ACS Technology

News

പൃഥ്വിരാജ് ഏതോ ഗ്രഹത്തിൽ ജീവിക്കുന്ന ആളായിട്ടായിരുന്നു അന്ന് തോന്നിയത്, നമ്മളുമൊന്നുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ; ഷാജോൺ പറയുന്നു

Entertainment

പൃഥ്വിരാജുമായുള്ള സിനിമാ അനുഭവങ്ങളും പൃഥ്വിരാജ് എന്ന വ്യക്തിയെ കുറിച്ച് തനിക്കുണ്ടായിരുന്ന കാഴ്ചപ്പാടിനെ കുറിച്ചും പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. ഭയങ്കര ബോൾഡായ സെൽഫ് മെയ്ഡ് ആയ വ്യക്തിയാണ് പൃഥ്വിരാജെന്ന് തോന്നിയ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിനെ കുറിച്ച് താൻ ധരിച്ചുവെച്ചിരുന്ന ചില കാര്യങ്ങൾ ഷാജോൺ തുറന്നുപറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ.

'ലൂസിഫർ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് വരെ എനിക്കും പൃഥ്വിരാജ് ദൂരെ ഏതോ ഗ്രഹത്തിൽ ജീവിക്കുന്ന ആളായിട്ടായിരുന്നു തോന്നിയത്. വേറേ ഏതോ ഒരാൾ, വേറേ ഏതോ ഒരു ഗ്രഹത്തിൽ ജീവിക്കുന്ന ആൾ. കുറേ ഇംഗ്ലീഷൊക്കെ പറഞ്ഞ് ഇല്യൂമിനാറ്റിയൊക്കെയായി, ഇരുട്ടത്തൊക്കെ നിന്ന് നമ്മളുമൊന്നുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ. അങ്ങനെയാണ് എനിക്കും തോന്നിയത്.

പിന്നീട് അമർ അക്ബർ അന്തോണിയുടെ ലൊക്കേഷനിൽ വെച്ചിട്ടാണ് ഞാൻ പൃഥ്വിരാജിനെ അടുത്തു കാണുന്നതും സംസാരിക്കുന്നതുമൊക്കെ. ചിത്രത്തിൽ ഞങ്ങൾക്ക് കുറച്ച് കോമ്പിനേഷൻ രംഗങ്ങളൊക്കെ ഉണ്ടായിരുന്നു.

അതിന് മുൻപ് പൊലീസ്, ചക്രം തുടങ്ങിയ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും അമർ അക്ബർ അന്തോണിയിയുടെ ലൊക്കേഷനിൽ വെച്ചാണ് കുറച്ചുകൂടി അടുത്ത് സംസാരിക്കുന്നതൊക്കെ. ആ സിനിമയിൽ നിന്ന് കിട്ടിയ സൗഹൃദത്തിൽ നിന്നാണ് ഞാൻ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലേക്കൊക്കെ പൃഥ്വിരാജിനെ വിളിക്കുന്നത്.

രാജുവിനെ കൂടുതൽ അടുത്ത് മനസിലായത് ലൂസിഫർ ലൊക്കേഷനിൽ ചെല്ലുമ്പോഴാണ്. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് രാജു ഇത്ര സിംപിളാണല്ലോ എന്ന് മനസിലാകുന്നത്. തമാശയൊക്കെ പറയുന്ന, തമാശകൾ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ തന്നെയാണ് അദ്ദേഹം,' ഷാജോൺ പറഞ്ഞു. പൃഥ്വിരാജിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇന്ത്യൻ റുപ്പിയാണെന്നും അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു.

ഡയറക്ഷൻ ആണോ ആക്ടിങ് ആണോ ഏതാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് ആക്ടിങ് തന്നെയാണെന്നും അതാണല്ലോ നമ്മുടെ ജോലിയെന്നുമായിരുന്നു ഷാജോണിന്റെ മറുപടി. എന്നാൽ ഇപ്പോൾ എന്നോട് ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നത് ഏതാണെന്ന് ചോദിച്ചാൽ ഡയറക്ഷൻ എന്ന് തന്നെ പറയുമെന്നും ഷാജോൺ വ്യക്തമാക്കി.

ഇനി ഒരു ചിത്രം കൂടി എടുക്കുമ്പോൾ ആരെ ഹീറോ ആക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് അങ്ങനെ ഹീറോയെ വെച്ച് എഴുതാൻ പറ്റില്ലെന്നും ആദ്യമായി നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടാക്കിയ ശേഷം അതിന് പറ്റുന്ന ഹീറോയുടെ അടുത്തുപോയി സംസാരിക്കുക എന്നതാണ് നമ്മുടെ രീതിയെന്നായിരുന്നു ഷാജോണിന്റെ മറുപടി.

English Summary : kalabhavan shajon about actor prithviraj and movies



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter