിപക്ഷവും വാക്‌സീൻ എടുത്തതുകൊണ്ടും പ്രതിരോധ ശേഷി സമൂഹത്തിൽ രൂപപ്പെട്ടതുകൊണ്ടാണത്. അതിനാൽ ഇനിയും കൊവിഡ് ബാധിതരുടെ എണ്ണം ഏറിയാലും ഗുരുതരമാവുന്നത് അപൂർവം പേരിലായിരിക്കും. മറ്റു രോഗങ്ങളുള്ളവർ, പ്രത്യേകിച്ചും പ്രമേഹം, വൃക്ക രോഗങ്ങൾ, കാൻസർ എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ, ഗർഭിണികൾ എന്നിവർക്കും പ്രത്യേക കരുതൽ വേണം. പൊതുവെ അമിത ആശങ്കയുടെ ആവശ്യമില്ല. കൊവിഡ്ിനൊപ്പം കരുതലോടെ ജീവിക്കുകയാണ് മുന്നിലുള്ള വഴി.

ഇതുവരെ കൊവിഡ് വരാത്തവരിൽ ഭൂരിഭാഗവും കുട്ടികളാണ്. അതിനാൽ അവരുടെ കാര്യത്തിലാണ് ഇനി കൂടുതൽ കരുതൽ വേണ്ടത്. പ്രത്യേകിച്ചും സ്‌കൂളുകൾ സാധാരണ പോലെ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ. ഗുരുതരമായ ആദ്യ രണ്ട് തരംഗ സമയത്തും സ്‌കുളുകൾ ഉണ്ടായിരുന്നില്ല. കുട്ടികൾ പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണു പ്രധാനം. സ്‌കൂളുകളിൽ കുട്ടികൾ ഒരുമിച്ചിരിക്കുന്നതും കൂടിക്കലർന്ന് ഇടപെടുന്നതും സ്വാഭാവികമാണ്. ക്ലാസ് സമയത്തൊക്കെ മാസ്‌ക് ധരിച്ചാലും ഭക്ഷണം കഴിക്കാനും കളിക്കാൻ പോകുമ്പോഴുമെല്ലാം മാസ്‌ക് മാറ്റിവച്ചാകും ഇടപഴകുക. ഇതു രോഗ വ്യാപന സാധ്യത കൂട്ടുന്നതാണ്. അതിനാൽ മാസ്‌ക് ഒഴിവാക്കിയുള്ള കൂട്ടം ചേരലുകൾ ഒഴിവാക്കുകയാണ് നല്ലത്. മുഖാമുഖം വട്ടംകൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. സംസാരിക്കുമ്പോഴും മാസ്‌ക് ഒഴിവാക്കരുത്. വൃത്തിയുള്ള മാസ്‌ക് ശരിയായ രീതിയിൽ എപ്പോഴും ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാനും ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാനും സ്‌കൂളുകളിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കണം. എല്ലാ കുട്ടികളും പ്രതിരോധ വാക്‌സീൻ എടുത്തു എന്നു ഉറപ്പാക്കേണ്ടതുമുണ്ട്.

കൊവിഡിന്റെ ഒമിക്രോൺ ബി-5 എന്ന വകഭേദമാണ് കേരളത്തിൽ പൊതുവായി ഇപ്പോൾ കാണുന്നത്. മുൻപ് കൊവിഡ് വന്നവർക്കുണ്ടായ പ്രതിരോധ ശേഷികൊണ്ട് ഈ വകഭേദത്തെ പ്രതിരോധിച്ചു നിർത്താനാവില്ല. അതിനാൽ മുൻപ് കൊവിഡ് വന്നവർക്ക് ഇനിയും വരാം. പക്ഷേ മറ്റു രോഗങ്ങളില്ലാത്തവരാണെങ്കിൽ ഗുരുതരമാകാൻ സാധ്യത കുറവാണ്. 

English Summary : covid surge in kerala again