ACS Technology

News

ഫോർഡ് ഇന്ത്യ വിടുമ്പോൾ കാർ ഉടമകളുടെ അവസ്ഥ ഇനി എന്ത്?

Lifestyle

ഇന്ത്യയിലെ വാഹന പ്രേമികളെ ഞെട്ടിച്ചു കൊണ്ട് വന്ന വാർത്തയാണ്  'ഫോർഡ്' രാജ്യത്ത് പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നത്. ജനറൽ മോട്ടോഴ്സിന് പിന്നാലെ ലോകത്തെ പ്രമുഖ വാഹനനിർമാണ കമ്പനിയും ഇന്ത്യ വിടുകയാണ്. രാജ്യത്തെ രണ്ട് പ്ലാന്റുകളിലേയും പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫോർഡ് അറിയിച്ചിട്ടുണ്ട്.

വാഹന മേഖലയിൽ വമ്പൻമാർക്കു പലർക്കും സംഭവിച്ച കാലിടറൽ ഇന്ത്യൻ പാതകളിൽ 26 കൊല്ലം ഓടിക്കഴിഞ്ഞ ഫോർഡിനും സംഭവിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവർത്തന നഷ്ടം നേരിട്ട സാഹചര്യത്തിൽ റീസ്ട്രക്ചറിങ്ങിനു നിർബന്ധിതമായിരിക്കുകയാണെന്നാണ് ഫോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.

1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. നേരത്തെ ഫോർഡ് 2019 ഒക്ടോബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബർ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകൾ ഉപയോഗശൂന്യമായി തുടങ്ങി. കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോർഡ്. 2017 ൽ ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ വിൽപന നിർത്തിയിരുന്നു.

ഫോർഡ് ഇന്ത്യ വിടുമ്പോൾ കാർ ഉടമകളുടെ അവസ്ഥ എന്താകുമെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിൽ ഫോർഡ് വാഹനങ്ങളുടെ ഉടമകളായ ലക്ഷക്കണക്കിനുപേരുടെ ഭാവിയാണ് ഒറ്റ ദിവസംകൊണ്ട് അനിശ്ചിതത്വത്തിലായത്. ഡീലർഷിപ്പുകളുടേയും കമ്പനിയിലെ തൊഴിലാളികളുടേയും ജീവിതവും പ്രതിസന്ധിയിലായി. എന്നാൽ ഫോർഡ് പൂർണമായും നിർത്തിപോകും എന്ന് അറിയിച്ചിട്ടില്ല. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ ഡീലർമാർക്ക് നൽകുകയും സ്റ്റോക്ക് തീരുന്നതുവരെ വിൽക്കുകയും ചെയ്യും. 

ഫിഗോ, ആസ്പയർ, ഇക്കോസ്‌പോർട്ട്, ഫ്രീസ്‌റ്റൈൽ, എൻഡവർ തുടങ്ങിയ വാഹനങ്ങളെല്ലാം ഇത്തരത്തിൽ സ്‌റ്റോക് തീരുന്നതുവരെ വിൽക്കും. നിലവിലുള്ള ഉപഭോക്താക്കളെ ഒരുതരത്തിലും കൈവിടില്ല എന്നാണ് ഫോർഡിന്റെ വാഗ്ദാനം. 'ഇന്ത്യയിലെ ഡീലർമാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളെ തുടർന്നും പിന്തുണക്കും'ഫോർഡ് പ്രസിഡൻറും സിഇഒയുമായ ജിം ഫാർലി പറഞ്ഞു. 

ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോർഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാറണ്ടി, സർവീസ്, സ്‌പെയർ പാർട്‌സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ 10 വർഷത്തേക്ക് ലഭ്യമാക്കും. പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ എന്നിവ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാൽ അവയ്ക്ക് വില വളരെ കൂടുതൽ ആയിരിക്കും. ചുരുക്കത്തിൽ ഫോഡ് എന്ന പേര് ഇന്ത്യയിൽ നിലനിൽക്കും. 

നാലായിരം ജീവനക്കാരാണ് ഫോർഡിന് ഇന്ത്യയിലുള്ളത്. ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മറ്റു നിർമാതാക്കൾക്ക് എൻജിനും ഘടകങ്ങളും നിർമിച്ചു നൽകി ഇന്ത്യയിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലുള്ള ഫോർഡ് ഉടമകൾക്ക് സർവീസ് സൗകര്യം എത്രനാൾ ലഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്.

English Summary : ford to stop manufacturing cars in india what next for car owners



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter