ACS Technology

News

'ഉന്നത ബന്ധം' ഉപയോഗിച്ച് കോലിയക്കോട് രക്ഷപെട്ടു, പുറത്താക്കാനുള്ള തീരുമാനം തടഞ്ഞു; ഇതെല്ലാം പാർട്ടി രേഖകകളിൽ ഉണ്ട്; പിരപ്പൻകോട് മുരളി

Politics

അച്യുതാനന്ദന്റെ ഉറ്റ സഖാവായിരുന്ന പിരപ്പൻകോട് മുരളി പാർട്ടിയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രശസ്തനായ നാടകകൃത്തും ഗാനരചയിതാവുമാണ്. വാമനപുരം മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎ ആയ തന്നെ 1996ൽ തോൽപ്പിക്കാനായി എല്ലാ കുതന്ത്രങ്ങളും മറ്റൊരു മുൻ സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻനായർ പ്രയോഗിച്ചെന്നാണ് ആത്മകഥയിൽ പിരപ്പൻകോട് ആരോപിച്ചത്. താൻ പറഞ്ഞതിനു രേഖയുണ്ടെന്ന് പറയുകയാണ് പിരപ്പൻകോട് മുരളി. മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറിൽ'  സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അന്നു കഴിക്കൂട്ടം, വർക്കല, വാമനപുരം, പാറശാല  മണ്ഡലങ്ങളിലെ വീഴ്ച്ചകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ചു. കമ്മിഷൻ അംഗങ്ങളുടെ പേര് ഞാൻ പറയുന്നില്ല. കമ്മിഷൻ റിപ്പോർട്ട് പാർട്ടിയുടെ  പക്കലുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്  കോലിയക്കോടിനെ പാർട്ടിയിൽ വച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ സിപിഎമ്മിൽ നിന്നു പുറത്താക്കാൻ  ജില്ലാകമ്മിറ്റി തീരുമാനിച്ചതാണ്. പക്ഷേ പാർട്ടിയിലെ ആ 'ഉന്നത ബന്ധം' ഉപയോഗിച്ച് അയാൾ രക്ഷപെട്ടു. സംസ്ഥാനകമ്മിറ്റി ആ ശിക്ഷ 'പരസ്യശാസന' ആയി കുറച്ചു. ഇതെല്ലാം പാർട്ടി രേഖകകളിൽ ഉള്ള നിലയ്ക്ക് എങ്ങനെയാണ് കള്ളം ആകുന്നത്' 
പിരപ്പൻകോട് മുരളി ചോദിക്കുന്നു.

പാർട്ടിയുടെ സ്വാഭാവം തന്നെ മാറിയെന്നും ത്യജിക്കുന്നവരുടെ പാർട്ടി  ലഭിക്കുന്നവരുടെ പാർട്ടിയായി മാറിയെന്നും. സ്ഥാനമാനങ്ങൾ നോക്കിയാണ് പലരും നിൽക്കുന്നത്. പിന്നെ പറഞ്ഞിട്ടു  കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പറയേണ്ട സ്ഥലത്ത് മുഴുവൻ കൃത്യമായി പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം തുറന്നു പറയാൻ  ഒരിക്കലും മടി കാട്ടിയിട്ടില്ലെന്നും പിരപ്പൻകോട് മുരളി പറയുന്നു.

തുറന്നുപറച്ചിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളിൽ ആശങ്കയില്ലേ എന്ന ചോദ്യത്തിന് 'പാർട്ടി രണ്ടായി പിളർന്ന ഘട്ടത്തിൽ നടന്ന ഒരു വിശദീകരണ യോഗത്തിൽ എകെജിയോട് ഒരു സഖാവ് ഒരു ചോദ്യം ഉന്നയിച്ചു. എന്തു സംഭവിച്ചാലും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥനല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ  സംശയം. 'പാർട്ടി അച്ചടക്കം പാലിക്കുന്നവനാണ് കമ്മ്യൂണിസ്റ്റുകാർ, പക്ഷേ പാർട്ടി ഉണ്ടെങ്കിലേ അച്ചടക്കത്തിന് പ്രസക്തിയുള്ളൂ'  എന്നായിരുന്നു എകെജിയുടെ മറുപടി. അച്ചടക്കത്തിനു വേണ്ടി പാർട്ടിയെ ബലികൊടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കേണ്ടി വന്നതെന്നും എകെജി ചൂണ്ടിക്കാട്ടി. ഈ പാർട്ടിയെ ഉപയോഗിച്ച് ഉപജീവനം നടത്തുകയും സ്വകാര്യതാൽപര്യത്തിന് വിനിയോഗിക്കുകയും ചെയ്യുന്ന കുറേപ്പരുണ്ട്. അവരെക്കുറിച്ച് ചിലപ്പോൾ തുറന്നു പറയേണ്ടി വരും. പാർട്ടി കമ്മിറ്റികൾതന്നെ നടത്തിയ വിലയിരുത്തലുകളെ ഞാൻ പറഞ്ഞിട്ടുമുള്ളൂ. പി.ഭാസ്‌കരൻ മാഷ് എന്നോട് പറഞ്ഞ ഒരു കാര്യം കൂട്ടി ച്ചേർക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഇല്ല എന്നതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റ് അല്ലാതാകുന്നില്ല. കമ്മ്യൂണിസ്റ്റ്  പാർട്ടിയിൽ അംഗത്വം ഉണ്ട് എന്നതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റ് ആകുന്നുമില്ല.' എന്നായിരുന്നു മറുപടി.

പാർട്ടി അംഗമാണെങ്കിലും നേതൃനിരയിൽ ഇപ്പോഴില്ല. ആ സ്വാതന്ത്ര്യവും ഈ തുറന്നു പറച്ചിലിനു കാരണമല്ലേ എന്നതിന്, രാഷ്ട്രീയ രംഗത്തുനിന്നു മാറുകയായിരുന്നില്ല. അനാരോഗ്യവും പാർട്ടിയുടെ സമീപനവുമായിരുന്നു അതിനു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

'2018ൽ  തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ സജീവ പ്രവർത്തകനായിരുന്നു. അവിടെ വച്ച് സംസ്ഥാനകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത് നീതിയുക്തമായ തീരുമാനമായി എനിക്കു തോന്നിയില്ല. 
പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കാനായി നിലവിലുള്ള കമ്മിറ്റി ചേർന്നപ്പോൾ 'നിങ്ങൾക്ക് 80 വയസ്സായി, അതുകൊണ്ട് ഒഴിവാകണം' എന്ന് എന്നോടു പറഞ്ഞു. 

80 വയസ്സായില്ലെന്നും 74 വയസ്സേ ആയിട്ടുള്ളെന്നും ഞാൻ എഴുന്നേറ്റുനിന്ന് അറിയിച്ചു. മാറി നിൽക്കണമെന്നു പറഞ്ഞാൽ ചെയ്യാം, അതിന് അർഥം നേതൃത്വം എന്നെ വിശ്വസിക്കുന്നില്ലെന്നാണല്ലോ എന്നും പറഞ്ഞു. അപ്പോൾ 'നിങ്ങൾ പ്രവർത്തിക്കുന്നില്ല' എന്നു കാരണം മാറി. എന്താണ് ആ വിലയിരുത്തലിന് കാരണമെന്നു ഞാൻ ചോദിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് കൂടുതലും എന്റെ പ്രവർത്തനം. 'ഈ പ്രായത്തിലും ഏറ്റവും ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നു' എന്നാണ് ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറഞ്ഞത്. അതോടെ ഉള്ള കാര്യം ഞാൻ നേരെ പറഞ്ഞു. 'നിങ്ങൾക്ക് താൽപര്യമില്ലാത്ത രാഷ്ട്രീയ പ്രവർത്തനശൈലിയാണ് ഏന്റേത് എന്നു മനസ്സിലായി. അങ്ങനെയെങ്കിൽ ഒഴിവാക്കിക്കൊള്ളൂ' 

ഈ പാർട്ടിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്കു ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ ചെയ്യും, അധികം വൈകാതെ കോവിഡ് കാലമായി. പിന്നാലെ എനിക്ക്  പക്ഷാഘാതം ഉണ്ടായി. ഉർവശീ ശാപം ഉപകാരം എന്നതു പോലെയായി അതെല്ലാം. പാർട്ടി നയങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. പക്ഷേ എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.' അദ്ദേഹം പറയുന്നു.

English Summary : former mla pirappancode murali about cpm and koliyakodu krishnan nairRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter