ACS Technology

News

ഇനി സിപിഎം- സിപിഐ ഒന്നാകലിന്റെ ഘട്ടമാണ് - ബിനോയ് വിശ്വം

Latest

ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ പാർട്ടിയാണ് കോൺഗ്രസെന്ന് ബിനോയ് വിശ്വം. താൻ കോൺഗ്രസിനെ പുകഴ്ത്തിയെന്നാണ് പലരും ആക്ഷേപിക്കുന്നത്. യഥാർത്ഥത്തിൽ കോൺഗ്രസിന് സംഭവിച്ച അപചയങ്ങളെ വിമർശിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായരുമായി 'ക്രോസ് ഫയറിൽ' സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. 

കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിനു സാധിക്കില്ലെന്ന താങ്കളുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചയ്ക്കു തുടക്കമിട്ടു. രാജ്യത്ത് പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനു മാത്രമെ സാധിക്കൂ എന്നാണോ നിലപാട്? 

അത് എഴുതാപ്പുറം വായിക്കലാണ്. രാഷ്ട്രീയത്തിൽ ചർച്ചകളെ ഭയപ്പെടേണ്ടതില്ല. പക്ഷേ വാർത്ത സൃഷ്ടിക്കാനുള്ള ബഹളത്തിനിടയിൽ ഞാൻ ആ യോഗത്തിൽ പറഞ്ഞ പല ഗൗരവമുള്ള കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി. കോൺഗ്രസിന്റെ നേതൃത്വത്തിൽ മാത്രമെ  ബിജെപി വിരുദ്ധ മുന്നേറ്റം ഉണ്ടാകൂ എന്നു ഞാൻ ചിന്തിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. പക്ഷേ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ പാർട്ടിയാണ് കോൺഗ്രസ്. ഞാൻ കോൺഗ്രസിനെ പുകഴ്ത്തിയെന്നാണ് പലരും ആക്ഷേപിക്കുന്നത്. യഥാർഥത്തിൽ കോൺഗ്രസിനു സംഭവിച്ച അപചയങ്ങളെ വിമർശിക്കുകയാണ് ഞാൻ ചെയ്തത്. ഉദാരവൽക്കരണത്തിന്റെ വഴിയിലേക്ക് കോൺഗ്രസ് പാഞ്ഞു കയറിയപ്പോൾ അവർ നെഹ്‌റുവിനെ മറന്നു. അതോടെ കോൺഗ്രസിന്റെ തകർച്ചയും തുടങ്ങി. ആ കുറ്റപത്രമാണ് ഞാൻ  അവതരിപ്പിച്ചത്. 

പക്ഷേ കോൺഗ്രസിനോടുള്ള മമത ആ പ്രസംഗത്തിൽ പ്രകടമായിരുന്നില്ലേ? 

കോൺഗ്രസ് തകർന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനല്ല ഞാൻ. കോൺഗ്രസ് തകർന്നാലുള്ള  ശൂന്യത നികത്താൻ ഇടതുപക്ഷത്തിനു കഴിയില്ല. അങ്ങനെ കഴിയുമായിരുന്നെങ്കിൽ നല്ല കാര്യം. പക്ഷേ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ ക്ഷയിച്ചാൽ ആ ഇടം കൂടി കവരുന്നത് ബിജെപിയാകും. ബിജെപിയെ ശക്തിപ്പെടുത്തൽ അല്ല ഞങ്ങളുടെ ലക്ഷ്യം.

സിപിഐയുടെ നിലപാട് കോൺഗ്രസ് വേദിയിൽ പോയല്ല വ്യക്തമാക്കേണ്ടതെന്നും താങ്കളുടെ പ്രതികരണം  അനവസരത്തിലായിപ്പോയെന്നും താങ്കളുടെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നല്ലോ? 

അങ്ങനെ ചില സുഹൃത്തുക്കൾ പറയുന്നുണ്ട്. കോൺഗ്രസിനെതിരെ ഉള്ള വിമർശനം അവരുടെ വേദിയിൽ അല്ലേ പറയേണ്ടത്. കോൺഗ്രസുകാരുടെ കയ്യടി കിട്ടാൻ വേണ്ടി അവർക്ക്  ഇഷ്ടമുള്ള കാര്യം പറയുകയല്ല ഞാൻ ചെയ്തത്. പി.ടി.തോമസിനെപ്പോലെ ഒരു നേതാവിനെ അനുസ്മരിക്കുന്ന വേദിയിൽ കഴമ്പുള്ള ഒരു രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കേണ്ടതാണെന്ന് എനിക്കു തോന്നി. വേണമെങ്കിൽ തോമസുമായുള്ള അടുത്ത സ്‌നേഹബന്ധവും അദ്ദേഹത്തിന്റെ സവിശേഷതകളും  പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കാം.. പകരം അദ്ദേഹത്തിന്റെ സ്മരണയോടു നീതി കാട്ടുകയാണ് ഞാൻ ചെയ്തത്. കോൺഗ്രസിന്റെ വേദിയിൽ തന്നെയാണ് ആ പ്രസംഗം ചെയ്യേണ്ടിയിരുന്നത്. പ്രസംഗം മുഴുവൻ കേൾക്കാൻ ക്ഷമയില്ലാത്തവർ വിമർശിക്കുന്നതിന് മറുപടിയില്ല.

കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ 'ഹാങ് ഓവറും' താങ്കളുടെ വാക്കുകളിൽ ദർശിക്കുന്നവരുണ്ടല്ലോ? 

എന്തിന്! കനയ്യകുമാറിനോട് ഞങ്ങളെല്ലാം വലിയ വാത്സല്യവും സ്‌നേഹവും കാണിച്ചു. മറ്റാർക്കു നൽകാത്ത പരിഗണന  പാർട്ടി അദ്ദേഹത്തിനു നൽകി. സിപിഐയിൽ  ചേർന്നു പത്തു കൊല്ലത്തിനുള്ളിൽ  അദ്ദേഹത്തെ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി. നാൽപതും അൻപതും കൊല്ലം പ്രവർത്തിച്ചവർക്ക് എത്തിപ്പെടാൻ കഴിയാത്ത ഉന്നതമായ പദവിയിലാണ് അദ്ദേഹത്തെ  അവരോധിച്ചത്. ഉൾക്കൊള്ളാൻ കഴിയാത്ത പ്രമോഷൻ ലഭിച്ചെന്ന് അയാൾക്ക്  തോന്നിയിട്ടുണ്ടാകും. പാർട്ടി വിട്ടു പോകുന്നതിനു തലേന്നു വരെയും കനയ്യയോട് സംസാരിച്ചയാളാണ് ഞാൻ.

സിപിഐ ഉപേക്ഷിച്ച്  എങ്ങോട്ട് പോകാനെന്നും ഈ പാർട്ടിക്ക് അപ്പുറം എനിക്ക്  ഒന്നുമില്ലെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇക്കാര്യം പറയാനായി എന്നെ അടിക്കടി വിളിക്കരുതെന്നും അഭ്യർഥിച്ചു. എന്നെ പോലെ ഒരാൾ സംശയിച്ചാൽ ദു:ഖമുണ്ടാക്കുമെന്നു വരെ പറഞ്ഞു. പിറ്റേന്നു രാവിലെ പത്തു മണിക്ക് കോൺഗ്രസ് ഓഫിസിൽ പോയി നിൽക്കുന്നതാണ് കണ്ടത്!

സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ സഖ്യമാണ് ഇപ്പോൾ ആവശ്യം, ദേശീയ ബദലിന് പ്രസക്തി ഇല്ല എന്ന സിപിഎം നിലപാടിനോട് എന്താണ് സമീപനം? 

സിപിഎമ്മിന്റെ  പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ കോൺഗ്രസ് വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്ട്രീയങ്ങൾ രണ്ടും കൂടി  അവർ പറയാൻ പോകുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. മൗലികമായി സിപിഎമ്മും സിപിഐയും പറയുന്ന കാര്യങ്ങളിൽ വ്യത്യാസമില്ല. കോൺഗ്രസ് ഇല്ലാത്ത ഒരു ബദലിനെപ്പറ്റി ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ കോൺഗ്രസിന് ആ ബദലിൽ മുഖ്യപങ്കില്ല. ആ മുന്നണിയെ നയിക്കാനും അവർക്ക് സാധിക്കില്ല. അതിനുള്ള ശേഷി ഇന്ന് കോൺഗ്രസിനില്ല. പക്ഷേ കോൺഗ്രസ് വർജ്ജിക്കപ്പെടേണ്ട പാർട്ടിയല്ല. കോൺഗ്രസിനെയും ബിജെപിയെയും ഒരു പോലെ കാണണമോ എന്നു ചോദിച്ചാൽ അതിന്റെ ആവശ്യമില്ല.ദേശീയ ബദൽ പല രീതിയിൽ രൂപപ്പെടാം.സംസ്ഥാനങ്ങളിലെ സഖ്യങ്ങൾക്കും അതിൽ ഒരു പങ്കുണ്ടാകും. ഒരു സംസ്ഥാനത്ത് ഞങ്ങൾ കോൺഗ്രസുമായി സഖ്യത്തിലായിരിക്കും, തൊട്ടടുത്ത സംസ്ഥാനത്ത് മുഖ്യശത്രു കോൺഗ്രസ് ആയിരിക്കും.

ദേശീയ തലത്തിൽ സിപിഎമ്മും സിപിഐയും ബദലിന്റെ കാര്യത്തിൽ വ്യത്യസ്ത സമീപനങ്ങൾ എടുത്താൽ  ഇടത് ഐക്യത്തെ ബാധിക്കില്ലേ? 

ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ യാഥാർഥ്യമായി അടിവരയിട്ട് ഞാൻ കാണുന്നത് സിപിഎം-സിപിഐ ബന്ധമാണ്. ആ ബന്ധം എല്ലാറ്റിന്റെയും തിരികുറ്റിയാണ്. അതിന് ഒരു തകർച്ച ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ തമ്മിൽ സംവാദങ്ങൾ നടക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഒന്നാകണമെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. സിപിഎമ്മും സിപിഐയും പിരിയാൻ വേണ്ടിയാണ് താങ്കൾ കാത്തിരിക്കുന്നതെങ്കിൽ നിരാശനാകേണ്ടി വരും. കേരളത്തിലെ എൽഡിഎഫ് സർക്കാർ സിപിഎം-സിപിഐ ഐക്യത്തിന്റെ വലിയ സമ്പാദ്യമാണ്. ബിജെപി ഭരിച്ചു മുടിക്കുന്ന ഇന്ത്യയ്ക്ക് ഇടതുപക്ഷം കാണിച്ചു കൊടുക്കുന്ന ബദലാണ് ഈ സർക്കാർ.അതിനെ കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങൾ കാത്തു സൂക്ഷിക്കും. അത് എത്രമാത്രം സിപിഎമ്മിന്റെ സർക്കാരാണോ അത്രയും സിപിഐയുടേതുമാണ്. 

ബിജെപി വിരുദ്ധ പോരാട്ടത്തിന് ഇത്രയും  പ്രാധാന്യം കൊടുക്കുന്ന ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് തെറ്റായിപ്പോയില്ലേ? കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ദേശീയതലത്തിലെ തകർച്ച അവിടെയല്ലേ തുടങ്ങിയത്? 

യുപിഎ സർക്കാരിന്റെ അവസാന ഘട്ടത്തിൽ സർക്കാരിനും മുന്നണിക്കും പാളിച്ചകൾ സംഭവിച്ചു. ഇടതുപക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത പല വ്യതിയാനങ്ങളും ആ സർക്കാരിന് ഉണ്ടായി. അതിന്റെ മൂർധന്യാവസ്ഥയിലാണ് പിന്തുണ പിൻവലിച്ചത്. പക്ഷേ ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിച്ചത് കൂടുതൽ ആലോചിച്ചു ചെയ്യേണ്ടതായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെ ഇന്ത്യൻ ജനതയെ നേരിട്ടു ബാധിക്കുന്ന പല വിഷയങ്ങൾ ഉണ്ടായിരിക്കെ അക്കാര്യങ്ങളിലെ പ്രതിഷേധം ശക്തമാക്കി  പിന്തുണ പിൻവലിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കുറച്ചു കൂടി ബോധ്യപ്പെടുമായിരുന്നു. പക്ഷേ അതിനുള്ള രാഷ്ട്രീയ സാവകാശമോ ദൂരക്കാഴ്ച്ചയോ പ്രകടിപ്പിച്ചില്ല.

പകരം ഇന്റലക്ച്വൽ എന്നു പറയാവുന്ന ഒരു വിഭാഗത്തിന് മാത്രം  മനസ്സിലാകുന്ന ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിക്കുകയാണ് ചെയ്തത്. യുപിഎ ബന്ധം വിച്ഛേദിക്കേണ്ടി വന്നേക്കാം.പക്ഷേ  അതിനു പറഞ്ഞ കാരണം  തീരുമാനം അടവുപരമായി  ഉചിതമായിരുന്നോ എന്ന  സംശയം അന്നും ഇന്നുമുണ്ട്. ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐക്യ മുന്നണി എന്ന സംവിധാനം ഇനിയും ഇവിടെ തുടരേണ്ടതാണ് എന്നിരിക്കെ ആ അനുഭവം ഒരു പാഠമാണ്. 

സിൽവർ ലൈൻ റയിൽ പദ്ധതിയുടെ പേരിൽ ഭരണ-പ്രതിപക്ഷങ്ങൾ ഇന്നു കേരളത്തിൽ ചേരി തിരിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് കരുതുന്നുണ്ടോ?

ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതെയും അവരുടെ ആശങ്ക അകറ്റാതെയും  ഒരു വികസനപദ്ധതിയുമായും എൽഡിഎഫ് സർക്കാർ പോകില്ല.അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.  

രാഷ്ട്രീയ നേതാവ് എന്നതിന് അപ്പുറം തികഞ്ഞ പരിസ്ഥിതി വാദിയായാണ് താങ്കളെ കാണുന്നത്. 2018 ലെ പ്രളയത്തിനു ശേഷം നിർമാണ പദ്ധതികളുടെ കാര്യത്തിൽ കേരളം വളരെ സൂക്ഷിച്ചു നീങ്ങേണ്ട സാഹചര്യമില്ലേ? 

തീർച്ചയായും. അന്നു പ്രളയം കഴിഞ്ഞ പാടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്  പുതിയ കേരളത്തെ കെട്ടിപ്പടുക്കും എന്നായിരുന്നു ആ കേരളം ഒരിക്കലും പഴയ കേരളമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പറഞ്ഞതിൽ എല്ലാമുണ്ട്. ഒരു കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും എന്താണോ പറയേണ്ടത് അതു മുഴുവൻ ആ വാക്കുകളിൽ ഞാൻ വായിച്ചു. 

ചൈന ആർജിച്ച പുരോഗതിയെ സമീപകാലത്തായി കേരളത്തിലെ സിപിഎം നേതാക്കൾ അവരുടെ സമ്മേളനങ്ങളിൽ ഉയർത്തിക്കാണിക്കാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ചൈനീസ് വികസന മാതൃകയെ എങ്ങനെ വിലയിരുത്തുന്നു? 

ഇന്ത്യയുടെ സോഷ്യലിസ്റ്റ് നിർമാണത്തിൽ അന്ധമായി അനുകരിക്കേണ്ട ഒരു മാതൃകയില്ല.ലോകത്തിലെ എല്ലാ  അനുഭവങ്ങളും ഞങ്ങൾക്ക് പഠിക്കാം. ഞങ്ങൾക്ക് സോവിയറ്റ് മാതൃകയുമില്ല, ചൈനീസ് മാതൃകയുമില്ല.എന്നാൽ രണ്ടിടത്തെയും അനുഭവങ്ങളുണ്ട്. ഈ രണ്ടു രാജ്യങ്ങളുടെ പേരിൽ ഞങ്ങൾ കലഹിച്ചിട്ടുണ്ട്.അന്നത്തെ രൂപത്തിൽ സോവിയറ്റ് യൂണിയനും ഇല്ല, ചൈനയും ഇല്ല. അമേരിക്കയെ പോലും അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക പുരോഗതി ചൈന കൈവരിച്ച നേട്ടമാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം, പെരുകുന്ന അഴിമതി ഇതെല്ലാം അവരും സമ്മതിക്കുന്ന കോട്ടങ്ങളുമാണ്. അവരുടെ ശരികളെ മാനിക്കും, തെറ്റുകളെ  തള്ളിപ്പറയും. ഞങ്ങൾക്കു വഴികാട്ടി ഇന്ത്യൻ അനുഭവങ്ങളാണ്. ചൈനയുടേതല്ല 

സിപിഎം-സിപിഐ ലയനം,പുനരേകീകരണം എന്നെല്ലാമുള്ള ചർച്ചകൾ ഇടയ്‌ക്കെല്ലാം ഉയരാറുണ്ട്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ വീണ്ടും യോജിക്കാനുള്ള വിദൂര സാധ്യത ദർശിക്കുന്നുണ്ടോ?

സിപിഐയുടെ തലയിൽ ലയനം എന്ന പ്രയോഗം കെട്ടിവയ്ക്കരുത്.ആ വാക്കോ സങ്കൽപമോ ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണം എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ടു വച്ചിട്ടുള്ളത്. അതു നാളെ നടക്കുന്ന കാര്യമല്ല. പക്ഷേ ആ ലക്ഷ്യം ഞങ്ങൾ ഉയർത്തിപ്പിടിക്കും.അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കാരണം '64 ലെ ഭിന്നിപ്പിന് ആധാരമായ കാര്യങ്ങൾക്കെല്ലാം കാലം ഉത്തരം പറഞ്ഞു കഴിഞ്ഞു. സിപിഎമ്മും സിപിഐയും പരസ്പരം അടുത്തും .ദേശീയ, സാർവദേശീയ, സംസ്ഥാന വിഷയങ്ങളിൽ എല്ലാം പൊരുത്തമുള്ള നയ സമീപനങ്ങളാണ് രണ്ടു പാർട്ടികളുടേതും. അപ്പോൾ സാമാന്യമായ പരിണാമം  ഈ പാർട്ടികളുടെ ഏകീകരണമാണ്. മാർക്‌സിസത്തിന്റെ തത്വവും പ്രയോഗവും ഞങ്ങളെ ഒന്നിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.

English Summary : interview with cpi rajya sabha mp binoy viswamRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter