ACS Technology

News

'ഉദ്ദിഷ്ട കാര്യസാധ്യത്തിന് അവരെല്ലാം തോമസ് മാഷെ ഫോട്ടോ ഷോപ്പിൽ സുന്ദരനാക്കി, എതിരാളികളെ വികൃതമാക്കി'; കെ.എ. ഷാജി എഴുതുന്നു

Social Media

തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം രണ്ടായിരത്തി പതിനാലിലെ പൊതുതെരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ വി തോമസ് മത്സരിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകൻ കെ.എ. ഷാജി.

'ജന്മനാ ഇടതുപക്ഷക്കാരനായ ഞാൻ ഇടത് മതേതര പുരോഗമന ഇംഗ്ലീഷ് പത്രത്തിൽ എറണാകുളത്ത് നടക്കുന്ന പോരാട്ടത്തെക്കുറിച്ച് വസ്തുനിഷ്ഠമായി എഴുതി വീട്ടിൽ പോന്നു.
പിറ്റേന്ന് പത്രം നോക്കുമ്പോൾ ഞാൻ കൊടുത്ത വാർത്ത അതേ പോലുണ്ട്. പക്ഷെ കൂടെയുള്ള ചിത്രങ്ങളിൽ തോമസ് മാഷ് സ്വപ്ന സുന്ദരൻ. എതിരാളി ക്രിസ്റ്റി, മാഷുടെ തന്നെ നോമിനിയെന്ന് അസൂയക്കാർ, നിറം മങ്ങി ഇരുണ്ട് കണ്ടാൽ തിരിച്ചറിയാത്ത കോലത്തിൽ.' 

എറണാകുളത്തെ മുതിർന്ന മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് മുന്തിയ ടാബുകൾ മാഷ് വാഗ്ദാനം ചെയ്തിരുന്നെന്നും. അങ്ങനെ അവർക്കെല്ലാം  കിട്ടി. ഉദ്ദിഷ്ട കാര്യസാധ്യത്തിന് അവരെല്ലാം മാഷെ ഫോട്ടോ ഷോപ്പിൽ സുന്ദരനാക്കി. എതിരാളികളെ വികൃതമാക്കിയെന്നും കെ.എ. ഷാജി പറയുന്നു.

'മാഷിന് ബുദ്ധിയുണ്ട്. റിപ്പോർട്ടർമാർക്ക് കൊടുത്തില്ല. ഫോട്ടോഗ്രാഫർമാർക്കേ കൊടുത്തുള്ളൂ.'


ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം


രണ്ടായിരത്തി പതിനാലിലെ പൊതുതെരഞ്ഞെടുപ്പിൽ കെ വി തോമസ് ആയിരുന്നു എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഞാൻ ആ മണ്ഡലം പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന സ്‌പെഷ്യൽ കറസ്‌പോണ്ടന്റും.

അന്ന് നരേന്ദ്ര മോഡിയുടെ ഫ്രണ്ട് ആയ ഗുജറാത്ത് കേഡർ റിട്ടയേഡ് ഐഎഎസ് കാരൻ ക്രിസ്റ്റി ഫെർണാണ്ടസ് ആയിരുന്നു ഇടത് പക്ഷ സ്ഥാനാർത്ഥി. അയാൾ മോഡി ഭക്തി മൊഴിഞ്ഞപ്പോൾ വിശ്വസിക്കാനാകാതെ ഞാൻ എന്നെ നുള്ളി നോക്കിയത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതല്ല വിഷയം. ജന്മനാ ഇടതുപക്ഷക്കാരനായ ഞാൻ ഇടത് മതേതര പുരോഗമന ഇംഗ്ലീഷ് പത്രത്തിൽ എറണാകുളത്ത് നടക്കുന്ന പോരാട്ടത്തെക്കുറിച്ച് വസ്തുനിഷ്ഠമായി എഴുതി വീട്ടിൽ പോന്നു.

പിറ്റേന്ന് പത്രം നോക്കുമ്പോൾ ഞാൻ കൊടുത്ത വാർത്ത അതേ പോലുണ്ട്. പക്ഷെ കൂടെയുള്ള ചിത്രങ്ങളിൽ തോമസ് മാഷ് സ്വപ്ന സുന്ദരൻ. എതിരാളി ക്രിസ്റ്റി, മാഷുടെ തന്നെ നോമിനിയെന്ന് അസൂയക്കാർ, നിറം മങ്ങി ഇരുണ്ട് കണ്ടാൽ തിരിച്ചറിയാത്ത കോലത്തിൽ.

ഞാൻ കുപിതനായി. ബ്യൂറോ ചീഫിനോട് ആക്രോശിച്ചു: എങ്ങനെ ആ വലത് പക്ഷ മാഷ് മാത്രം സുന്ദരനായി?

ഒരു സഹപ്രവർത്തകൻ പിന്നീട് പറഞ്ഞു: എറണാകുളത്തെ മുതിർന്ന മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് വിലയിൽ തുച്ഛമായ ആകാശ് ടാബ് ലെറ്റ് മാഷ് വാഗ്ദാനം ചെയ്തിരുന്നു. പറ്റില്ലയെന്ന് അവരെല്ലാം ഒറ്റയടി പറഞ്ഞു. അങ്ങനെ അവർക്കെല്ലാം മുന്തിയ ടാബുകൾ കിട്ടി. ഉദ്ദിഷ്ട കാര്യസാധ്യത്തിന് അവരെല്ലാം മാഷെ ഫോട്ടോ ഷോപ്പിൽ സുന്ദരനാക്കി. എതിരാളികളെ വികൃതമാക്കി.

മാഷിന് ബുദ്ധിയുണ്ട്. റിപ്പോർട്ടർമാർക്ക് കൊടുത്തില്ല. ഫോട്ടോഗ്രാഫർമാർക്കേ കൊടുത്തുള്ളൂ. ഞാൻ ആ പത്രത്തിലെ റിപ്പോർട്ടേഴ്‌സ് ഡയറിയിലേക്ക് മൊത്തം ഡ്രാമ എഴുതി. അത് കൊടുക്കാൻ പറ്റില്ലെന്ന് അന്നത്തെ ബ്യൂറോ ചീഫ് ടീയാർ എന്ന മാന്യ ദേഹം പറഞ്ഞു. ഇത് നിങ്ങൾ പബ്ലിഷ് ചെയ്യില്ലെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നുവെന്നും ചരിത്രം എന്നെ കുറ്റക്കാരൻ അല്ലെന്ന് വിധിക്കാൻ ഓഫീസ് സോഫ്റ്റ് വെയറിൽ ഒരു ഫയലായി ഇതെന്നെന്നും കിടക്കാനായി മാത്രം എഴുതിയതാണ് എന്നും ഞാൻ പറഞ്ഞു. അത് അച്ചടിച്ച് വന്നില്ല.

മാഷ് ജയിച്ചു. പബ്ലിക് അക്കൗണ്ട്‌സ് ആയി. എന്തായാലും കൊച്ചിയിലുണ്ടായിരുന്ന രണ്ട് വർഷങ്ങളിൽ ഞാൻ ആ ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് കുമ്പളങ്ങിയിൽ പോവുകയോ തിരുത തിന്നുകയോ ചെയ്തിട്ടില്ല. അന്നും ഇന്നും ഒരു പക്ഷമുണ്ട്. ഭാഗ്യാന്വേഷികളുടേതല്ലാത്ത ഇടതുപക്ഷം. പിന്നെ വിശാല പൊതുതാത്പര്യം.

English Summary : facebook post by ka shaji about kv thomasRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter