ACS Technology

News

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ദിനപത്രം; ‘മുംബൈ സമാചാർ’ പത്രത്തിന് ഇരുനൂറു വയസ്സ് 

Lifestyle

ഇന്ത്യൻ മാധ്യമരംഗത്ത് അപൂർവചരിത്രം രചിച്ച ‘മുംബൈ സമാചാർ’ പത്രത്തിന് ഇരുനൂറു വയസ്സ്. രാജ്യത്തു നിലനിൽക്കുന്ന ദിനപത്രങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ‘മുംബൈ സമാചാർ’ ലോകത്തു നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതിൽ നാലാം സ്ഥാനം. 1822 ജൂലൈ ഒന്നിനു മുംബൈയിൽനിന്നു ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരണമാരംഭിച്ച ‘മുംബൈ സമാചാർ’ തുറമുഖത്തെത്തുന്ന കപ്പലുകളെക്കുറിച്ചും വാണിജ്യവസ്തുക്കളെക്കുറിച്ചും ഗുജറാത്തി കച്ചവടക്കാർക്കു വിവരം നൽകാനായാണ് തുടങ്ങിയത്.  വൈദ്യുതിബന്ധം ഇല്ലാതിരുന്ന, വാർത്താവിനിമയ സംവിധാനങ്ങൾ കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ഏതാനും ഫൂൾസ്കാപ് പേപ്പറുകളിൽ നിന്നുള്ള തുടക്കമായിരുന്നു അത്. 

പാഴ്സി, മേമൻ, ജയിൻ, ബോറ വിഭാഗങ്ങളിൽപ്പെടുന്ന ഗുജറാത്തി വ്യാപാരികൾ ഏറെയുണ്ടായിരുന്ന നഗരത്തിൽ പത്രം പതിയെ പച്ചപിടിച്ചു. രണ്ടു ലോകയുദ്ധങ്ങൾ, മഹാമാരികൾ, ബ്രിട്ടിഷ് ഭരണം, സ്വാതന്ത്ര്യസമരം, ഉദാരവൽക്കരണം എന്നിവയ്ക്കും സാക്ഷിയായി. ഫർദുൻജി മർസ്ബാൻ എന്ന പാഴ്‌സി പണ്ഡിതനാണു പത്രത്തിന്റെ സ്ഥാപകൻ. ആഴ്ചപ്പതിപ്പു രൂപത്തിൽ ആദ്യം ഇറങ്ങിയപ്പോൾ മുംബീനാ സമാചാർ (മുംബൈയിലെ വാർത്തകൾ) എന്നായിരുന്നു പേര്. 10 വർഷത്തിനു ശേഷം ആഴ്ചയിൽ രണ്ടായി. ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങളിലെ വാർത്തകൾകൂടി ഗുജറാത്തിയിലേക്കു മൊഴിമാറ്റി. 1855ലാണു ദിനപത്രമായത്. ഏഷ്യയിലെ ആദ്യ ബിസിനസ് ദിനപത്രമാണിതെന്ന് ഉടമകൾ പറയുന്നു. കാലം മുന്നോട്ട് പോയപ്പോൾ മുംബീനാ സമാചാർ ഇടയ്ക്കു ബോംബെ സമാചാർ ആയി. നഗരം ‘മുംബൈ’ എന്ന പേരു വീണ്ടും സ്വീകരിച്ചപ്പോഴാണ് പത്രം മുംബൈ സമാചാർ ആയത്. 

ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസിൽനിന്ന് അധികം അകലെയല്ലാതെ ഹോർണിമാൻ സർക്കിളിലാണു മുംബൈ സമാചാറിന്റെ ഓഫിസ് കെട്ടിടമായ റെഡ് ഹൗസ്. പതിനെട്ടാം വയസ്സിൽ സൂറത്തിൽനിന്നു പേർഷ്യനും അറബിക്കും പഠിക്കാൻ മുംബൈയിലെത്തിയ ഫർദുൻജി മർസ്ബാൻ നഗരത്തിൽ തുടങ്ങിയ ബുക് ബൈൻഡിങ് കടയാണു വഴിത്തിരിവായത്. പിന്നെ പഴയ അച്ചടിയന്ത്രം വാങ്ങി. സ്ത്രീകളെ നിയോഗിച്ചു ഗുജറാത്തി ലിപിയിലുള്ള അച്ചുകൾ വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടു കൊത്തിയെടുക്കുകയായിരുന്നു. പിന്നീടാണു കപ്പലുകളെക്കുറിച്ചു വിവരം നൽകുന്ന ലഘുലേഖകളിലേക്കും അവിടെനിന്നു മുംബീനാ സമാചാറിലേക്കുമെത്തിയത്.

200 വർഷത്തിനിടെ പത്രത്തിന്റെ ഉടമസ്ഥാവകാശം പലർക്കും കൈ മറിഞ്ഞു. ഇപ്പോഴത്തെ ഉടമസ്ഥരായ കാമാ കുടുംബം പത്രം ഏറ്റെടുക്കുന്നത് 1933ൽ ആണ്. മുംബൈ സമാചാറിന് അച്ചടിമഷിയും ന്യൂസ്പ്രിന്റും നൽകിയിരുന്ന കാമാ നോർട്ടൻ ആൻഡ് കമ്പനി തങ്ങൾക്കു കിട്ടാനുള്ള കുടിശികയ്ക്കായി നൽകിയ കേസാണു വഴിത്തിരിവായത്. ജീവനക്കാർ വഴിയാധാരമാകുന്നതു ചൂണ്ടിക്കാട്ടിയ കോടതി ഈ ദിനപത്രം ഏറ്റെടുത്തു കൂടേയെന്നു കാമാ കുടുംബത്തിന്റെ അന്നത്തെ നാഥനായ മൻചെർജി നസർവാഞ്ചിയോടു ചോദിച്ചു. അദ്ദേഹം തയ്യാറായി. കാമാ കുടുംബം ഏറ്റെടുത്തതിനു ശേഷമാണു പത്രത്തിനു വളർച്ചയുണ്ടാകുന്നതും മുംബൈയിലെ ഗുജറാത്തികളുടെ ഏറ്റവും വിശ്വസ്തമായ വാർത്താ സ്രോതസ്സായി മുംബൈ സമാചാർ മാറുന്നതും. മുംബൈയിൽ മാത്രമാണു പത്രത്തിന് എഡിഷനുള്ളത്. നിലവിൽ ഒരു ലക്ഷമാണു സർക്കുലേഷൻ. പത്തു പേജുകളുള്ള പത്രത്തിനു 10 രൂപയാണു വില.

മാധ്യമ രം​ഗത്തെ മാറ്റത്തിന്റെ വെല്ലുവിളികൾ മുംബൈ സമാചാറും നേരിടുന്നുണ്ട്. എന്നാൽ കൊവിഡ്കാലത്തും വായനക്കാർ തങ്ങളോടൊപ്പം നിൽക്കുന്നതായി ഡയറക്ടറായ ഹോർമുസ്ജി കാമ പറയുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ എന്നിവയുടെ മുൻ ചെയർമാനും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമാണ് ഹോർമുസ്ജി കാമ. ഇരുനൂറാം വർഷത്തിൽ വലിയതോതിലുള്ള ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും കൊവിഡിനെത്തുടർന്നു പലതും ഒഴിവാക്കിയിരിക്കുകയാണ്.

English Summary : india s oldest running newspaper mumbai samachar turns 200



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter