ACS Technology

News

'മുടി വെട്ടുന്ന കാര്യം സ്വപ്നം കാണുകയേ വേണ്ട' എന്നാണ് മമ്മൂക്ക പറഞ്ഞത്, പക്ഷേ പൂജയ്ക്കെത്തിയത് തലമൊട്ടയടിച്ച്: ലാൽ ജോസ്

Entertainment

മുടി വെട്ടുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് പറഞ്ഞ  മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിന്റെ ആദ്യസിനിമയായ മറവത്തൂർ കനവിൽ മമ്മൂട്ടി അഭിനയിക്കാൻ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ലാൽ ജോസ് പങ്കുവെച്ചത്.

അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന താൻ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച് കഥയുമായി മുന്നോട്ടുപോയപ്പോൾ 'നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടോ' എന്ന് ചോദിച്ച് തനിക്ക് ഡേറ്റ് തന്നയാളാണ് മമ്മൂട്ടിയെന്ന് ലാൽ ജോസ് പറയുന്നു.

മമ്മൂട്ടിയുടെ 70ാം ജന്മദിനത്തോടനുബന്ധിച്ച് മനോരമന്യൂസിന് നൽകിയ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. മറവത്തൂർകനവ് ഷൂട്ടിങ്ങിനിടെയുണ്ടായ ചില സംഭവങ്ങളും ലാൽ ജോസ് പങ്കുവെച്ചു.

'മമ്മൂക്കയുടേയും എന്റേയും സ്വഭാവങ്ങളിൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ ഇമോഷണലായിട്ടുള്ള ആളാണ്. പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ആളാണ്. പക്ഷേ ഉള്ള കാര്യങ്ങൾ തുറന്നുപറയണമെന്ന് ശീലിച്ച ആളാണ്. മമ്മൂക്കയുമായി വർക്ക് ചെയ്യുമ്പോൾ എനിക്ക് ലഭിച്ച ഏറ്റവും നല്ല കാര്യമെന്താണെന്നാൽ ഞാൻ മമ്മൂക്കയുടെ അടുത്ത് കാര്യങ്ങൾ പറയും. മമ്മൂക്ക ചിലപ്പോൾ അത് പറ്റില്ലെന്ന് പറയും. അത് നടക്കില്ല, നീ ചിന്തിക്കുകയേ വേണ്ടെന്നൊക്കെ പറഞ്ഞുകളയും. ഞാൻ അപ്പോൾ തർക്കിക്കാനൊന്നും പോകില്ല. കുറച്ചു കഴിഞ്ഞിട്ട് 'ഒരു പുനർവിചിന്തനത്തിന് സ്പേസ് ഉണ്ടോ' എന്ന് ഞാൻ പോയി ചോദിക്കും. നിർബന്ധമാണെങ്കിൽ ചെയ്യാമെന്നായിരിക്കാം മമ്മൂക്കയുടെ മറുപടി.

മറവത്തൂർ കനവിൽ മുടി അങ്ങനെ വെട്ടില്ലെന്ന് തീർത്തുപറഞ്ഞതാണ്. ചാണ്ടിയുടേത് ഷോർട്ട് ഹെയർ ആണ്. അതല്ലാതെ പറ്റില്ല എന്ന് ഞാനും വാശിപിടിച്ച് നിന്നു. പിറ്റേ ദിവസം പൂജയാണ്. പൂജയുടെ അന്ന് പുള്ളി വരുമ്പോൾ മൊട്ടയടിച്ച പോലെ വന്നിരിക്കുന്നു. അത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ഹെൽത്തി ഫീൽ ഉണ്ടാക്കുന്ന ഒരു ഷോർട്ട് ക്രോപ്പ് ആകണമെന്നേ കരുതിയുള്ളൂ. അയ്യോ മുടി ഇങ്ങനെ ആക്കിയോ എന്ന് ചോദിച്ചപ്പോൾ അത് ഷൂട്ട് തുടങ്ങുമ്പോഴേക്കും അൽപ്പം വളർന്ന് ശരിയായിക്കോളും എന്ന് പറഞ്ഞു. തലേദിവസം എന്നോട് 'മുടി വെട്ടുന്ന കാര്യം നീ സ്വപ്നം കാണുകയേ വേണ്ട' എന്ന് പറഞ്ഞ ആളാണ് രാവിലെ ഇങ്ങനെ വരുന്നത്.

അതുപോലെ ചിത്രത്തിൽ കോഴിയെ പിറകെ ഓടി പിടിക്കുന്ന ഒരു രംഗമുണ്ട്. അത് എടുക്കാൻ വേണ്ടി പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു. ആ അത് ഞാൻ സീനിൽ വായിച്ചിട്ടുണ്ട്. എന്തിനാണ് ഓടിയൊക്കെ പിടിക്കുന്നത് വെറുതെ വന്നിട്ട് കോഴിയെ അങ്ങ് പിടിച്ചാൽ പോരെയെന്ന്. അങ്ങനെയും പിടിക്കാം. പക്ഷേ അതിന്റെ പിറകെ ഓടുന്ന രീതിയിൽ അതൊന്ന് ബിൽഡ് ചെയ്യാമെന്ന് വിചാരിച്ചിട്ടുണ്ട്.

ഒക്കെ ശരി ഷോട്ട് എങ്ങനെയാണെന്ന് ചോദിച്ചു. കോഴിയുടെ പിറകെ ക്യാമറ പോവുന്ന ഷോട്ട് എടുത്തിട്ടുണ്ട്. ഇനി മമ്മൂക്ക ക്യാമറ നോക്കി ഓടിയാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ ആ ഷോട്ട് എടുത്തു.

ആ ഷോട്ട് വേണമെങ്കിൽ വെറുതെ എടുക്കാമായിരുന്നെന്നും എന്നാൽ അവൻ അത് നന്നായി ചെയ്തു എന്ന് പിന്നീട് മമ്മൂക്ക ആരോടോ പറഞ്ഞു കേട്ടു. അതാണ് ഷൂട്ട് തുടങ്ങിയ ശേഷം എന്നെ കൊണ്ട് പറഞ്ഞ നല്ല കാര്യമായി കേട്ടത്,' ലാൽ ജോസ് പറഞ്ഞു.

English Summary : director lal jose share experience with mammootty



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter