ACS Technology

News

യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ്; യുവതി ഒളിവിൽ പോയി

Sessy Xavier

Trending

നിയമബിരുദ പഠനം പൂർത്തിയാക്കാതെ ആലപ്പുഴയിൽ അഭിഭാഷകയായി പ്രാക്ടീസ് നടത്തിയിരുന്ന യുവതി മുങ്ങി. എൻറോൾ ചെയ്യാതെ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സെസി സേവ്യറാണ് ഒളിവിൽ പോയത്. കുട്ടനാട് രാമങ്കരി സ്വദേശിയാണ് ഇവർ. ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് കേസെടുത്തതിനെ തുടർന്നാണ് ഇവർ ഒളിവിൽ പോയത്.യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് ഇവർക്കെതിരെ പരാതി നൽകിയത്. ആൾ മാറാട്ടം,വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നായിരുന്നു പരാതി.

രണ്ടുവർഷമായി ആലപ്പുഴ കോടതിയേയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് പ്രാക്ടീസ് ചെയതു വരികയായിരുന്നു യുവതി.

പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും പ്രാക്ടീസ് ചെയ്തിരുന്ന ഇവർ സൗമ്യവും സൗഹൃദപരവുമായ പെരുമാറ്റം കൊണ്ട് എല്ലാവരുമായും അടുപ്പം സ്ഥാപിച്ചെടുത്തിരുന്നു. തുടർന്ന് ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെസി,അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.2018 ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്.
രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും പലർക്കും ജാമ്യം എടുത്തുകൊടുക്കുകയും ചെയ്തിരുന്നു. ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നുവെന്നും പരാത്ിയിൽ പറയുന്നു. സെസിയുടെ യോഗ്യതയെ കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും സെസി നൽകിയിരുന്നില്ല. ഇവർ നൽകിയ എൻറോൾ നമ്പറിൽ സെസി സേവ്യർ എന്ന പേരിൽ ഒരാൾ ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾ  നമ്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്. നിയമപഠനം തിരുവനന്തപുരത്ത് നടത്തിയിരുന്നു എന്നാണ് സെസി ആദ്യപറഞ്ഞിരുന്നതെങ്കിലും പിന്നീട് ബാംഗ്ലൂരിൽ പഠനം പൂർത്തിയാക്കിയെന്ന് മാറ്റിപ്പറഞ്ഞിരുന്നു.

അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽ നിന്ന് ഇവരെ പുറത്താക്കിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിട്ടുണ്ട്.
 

English Summary : As police investigation begins ,fraudulent lady advocate absconded



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter