
നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണം. ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ആദ്യദിന ചോദ്യം ചെയ്യൽ ഇന്ന് രാത്രി എട്ടുമണിയോടെ അവസാനിച്ചിരുന്നു. 11 മണിക്കൂറാണ് ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ അടുത്തദിവസവും തുടരുമെന്നതിനാൽ ദിലീപ് നാളെയും ഹാജരാകേ്ണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.
ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ്.പി.മോഹനചന്ദ്രൻ അറിയിച്ചു. അഞ്ചു പേരെയും പ്രത്യേകമായാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്തു.
ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ആലുവയിലെ വീട്ടിലേക്കു മടങ്ങിയത്. എസ്.പി.മോഹനചന്ദ്രൻറെ നേതൃത്വത്തിൽ സിഐ റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.
പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.
English Summary : dileep's interrogation will continue tomorrow also says police