ഇണചേരൽ കഴിഞ്ഞാൽ 'ആൺ തേളുകൾ' തന്ത്രപരമായി സ്ഥലം വിടും; കാരണം ഇതാണ്, വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

  1. Home
  2. Social Media

ഇണചേരൽ കഴിഞ്ഞാൽ 'ആൺ തേളുകൾ' തന്ത്രപരമായി സ്ഥലം വിടും; കാരണം ഇതാണ്, വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

ഇണചേരൽ കഴിഞ്ഞാൽ 'ആൺ തേളുകൾ' തന്ത്രപരമായി സ്ഥലം വിടും; കാരണം ഇതാണ്, വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു


Social Media

ഇണചേരൽ പരിസമാപ്തിക്ക് മുമ്പ് ആൺ 'തേൾ' തന്ത്രപരമായി സ്ഥലം വിടാൻ നോക്കുമെന്നും അതിന്റെ കാരണം എന്താണെന്നും പറയുകയുമാണ് വിജയകുമാർ ബ്ലാത്തൂർ.

'ഇണചേരൽ പരിസമാപ്തിക്ക് മുമ്പ് ആൺ തേൾ തന്ത്രപരമായി സ്ഥലം വിടാൻ നോക്കും. അല്ലെങ്കിൽ പലപ്പോഴും പെൺ തേൾ ആണിനെ കൊന്ന് തിന്നുകളയും. പിറക്കാനുള്ള, ഉണ്ണികളാവേണ്ട അണ്ഡങ്ങൾക്കുള്ള വളർച്ചയ്ക്ക് വേണ്ട നല്ല പോഷകശരീരം തൊട്ടടുത്ത് ഉള്ളപ്പോൾ അത് എന്തിനാണ് നഷ്ടമാക്കുന്നത് എന്നാവും കരുതുന്നത്.'  


കുറിപ്പിന്റെ പൂർണരൂപം

തേളുകളുടെ വെള്ളകുഞ്ഞുങ്ങൾ 

ഇണയെ  കണ്ടെത്തിക്കഴിഞ്ഞാൽ ഇണചേരലിന് മുമ്പ് നീണ്ട പ്രണയ പ്രകാശന ചേഷ്ടകളുണ്ട്  ആൺ തേളുകൾക്ക്. ഒരു മണിക്കൂർ മുതൽ ചിലപ്പോൾ ഒരുദിവസം വരെ നീളും അത്. ശരീരം വിറപ്പിച്ചുള്ള ഡാൻസും ഇറുക്കുകൈകൾ ചേർത്തുള്ള കെട്ടിപ്പിടുത്തവും അധരഭാഗങ്ങൾ ഉരുമ്മലും (ചുംബനം എന്ന് നമ്മൾ പറയും) ഒക്കെ ചേർന്നതാണ് സ്‌നേഹപ്രകടനങ്ങൾ.  

മെരുക്കം കുറഞ്ഞ പെൺ തേളിനെ അൽപ്പം മയക്കാൻ അതിന്റെ പള്ളയിൽ വിഷമുള്ള് കൊണ്ട് ആൺ തേൾ മണ്ടിപ്പെണ്ണേ എന്ന് പറഞ്ഞ് നസീർ നായിക ക്കവിളിൽ തട്ടുന്ന സ്‌റ്റൈലിൽ കുഞ്ഞ് 'സ്‌നേഹ കുത്ത്' കൊടുക്കുകയും ചെയ്യും. സൗകര്യമുള്ള പരന്ന സ്ഥലത്തേക്ക് പെൺ തേളിനെ ആനയിച്ച് , പ്രലോഭിപ്പിച്ച് കൊണ്ട് വരലാണ് പിന്നെ പ്രധാനം. ആൺ തേൾ തന്റെ ബീജം അത്തരം സ്ഥലത്ത് നിക്ഷേപിച്ച പെൺ തേളിനെ അതിനടുത്ത് ആനയിച്ച്  എത്തിക്കും. പെൺ തേൾ ആ ബീജങ്ങൾ സ്വന്തം അണ്ഡാശയത്തിലേക്ക് വലിച്ച് കയറ്റും. ഇതാണ് ഇണചേരൽ! ഇണചേരൽ പരിസമാപ്തിക്ക് മുമ്പ് ആൺ തേൾ തന്ത്രപരമായി സ്ഥലം വിടാൻ നോക്കും. അല്ലെങ്കിൽ പലപ്പോഴും പെൺ തേൾ ആണിനെ കൊന്ന് തിന്നുകളയും. പിറക്കാനുള്ള, ഉണ്ണികളാവേണ്ട അണ്ഡങ്ങൾക്കുള്ള വളർച്ചയ്ക്ക് വേണ്ട നല്ല പോഷകശരീരം തൊട്ടടുത്ത് ഉള്ളപ്പോൾ അത് എന്തിനാണ് നഷ്ടമാക്കുന്നത് എന്നാവും കരുതുന്നത്.  

പെൺ തേളിനുള്ളിൽ ബീജ സംയോഗം നടന്ന അണ്ഡങ്ങളെ മുട്ടയായി പുറത്തേക്ക് ഇട്ടുകൂട്ടുന്നതിനുപകരം ഉള്ളിൽ തന്നെ വളർത്തി വലുതാക്കുന്നു. വളർച്ച പൂർത്തിയായ കുഞ്ഞുങ്ങളെയൊക്കെയും ഓരോന്നായി ജെനിറ്റൽ ഒപെർകുല എന്ന അടിഭാഗത്തെ ദ്വാരം വഴി പുറത്തേക്ക് ഇറക്കും. ഇങ്ങനെ 'പ്രസവിക്കുന്ന' വെളുപ്പു നിറമുള്ള തേൾ കുഞ്ഞുങ്ങൾ അമ്മത്തേളിന്റെ കാലുകൾചേർത്ത് കൂട്ടിപ്പിടിച്ചുണ്ടാക്കുന്ന കൊട്ടയിലാണ് വീഴുക. പതുക്കെ ഓരോരുത്തരായി അവിടെ നിന്ന് മുകളിലോട്ട് കയറും. മടക്കി പിടിച്ചു കൊടുക്കുന്ന കാലിലും തുമ്പിക്കൈയിലും ചവിട്ടി നാട്ടാനപ്പുറത്ത് പാപ്പാന്മാർ കയറുന്നത് പോലെയാണ് കണ്ടാൽ തോന്നുക.  

ഒറ്റ പ്രസവത്തിൽ. നൂറുകണക്കിന് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും ചില സ്പീഷിസുകളിൽ. അമ്മത്തേളിന്റെ ശരീരം മൂടാൻ മാത്രം എണ്ണം കാണും .  കുഞ്ഞുങ്ങൾ ഒരു തവണ ഉറപൊഴിച്ചാലേ (മോൾട്ടിങ്ങ് ) അതിന്റെ സ്വാഭാവിക നിറത്തിലേക്ക് വരികയുള്ളു. അതുവരെ എല്ലാ കുഞ്ഞുങ്ങളും മൃദുവായ   വെളുത്ത പുറം കവചത്തിന്റെ  നിറത്തിലാണ് ഉണ്ടാകുക. അമ്മത്തേൾ കുഞ്ഞുങ്ങളേയും ചുമന്ന് ഒരു മാസത്തോളം നടക്കും. അമ്മ കണ്ടെത്തിക്കൊടുക്കുന്ന ഭക്ഷണമാണ് അവ കഴിക്കുക. ഒരു മാസം കഴിഞ്ഞും ആനപ്പുറത്ത് സഞ്ചരിക്കാൻ ശ്രമിക്കുന്ന മടിയന്മാരായ മക്കളെ തിന്ന് ഒഴിവാക്കാനും അമ്മ മടിക്കില്ല. ലൈംഗീക പ്രത്യുത്പാദനം വഴിയല്ലാതെയും കുഞ്ഞുങ്ങളെ സ്വയം ഉള്ളിൽ സൃഷ്ടിക്കുന്ന രീതിയും ചില ഇനങ്ങൾക്ക് ഉണ്ട്. ഏഴെട്ട് ഉറപൊഴിക്കൽ കഴിയുന്നതോടെ പ്രായപൂർത്തിയാകുന്നു. 5 മുതൽ 25 വർഷം വരെ ആയുസ്സുള്ള സ്പീഷിസുകളുണ്ട്.

എല്ലാ തേളുകളും വിഷമുള്ളവയാണ് എങ്കിലും ലോകത്ത് ആകെ 25 ഇനങ്ങൾ മാത്രമാണ് മനുഷ്യർക്ക് മാരകമായവ. ഇറുക്ക് കൈകൾക്ക് വലിപ്പവും ശക്തിയും ഉറപ്പും ഉള്ള ഇനങ്ങളുടെ വാലിലെ വിഷശക്തിയാവും കൂടുതൽ എന്നാണ് നമ്മൾ പ്രതീക്ഷിക്കുക., എന്നാൽ തിരിച്ചാണ് കാര്യം.. കുഞ്ഞൻ ഇറുക്കു കൈക്കാർക്കാണ് കടുത്ത വിഷം ഉള്ളത്.

വിജയകുമാർ ബ്ലാത്തൂർ

English Summary : facebook post about scorpion by vijayakumar blathur