
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചയച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനാണ് സംസ്ഥാനത്തിന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയത്.
മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ- ഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയില്ല. ഫയല്‍ അഭിഭാഷകന് കോടതി തിരിച്ചു നല്കി.
മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തീരുമാനമെടുക്കുമ്പോള്‍ പേരറിവാളന് കേസിലെ സുപ്രീം കോടതി വിധി കൂടി കണക്കിലെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തടവുകാരുടെ മോചനം പോലുള്ള വിഷയങ്ങളില്‍ കാലതാമസം പാടില്ല എന്നായിരുന്നു പേരറിവാളന് കേസിലെ നിര്‍ദ്ദേശം.
English Summary : governor want explanation on manichan jail release
Tags : governor manichan jail release