
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ലെന്നും നിഖില പറഞ്ഞു. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽ സ്റ്റോൺ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.
ചെസ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകൻ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നൽകിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോൾ വെട്ടില്ലല്ലോ അങ്ങനെ കളിയിൽ ജയിക്കാം എന്നാണ് അവതാരകൻ തന്നെ ഇതിന് ഉത്തരമായി പറയുന്നത്. 'പശുവിനെ വെച്ചാൽ ജയിക്കുമോ. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടിൽ വെട്ടാം.
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം.
ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകൾക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്. നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാൻ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ നിങ്ങൾ മുഴുവനായും വെജിറ്റേറിയൻ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാൻ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാൻ എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. ഞാൻ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും,'' നിഖില വിമൽ പറഞ്ഞു.
English Summary : It is not right that the cow alone should get the exemption for killing animals for food; Nikhila Vimal
Tags : nikhila vimal cow