ACS Technology

News

7 വർഷം കൊണ്ട് ഇരട്ടിയായി ഇന്ത്യയുടെ കടം; നിലവിലെ കടബാധ്യത 107 ലക്ഷം കോടിക്ക് മുകളിൽ

Editors Pick

ചന്ദ്രകാന്ത്. പി.ടി

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ കടബാധ്യതയിൽ ഏറ്റവും അധികം വർധനയുണ്ടായ 7 വർഷങ്ങളാണ് കടന്നുപോകുന്നതെന്ന് ആധികാരിക കണക്കുകൾ. 2014 വരെ 55 ലക്ഷം കോടിയായിരുന്ന കടം കഴിഞ്ഞ 7 വർഷം കൊണ്ട് ഇരട്ടിയായതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫെയർസിന്റെ കീഴിലുള്ള 'പബ്ലിക് ഡെബ്റ്റ് മാനേജ്മന്റ് ഏജൻസി' (പിഡിഎംഎ) റിപ്പോർട്ട്. ഇതുപ്രകാരം കേന്ദ്ര സർക്കാരിന്റെ കടം 107 ലക്ഷം കോടിക്ക് മുകളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 67 വർഷം കൊണ്ട് ഉണ്ടായ കടത്തിന്റെ ഇരട്ടിയാണ് 2014 ന് ശേഷമുള്ള ഏഴുവർഷം കൊണ്ട് വർധിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2020-2021 സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസത്തിൽ മാത്രം 6.3 ശതമാനത്തിന്റെ വർധനയാണ് ഇന്ത്യയുടെ കടത്തിലുണ്ടായത്.

അതായത് സ്വാതന്ത്ര്യം കിട്ടി 2014 വരെയുള്ള 67 വർഷം കൊണ്ട് കേന്ദ്ര കടം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2014 നു ശേഷം കഴിഞ്ഞ 7 വർഷം കൊണ്ട് കടം ഇരട്ടി വർധിച്ച് 107 ലക്ഷം കോടി കടന്നു. ബ്രിട്ടൻ ഇന്ത്യ വിട്ടുപോകുമ്പോൾ സമസ്ത മേഖലയിലും ഇന്ത്യ ഇരുണ്ട യുഗത്തിൽ ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം രണ്ടു നൂറ്റാണ്ടോളം കൊള്ളയടിച്ച വെള്ളമോ വെളിച്ചമോ ഇല്ലാത്ത, നിരക്ഷരരും, പട്ടിണിക്കാരും മാത്രം ഉണ്ടായിരുന്ന ഇന്ത്യ. മികച്ച പട്ടാളമോ ആയുധങ്ങളോ ഇല്ലായിരുന്നു. ഗതാഗത മാർഗങ്ങൾ തീരെ വിരളം.ഇന്ത്യ -പാക് വിഭജനവും അതേ തുടർന്നുള്ള യുദ്ധങ്ങളും. ആ ഇന്ത്യ നരകത്തിൽ ആയിരുന്നു. അടിസ്ഥാന വികസനത്തിന് വിദേശ സഹായത്തോടെ പദ്ധതികൾ നടപ്പാക്കി. 2014 ന് മുൻപുള്ള 67 വർഷങ്ങളിലെ 13 പ്രധാനമന്ത്രിമാർ നേതൃത്വം നൽകിയ സർക്കാരുകൾ സ്ഥാപിച്ച പൊതുമേഖല സ്ഥാപനങ്ങളായിരുന്നു ഇന്ത്യയുടെ നേടും തൂണുകൾ. ഇന്ത്യ സാമ്പത്തികമായി ഉയർന്നു വരുന്ന ശക്തിയായി പുതിയ സഹസ്രാബ്ധത്തിന്റ ആദ്യ ദശകത്തിൽ കേൾവികേട്ടു.സൈനിക ശക്തിയിൽ ഇന്ത്യ മേഖലയിൽ നിർണായക ശക്തിയായി. ചൊവ്വയിൽ വരെ എത്തി ബഹിരാകാശത്തും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. ഇന്ത്യ കാർഷിക സ്വയം പര്യാപ്ത രാജ്യമായി. 2014നു മുന്നേ നേടിയത് ഇതൊക്കെയായിരുന്നു. ഇതിന്റെ വിലയായിരുന്നു 55 ലക്ഷം കോടിയുടെ കടം.

യുപിഎ കാലത്ത്  ഒരു ലിറ്റർ പെട്രോളിൽ നിന്നും കേന്ദ്ര സർക്കാർ നികുതിയായി നേടിയിരുന്നത് 9.48 രൂപ മാത്രമാണ്. ഡീസലിൽ നിന്നും 3.56രൂപയും. ഇന്നത് 31.80 രൂപയും 32.90 രൂപയുമാണ്.7 വർഷം കൊണ്ട് നികുതിയിനത്തിൽ തന്നെ ഭീമമായ വരുമാനമാണ് കേന്ദ്രത്തിന് ഉണ്ടായത്. പാചക വാതകത്തിന്റെ സബ്സിഡി ഏറെക്കുറെ എടുത്തുകളഞ്ഞ അവസ്ഥയും ഭീമമായ വരുമാനം കേന്ദ്രത്തിന് ഉണ്ടാക്കിക്കൊടുത്തു.

ഇതിനു പുറമേ ഓഹരി വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി ലാഭത്തിൽ ഉള്ള പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ വൻപിച്ച തോതിൽ വിറ്റഴിക്കലും നടക്കുന്നു.ഒപ്പം റോഡ് പലങ്ങൾ തുടങ്ങിയ നിർമാണങ്ങൾക്ക് ചിലവാകുന്ന തുകയുടെ മുതലും പലിശയും ഉൾപ്പെടെ 'ടോൾ' വഴി തിരിച്ചു കിട്ടുന്നു.എന്നുവച്ചാൽ നിക്ഷേപം എന്നത് നാമമാത്രം എന്നു വേണം കരുതാൻ.

2014 നു മുൻപ് 55 ലക്ഷം കോടിയായി കടം ഉയർന്നപ്പോൾ അഴിമതിയാണ് അതിനു കാരണം എന്നായിരുന്നു ശക്തമായി ആരോപണം. ഇപ്പോൾ അഴിമതി ആരോപണങ്ങൾ പുറത്തേക്ക് വരുന്നില്ല. എന്നിട്ടും കടം 107 കോടിയായി ഉയർന്നു എന്നത് അത്ഭുതപെടുത്തുന്ന കാര്യമാണ്. യുപിഎ കാലത്തു ഉണ്ടായിരുന്ന ഗ്യാസ് സബ്‌സിഡി നിർത്തലാക്കിയതുൾപ്പെടെ  സാധാരണക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും വൻപിച്ച തോതിൽ വെട്ടിക്കുറച്ചു എന്നുകൂടെ ഈ അവസരത്തിൽ ഓർക്കണം.. എന്നാൽ വൻ കോർപറേറ്റുകൾക്ക് ഒരുപാട് നികുതി ഇളവുകൾ ഈ കാലഘട്ടത്തിൽ കിട്ടുകയും ചെയ്തു. ജനം മതത്തിന്റെ നടത്തിപ്പിനെക്കുറിച്ചു തല പുണ്ണാക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം ദിശതെറ്റി നീങ്ങുയാണെന്ന ആശങ്ക ശക്തമാണ്.

English Summary : india s debt doubles in 7 yearsRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter