ACS Technology

News

വാർദ്ധക്യത്തിൽ സംഭവിക്കുന്ന ഇടുപ്പിലെ ഒടിവുകൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Lifestyle

വാർദ്ധക്യത്തിൽ വളരെ സാധാരണമായി കണ്ടു വരുന്ന പരിക്കാണ് ഇടുപ്പിനോട് ചേർന്നുള്ള തുടയെല്ലിലെ ഒടിവ്. പ്രായമാകുമ്പോൾ വീഴുവാനുള്ള സാധ്യത കൂടുകയും, വീഴുമ്പോൾ കൈ കുത്താനുള്ള ബാലൻസ് കുറയുകയും ചെയുന്നു. അതിനാൽ നടുവ് അല്ലെങ്കിൽ ഇടുപ്പ് തറയിൽ ഇടിച്ചു വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാർദ്ധക്യത്തിൽ പ്രത്യേകിച്ച് സ്ത്രീകളിൽ എല്ലുകൾക്ക് ബലക്ഷയം കാണപ്പെടുന്നതിനാൽ ചെറിയ വീഴ്ചകൾ പോലും ഇടുപ്പെല്ല് ഒടിയുന്നതിനു കാരണമാവും. ഈ വിധത്തിലുള്ള വീഴ്ചകളിൽ നട്ടെല്ലിലെ കശേരുക്കൾ ഒടിയുവാനുള്ള സാധ്യതയും കൂടുതലാണ്.

ലക്ഷണങ്ങൾ

  • വീഴ്ചയ്ക്ക് ശേഷം ഇടുപ്പിൽ ശക്തമായ വേദനയും കാലിൽ ഭാരം കൊടുക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു.
  • കിടക്കുന്ന അവസ്ഥയിൽ നിന്നും വശങ്ങളിലേക്ക് തിരിയുവാനും എണീറ്റ് ഇരിക്കാനും പറ്റാത്ത രീതിയിൽ ഇടുപ്പിൽ വേദന അനുഭവപ്പെടുന്നു.
  • കാലിന്റെ നീളം അല്പം കുറഞ്ഞതായും പാദം പുറത്തേയ്ക്ക് തിരിഞ്ഞതായും കാണാം.
  • ഇടുപ്പിൽ നീരും നിറവ്യത്യാസവും ഉണ്ടാകാം.

പ്രാഥമിക പരിചരണം

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എഴുന്നേൽപ്പിച്ച് ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാത്ത പക്ഷം ഒടിവിന് സമീപത്തുള്ള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്. എത്രയും വേഗം സ്‌ട്രെച്ച്റിൽ കിടത്തി ആംബുലൻസിൽ ഹോസ്പ്പിറ്റലിൽ എത്തിക്കുകയാണ് വേണ്ടത്. ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ സഹായത്താൽ കാലിൽ ഭാരം തൂക്കുന്നത് വേദന കുറയ്ക്കാനായി ഉപകരിക്കും.

രോഗനിർണയം

പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയാൽ എക്സ് റേയിലൂടെയാണ് ഒടിവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത്. വളരെ അപൂർവമായി മാത്രമേ CT സ്‌കാൻ MRI മുതലായവ വേണ്ടി വരികയുള്ളു.

ചികിത്സ

തുടയെല്ലിന്റെ മുകൾഭാഗം ഇടുപ്പിനോട് ചേരുന്ന ഭാഗത്താണ് ഒടിവ് സംഭവിക്കുന്നത്. ഒടിവിന് ശേഷം രോഗിക്ക് നിൽക്കുവാനോ ഇരിക്കുവാനോ സാധിക്കില്ല. ദീർഘനാൾ കിടപ്പിലാകുന്ന രോഗിക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ ശസ്ത്രക്രിയ നടത്തി വേദന അകറ്റി എത്രയും വേഗം എഴുന്നേൽപ്പിച്ച് ഇരുത്തുകയും നടത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  വളരെ നാൾ കിടപ്പിലായവരിൽ പുറം പൊട്ടി വൃണങ്ങളാവുക, ശ്വാസകോശത്തിൽ അണുബാധ, കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചു സ്ട്രോക്, ഹൃദയഘാതം മുതലായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.


ഒടിവ് ക്യാപ്‌സൂളിനകത്തോ പുറത്തോ എന്നതിനനുസരിച്ച് ശസ്ത്രക്രിയ വ്യത്യസ്തമാണ്. ക്യാപ്‌സൂളിനകത്തുള്ള ഒടിവിൽ എല്ലിലേക്കുള്ള രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. അതിനാൽ ശസ്ത്രക്രിയ ചെയ്ത് ഇടുപ്പിലെ സന്ധി മാറ്റി വയ്ക്കണം. രോഗിയ്ക്ക് ഒടിവിന് മുൻപ് എത്രത്തോളം തേയ്മാനം ഉണ്ടായിട്ടുണ്ട് എന്നതിനനുസരിച്ച് സന്ധി മുഴുവനായോ ഭാഗികമായോ മാറ്റി വയ്ക്കുന്നു.

ക്യാപ്‌സൂളിനു പുറത്തുള്ള ഒടിവുകൾക്ക് എല്ലുകൾ തമ്മിൽ യോജിപ്പിക്കുവാനുള്ള ശസ്ത്രക്രിയ ആണ് ചികിത്സ. ഇതിനായി വിവിധ മാതൃകയിലുള്ള കമ്പി, സ്‌ക്രൂ, പ്ലേറ്റ് മുതലായവയിൽ നിന്നും ഒടിവിന്റെ രീതിയ്ക്ക് അനുസരിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ എത്രയും വേഗം വാക്കർ ഉപയോഗിച്ച് മുഴുവനായോ ഭാഗികമായോ കാല് കുത്തി നടത്തിച്ചു തുടങ്ങുന്നു.

പ്രതിരോധം

  • ഒടിവ് വന്നതിനു ശേഷം ചികിൽസിക്കുന്നതിനേക്കൾ എന്ത് കൊണ്ടും നല്ലത് ഒടിവ് വരാതെ നോക്കുന്നതാണ്. പതിവായി വ്യായാമം ചെയ്യുന്നത് പേശികളുടെ ബലവും ബാലൻസും നിലനിർത്താൻ സഹായിക്കുന്നു. ഇത് ഇടുപ്പ് ഇടിച്ചു വീഴുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
  • പ്രായമായവരിൽ നേത്ര പരിശോധന നടത്തി കാഴ്ചക്കുറവ് പരിഹരിക്കുന്നത് വീഴ്ചകൾ കുറയ്ക്കും.
  • പ്രായമായവർ ഉപയോഗിക്കുന്ന മുറികളിലും ബാത്ത് റൂമുകളിലും വരാന്തകളിലും വഴു വഴുപ്പും ചെരിവും ഒഴിവാക്കുക.
  • അവർക്ക് പിടിച്ചു നടക്കുവാൻ റൈലുകൾ സ്ഥാപിക്കുന്നതും കയ്യിൽ വടി ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്.
  • എല്ലുകളുടെ ബലക്ഷയം കണ്ടെത്തി യഥാസമയം അതിനുള്ള ചികിത്സ നൽകുന്നതും ഒടിവിനുള്ള സാധ്യത കുറയ്ക്കുന്നു.

ഡോ. ഉണ്ണിക്കുട്ടൻ ഡി
ഓർത്തോപീഡിക് സർജൻ
എസ് യു ടി ഹോസ്പിറ്റൽ
പട്ടം
തിരുവനന്തപുരം

 

 

English Summary : hip fracture in elderlyRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter