ACS Technology

News

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി കേന്ദ്രം

Business

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും ദീർഘിപ്പിച്ചു. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സെപ്തംബർ 31നകം റിട്ടേൺ സമർപ്പിക്കണമെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഇത് ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വെബ്സൈറ്റിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങളും കണക്കിലെടുത്താണ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.

2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിട്ടേൺ സമർപ്പിക്കേണ്ട തിയ്യതി ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. എന്നാൽ, പുതിയ ടാക്സ് പോർട്ടൽ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണിൽനിന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയ്യതി നീട്ടിയേക്കുമെന്നുള്ള വിവരങ്ങളുമുണ്ടായിരുന്നു. സാധാരണയായി ജൂലൈ അവസാനത്തോടെയാണ് ആദായനികുതി റിട്ടേൺ സമർപ്പിച്ചിരുന്നത്. കൊവിഡ് മഹാമാരി കണക്കിലെടുത്ത് അവസാനമായി മെയ് മാസത്തിലാണ് സപ്തംബർ 30 വരെ തിയ്യതി നീട്ടിയത്. 

കമ്പനികൾക്കുള്ള ഐടിആർ ഫയലിങ് സമയപരിധി 2021 നവംബർ 30 ൽനിന്ന് 2022 ഫെബ്രുവരി 15 ലേക്ക് സിബിഡിടി നീട്ടിയിട്ടുണ്ട്. ടാക്സ് ഓഡിറ്റ് റിപോർട്ടും ഫയൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി യഥാക്രമം ഒക്ടോബർ 31, നവംബർ 30 എന്നീ സമയപരിധികളിൽനിന്ന് യഥാക്രമം 2022 ജനുവരി 15, 2022 ജനുവരി 31 എന്നിങ്ങനെയും നീട്ടി. വൈകിയതോ പുതുക്കിയതോ ആയ വരുമാന റിട്ടേൺ ഫയൽ ചെയ്യുന്നതിന് അവസാന തിയ്യതി രണ്ടുമാസം കൂടി നീട്ടി. പുതിയ തിയ്യതി 2022 മാർച്ച് 31 ആണ്.

English Summary : deadline to file income tax returns extended to december 31



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter