ACS Technology

News

ഇന്ന് ലോക ജന്തുജന്യ രോഗ ദിനം; ഈ കാലഘത്തിൽ സൂനോസിസ് ശ്രദ്ധ നേടുന്നത് എന്ത് കൊണ്ട്?, ഡോ. നവ്യ തൈക്കാട്ടില്‍ എഴുതുന്നു

Lifestyle

കൊവിഡ് 19 എന്ന ഭീഷണിയിൽ കൂടി ലോകം കടന്നു പൊകുകയാണ്. കോടിക്കണക്കിന് ജനങ്ങൾ ഇതിനകം രോഗബാധിതർ ആവുകയും മരണപ്പെടുകയും ചെയ്തു. അതിനാൽ തന്നെ ലോക ജന്തുജന്യ രോഗ ദിനമായ ജൂലായ് 6 ന്റെ പ്രസക്തിയും ഇന്ന് വലുതാണ്. പേവിഷബാധയ്ക്കെതിരെ, ലൂയി പാസ്ചർ വികസിപ്പിച്ച വാക്സിൻ1885ൽ ,വിജയകരമായി നൽകിയ ദിവസമാണ്, ലോക സൂനോസിസ് ദിനമായി ആചരിച്ചു പോരുന്നത്. എന്താണ്‌ സൂനോസിസ് (Zoonosis) അഥവാ 'ജന്തു ജന്യരോഗം എന്നും ഈ കാലഘത്തിൽ അവ ശ്രദ്ധ നേടുന്നതിനെക്കുറിച്ചും എഴുതുകയാണ്  ഡോക്ടർ നവ്യ തൈക്കാട്ടിൽ.  

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തിരിച്ചും പകരുന്ന രോഗങ്ങളെയാണ് സൂനോസിസ് എന്നു വിളിക്കുന്നത്.  മൃഗങ്ങളിലെ, വൈറസുകളോ, ബാക്ടീരിയകളോ, പ്രോട്ടോസോവകളോ, വിവിധ പരാന്നങ്ങളോ ആയിരിക്കാം രോഗകാരണം. നൂറ്റാണ്ടുകളായിരിക്കുന്നു ഇങ്ങനെ ജന്തുകളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് പകരുന്നു എന്ന് തിരിച്ചറിഞ്ഞിട്ട്. കുറിപ്പിൽ വ്യക്തമാക്കുന്നു.

പരിസ്ഥിതിയുടെയും,  മൃഗങ്ങളുടെയും, മനുഷ്യരുടെയും ആരോഗ്യം ഒരു പോലെ കണക്കിലെടുത്ത്, നേരിടേണ്ട ഒന്നാണ് ജന്തുജന്യരോഗങ്ങൾ എന്നതാണ് ഈ ദിനത്തിൽ ഓർക്കേണ്ടത് എന്ന് ഡോക്ടർ നവ്യ തൈക്കാട്ടിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം


World Zoonoses Day 

പതിനൊന്ന്  കുതിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും, അവരെ പരിപാലിച്ചിരുന്ന മനുഷ്യൻ ഗുരുതര ലക്ഷങ്ങളോടെ കിടപ്പിലായതുമായിരുന്നു,  1994 സെപ്റ്റംബർ 22ന്, ആസ്ത്രേലിയൻ ആരോഗ്യവിഭാഗത്തെ ജാഗരൂഗരാക്കിയത്. ഒരു നിമിഷം പോലും പാഴാക്കാതെ, ആ രാജ്യത്തെ, പൊതുജനാരോഗ്യ വിഭാഗവും, വെറ്റിനറി വിഭാഗവും, വൈറോളജിസ്റ്റുകളും അടങ്ങുന്ന വലിയൊരു പഠന സംഘം തന്നെ, ഹെൻട്ര എന്ന പട്ടണത്തിന്റെ,  പ്രാന്ത പ്രദേശത്ത് നടന്ന ഈ സംഭവം അന്വേഷിക്കാൻ തുനിഞ്ഞിറങ്ങി. നാലാം ദിവസം തന്നെ, കുതിരകളുടെ കോശങ്ങളിൽ നിന്ന് പുതിയൊരു വൈറസിനെ കണ്ടെത്തി.  ഏഴാം ദിവസം ഇതിന്റെ ആന്റിബോഡി കണ്ടെത്താനുള്ള പരിശോധന വികസിപ്പിക്കപ്പെട്ടു. ഇത് തന്നെയാണ് പരിപാലകനും വന്നത് എന്നു സ്ഥിരീകരിച്ചു. ആ പ്രദേശത് വ്യാപകമായി പരിശോധനകൾ നടത്തി, രോഗം മറ്റു മനുഷ്യരിലേക്ക് പകർന്നിട്ടില്ല എന്നുറപ്പ് വരുത്തി. തുടർന്നുള്ള വിപുലമായ ഗവേഷണത്തിൽ, പല മൃഗങ്ങളിലും നടത്തിയ പഠനത്തിൽ, ഒടുവിൽ, രണ്ട് വര്ഷങ്ങൾക്കിപ്പുറം, വവ്വാലുകളിൽ കുടി കൊള്ളുന്ന വൈറസ് ആണെന്ന് കണ്ടെത്തുകയും, അതിനെ ഹെൻട്ര വൈറസ് എന്നു നാമകരണം ചെയ്യുകയും ചെയ്തു. 

ഒരു സൂനോസിസ് (Zoonosis) അഥവാ 'ജന്തു ജന്യരോഗത്തെ' എങ്ങനെ മാതൃകാപരമായി കൈകാര്യം ചെയ്തു എന്ന് ലോകം പ്രകീർത്തിക്കുന്ന ഒരു മോഡൽ ആയാണ് ഇന്നും ഈ സംഭവത്തെ  കാണുന്നത്. 

എന്താണ്‌ സൂനോസിസ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തിരിച്ചും പകരുന്ന രോഗങ്ങളെയാണ് സൂനോസിസ് എന്നു വിളിക്കുന്നത്.  മൃഗങ്ങളിലെ, വൈറസുകളോ, ബാക്ടീരിയകളോ, പ്രോട്ടോസോവകളോ, വിവിധ പരാന്നങ്ങളോ ആയിരിക്കാം രോഗകാരണം. നൂറ്റാണ്ടുകളായിരിക്കുന്നു ഇങ്ങനെ ജന്തുകളിൽ നിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് പകരുന്നു എന്ന് തിരിച്ചറിഞ്ഞിട്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിലാണ് സൂനോസിസുകൾ ഏറെ ശ്രദ്ധയും പ്രാധാന്യവും നേടുന്നത്. 

എന്ത് കൊണ്ടായിരിക്കാം ഈ കാലഘത്തിൽ സൂനോസിസ് ശ്രദ്ധ നേടുന്നത്?

താരതമ്യേന സാംക്രമിക രോഗങ്ങളും , അവ മൂലമുള്ള മരണങ്ങളും, മുൻ നൂറ്റാണ്ടുകളെ അപേക്ഷിച്ച് ഇന്ന് ഏറെ കുറഞ്ഞിരിക്കുന്നു. പ്രതിരോധ വാക്സിനുകളും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റവും, പൊതുവിൽ പല രാജ്യങ്ങളിലും വന്ന ജീവിതനിലവാരത്തിലെ  ഉയർച്ചയും ഇതിന് കാരണമായിരിക്കുന്നു.  നൂറ്റാണ്ടുകൾക്ക് മുൻപ് മൃഗങ്ങളിൽ നിന്ന് വന്നവയോ, അല്ലാതെയോ എത്തിയ പല രോഗാണുക്കളും, മനുഷ്യരുടെ ഇടയിൽ സ്ഥിരമായി 'കുടിയുറപ്പി'ക്കുകയും,  അതിനെ പ്രതിരോധിക്കുവാൻ മനുഷ്യരാശി സ്വാഭാവിക പ്രതിരിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞിരിക്കുകയോ, വാക്സിനോ, മരുന്നുകളോ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ, മനുഷ്യന് പരിചയയമില്ലാത്ത, അജ്ഞാതമായ അനേകം രോഗാണുക്കൾ മനുഷ്യന് സമ്പർക്കം വരാത്ത വന്യതകളിൽ ഏറെയുണ്ട്. അവയിൽ ഒന്ന്, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, മനുഷ്യരിൽ എത്തുകയും, അവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ജനിതകമായി പ്രാപ്തരാവുകയും ചെയ്താൽ, ഒരു പക്ഷെ 'ഹോമോ സാപിയൻസ്' എന്ന ഒരു സ്പീഷീസ്, തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെടാം എന്ന്  ആധുനിക മനുഷ്യർ എന്നും ഭയപ്പെട്ടിരുന്നു. 

'സ്പിൽ ഓവറുകൾ' എന്ന പ്രക്രിയ ഇടയ്ക്കിടെ ലോകത്തിന്റെ പല ഭാഗത്തും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്, 'സ്പിൽ ഓവർ' എന്നു വിളിക്കുന്ന ഇത്തരം സാംക്രമണങ്ങൾ  കാലങ്ങളായി ഉണ്ടാവുന്നുണ്ടെന്നാണ് അനുമാനം.  ഇതിൽ ഭൂരിഭാഗം രോഗാണുക്കളും മനുഷ്യരിൽ യാതൊരു ലക്ഷണവും ഉണ്ടാക്കാതെ അവസാനിക്കും. അപൂർവമായി ചിലവ, മനുഷ്യരിൽ നിസ്സാരമായ ലക്ഷണങ്ങൾ ഉണ്ടാക്കി, അവിടെ തീരും. ചിലവ മനുഷ്യരിൽ ഗുരുതര ലക്ഷണങ്ങളും, മരണമോ തന്നെ ഉണ്ടാക്കി, ഒടുങ്ങും. ഇവിടെയെല്ലാം, വഴി തെറ്റി മനുഷ്യരിൽ എത്തിപ്പെടുന്ന  ആ രോഗാണുവിനെ സംബന്ധിച്ച് , മറ്റൊരു ശരീരത്തിലേക്ക് പകരുവാൻ അനുകൂലമല്ലാത്ത, മനുഷ്യ ശരീരം ഒരു 'ഡെഡ് എൻഡ്' ആണ്.  
സൂനോസിസുകളും പാൻഡമിക്കും

മേൽപറഞ്ഞ രീതിയിലുള്ള സൂനോസിസുകൾ പലതും ആരും അറിയുക പോലും ഇല്ല. എന്നാൽ, അത്യപൂർവമായി, എല്ലാ സാഹചര്യങ്ങളും ഒത്തു ചേർന്നു വരുന്ന ഒരു അവസരത്തിൽ, ഇങ്ങനെ ആകസ്മികമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിച്ചേരുന്ന രോഗാണു, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അനായാസേന പകരാൻ, പ്രാപ്‌തമാവുകയും ചെയ്താൽ, ലോകം ഒരു പാൻഡമിക്കിന് സാക്ഷ്യം വഹിക്കും. മണിക്കൂറുകൾ കൊണ്ട് ലോകത്തിന്റെ ഏതു കോണിലും എത്തി പെടാനുള്ള ഗതാഗത സംവിധാനമുള്ള ഇന്ന്, ആ രോഗം ലോകം മുഴുവൻ എത്താൻ ഏറെ താമസമുണ്ടാവില്ല. 

എലികൾ പരത്തുന്ന, പ്ളേഗ് പോലുള്ള ജന്തുജന്യ രോഗങ്ങൾ , കഴിഞ്ഞ നൂറ്റാണ്ടുകളിൽ കപ്പലുകളിലേറിയാണ് ലോകം മുഴുവൻ മരണം വിതച്ചത്. 
ഏറെ ഭയപ്പെട്ടത് പോലെ തന്നെ, ഈ നൂറ്റാണ്ടിൽ, ലോകം തന്നെ സ്തംഭിപ്പിച്ച, കോവിഡ് രോഗം, വവ്വാലുകളിൽ നിന്ന് ഉദ്‌ഭവിച്ച ഒരു ജന്തുജന്യ രോഗമാണ്.
വനനശീകരണം, വരൾച്ച, പ്രളയം,ഭക്ഷ്യോത്പാദന രീതികൾ, തുടങ്ങിയ പല ഘടകങ്ങളും,  സൂനോസിസുകളുമായി പരോക്ഷമായി ബന്ധപ്പെട്ട് കിടക്കുന്നു. 
വന്യമൃഗങ്ങളിൽ നിന്നുള്ള സ്പിൽ ഓവറുകൾ, പലപ്പോഴും, വനാതിർത്തിയിൽ താമസിക്കുന്നവരിലോ,ഉൾക്കാടുകളിൽ വിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരിലോ, വിനോദ സഞ്ചാരത്തിന് പോകുന്നവരിലോ ഉണ്ടാവാം.അപൂർവമായി കാടുകളിൽ നിന്ന്, നാട്ടിലേക്കെത്തുന്ന വവ്വാലുകളിൽ നിന്നോ, മറ്റു വന്യ മൃഗങ്ങളിൽ നിന്നുമോ, വളർത്തു മൃഗങ്ങളിലേക്കും, മനുഷ്യരിലേക്കുമോ പകരാം. 
കുരങ്ങു പനി (KFD) മൂലം ചത്ത് കിടക്കുന്ന കുരങ്ങിന്റെ അടുത്തു പോകുന്നവർക്ക്, അതിന് ചുറ്റും ഉണ്ടാകാറുള്ള രോഗവാഹകരായ ചെള്ളുകളിൽ നിന്ന് രോഗം പകരാം. ഇത് കർണ്ണാടക , കേരളം എന്നീ സംസ്ഥാങ്ങളിലെ ചില വനപ്രദേശങ്ങളിൽ നിന്നാണ് ആദ്യം റിപ്പോർട് ചെയ്യപ്പെട്ടത്. ഗുരുതര ലക്ഷണങ്ങളും മരണവും വരെ സംഭവിക്കാവുന്ന കുരങ്ങു പനി, വെസ്റ്റ് നൈൽ പനി എന്നീ ജന്തു ജന്യ രോഗത്തിന്, പക്ഷെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള പ്രാപ്തിയില്ല. എന്നാൽ നിപ, സാർസ്, മെർസ്, എച്ച്. ഐ.വി, എന്നിവയൊക്കെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ പ്രാപ്തിയുള്ള വൈറസുകളാണ്.

മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും

മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗങ്ങൾ പകരാം, അവയും സൂനോസിസുകൾ തന്നെ. മനുഷ്യൻ ബന്ധനത്തിൽ സൂക്ഷിക്കുന്ന മൃഗങ്ങൾക്കാണ് പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങൾ കാണാറുള്ളത്. സർക്കസ് കമ്പനിയിൽ  ഉണ്ടായിരുന്ന മനുഷ്യരിൽ നിന്ന് കൂട്ടത്തോടെ ആനകൾക്ക് ക്ഷയരോഗം പകർന്നതും, നൂറിനടുത്ത് കുരങ്ങുകളിൽ മനുഷ്യരിൽ കാണുന്ന മീസിൽസ് വൈറസ് പൊട്ടിപുറപ്പെട്ടതും, ഇങ്ങനെ തെളിയിക്കപ്പെട്ട, ചില സംഭവങ്ങളാണ്. 
ആത്യന്തികമായി മനുഷ്യൻ, ശരീരരോമങ്ങളില്ലാത്ത ഇരുകാലികളായ ജീവികൾ തന്നെ. ആദിമ കാലത്ത് വളരെ സ്വാഭാവികമായി, 'ഹോമോ സാപിയന്സും' മറ്റു സ്പീഷീസുകൾക്കുമിടയിൽ  നിരന്തരം നടന്നിരുന്ന ഒരു രോഗകൈമാറ്റ പ്രക്രിയ ആയിരുന്നിരിക്കണം സൂനോസിസുകൾ. പക്ഷെ ഇന്ന്  കൃത്യമായി 'ടെറിട്ടറി' അടയാളപ്പെടുത്തി, മറ്റു ജന്തുക്കളിൽ നിന്ന് മാറി നിൽക്കുന്ന മനുഷ്യൻ, അപൂർവമാണെങ്കിൽ കൂടി ഉണ്ടാവുന്ന ഈ ജന്തുജന്യരോഗങ്ങൾ, തങ്ങളുടെ സമ്പദ് വ്യവസ്‌ഥയ്ക്കും,  നിലനിൽപ്പിന് തന്നെയും ഭീഷണിയായി കരുതുന്നു. 
സാധാരണയായി കാണുന്ന സൂനോസിസുകളിലൊന്നാണ് പേവിഷബാധ.  പേവിഷബാധയ്ക്കെതിരെ, ലൂയി പാസ്ചർ വികസിപ്പിച്ച വാക്സിൻ1885ൽ ,വിജയകരമായി നൽകിയ ദിവസമാണ്, ലോക സൂനോസിസ് ദിനമായി ആചരിച്ചു പോരുന്നത്. പരിസ്ഥിതിയുടെയും,  മൃഗങ്ങളുടെയും, മനുഷ്യരുടെയും ആരോഗ്യം ഒരു പോലെ കണക്കിലെടുത്ത്, നേരിടേണ്ട ഒന്നാണ് ജന്തുജന്യരോഗങ്ങൾ എന്നതാണ് ഈ ദിനത്തിൽ ഓർക്കേണ്ടത്.

കുറിപ്പ് തയ്യാറാക്കിയത് : Dr. നവ്യ തൈക്കാട്ടിൽ 
പോസ്റ്റർ ഡിസൈൻ : അശ്വിൻ ഷാജി

English Summary : doctor navya thaikkattil about world zoonoses dayRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter