ACS Technology

News

കനയ്യകുമാറിന് ദേശീയ നേതൃത്വവുമായി ഒരു പ്രശ്‌നവുമില്ല, സിപിഐയെ ഉപേക്ഷിച്ചു പോകാൻ പറ്റിയ പാർട്ടിയല്ല കോൺഗ്രസ്; കാനം

Editors Pick

സിപിഐ നേതാവ് കനയ്യകുമാറിന് ദേശീയ നേതൃത്വവുമായി യാതൊരു പ്രശ്‌നവും ഇല്ലെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. ബിഹാറിലെ പാർട്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില സംഘടനാ പ്രശ്‌നങ്ങളുണ്ട്. തലമുറകൾ തമ്മിലെ ചില പ്രശ്‌നങ്ങൾ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതു ദേശീയ നിർവാഹകസമിതിതന്നെ മുൻകൈ എടുത്ത് ചർച്ച ചെയ്യുകയും നേതാക്കൾ ബിഹാറിൽ പോയിത്തന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ പ്രശ്‌നം അവസാനിച്ചുവെന്നാണ് താൻ മനസ്സിലാക്കിയതെന്നും പിന്നീട് ഏതു ദിശയിലേക്കു പോയി എന്ന് അറിയില്ലെന്നും കാനം പ്രതികരിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയെ ഉപേക്ഷിച്ചു പോകാൻ പറ്റിയ പാർട്ടിയല്ല കോൺഗ്രസ് എന്നതിൽ ഒരു സംശയവും ഇല്ലെന്നും കാനം പറഞ്ഞു. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ പരസ്യമായി കുറ്റപ്പെടുത്തിയതാണെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും കാനം പറഞ്ഞു. 'ഞാനും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാണ്. 9 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിൽ ഞാനും അംഗമാണ്. അതുകൊണ്ട് എവിടെ വരെ പോകാം, എന്തു പറയാം എന്നതിനെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയുണ്ട്. ആ ധാരണ അനുസരിച്ചു മാത്രമേ ഞാൻ സംസാരിച്ചിട്ടുളളൂ. പ്രസക്തമായ വിഷയത്തിൽ കേരളത്തിലെ സംസ്ഥാന കൗൺസിലിന്റെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. ബാക്കിയെല്ലാം നിങ്ങൾ ഉണ്ടാക്കിയ വാർത്തയാണ്. അതിന്റെ ഉത്തരവാദിത്തം എനിക്കില്ല. അജയഘോഷിന്റെ കാലം മുതൽ പാർട്ടി ജനറൽ സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയാൻ സാധിക്കുമോ? ആ ചരിത്രം ആളുകൾക്കു മനസിലാക്കാൻ വേണ്ടി അങ്ങനെ പറഞ്ഞെന്നേയുള്ളൂ. അല്ലാതെ ജനറൽ സെക്രട്ടറിയെ വിമർശിച്ചതല്ല. എസ്.എ. ഡാങ്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അദ്ദേഹവും വിമർശിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിക്കുമ്പോൾ പാർട്ടി മാനദണ്ഡം ആരു ലംഘിച്ചാലും അവർക്കെതിരെ വിമർശനവും ആക്ഷേപവും ഉയരാറുണ്ട്. അതു പാർട്ടി ഘടകത്തിലാകും പറയാറുള്ളത്. അങ്ങനെ ഒരു കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഡാങ്കെയുടെ പേരു പറഞ്ഞു പോയതുകൊണ്ട് അപകടമായി എന്ന ഒരു ധാരണയും എനിക്കില്ല- കാനം പറഞ്ഞു. 

കേരള കോൺഗ്രസ് എമ്മിന് സ്വാധീനം ഉണ്ടെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞിട്ടില്ലെന്നും കാനം പറഞ്ഞു. ഒരു പാർട്ടിയേയും അങ്ങനെ വിലയിരുത്താൻ കഴിയില്ലല്ലോ. അവരുടേതായ സ്വാധീനം ചില കേന്ദ്രങ്ങളിൽ അവർക്കുണ്ട്. എന്നാൽ പ്രധാനപ്പെട്ട സ്വാധീന കേന്ദ്രങ്ങളിൽ പോലും തിരഞ്ഞെടുപ്പിൽ അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു കുറവായി തുടരും. ഞങ്ങളുടെ കൂടി തീരുമാനിച്ചിട്ടാണ് അവരെ മുന്നണിയിൽ എടുത്തത്. മുന്നണിയിൽ വന്നപ്പോൾ ഘടകകക്ഷി എന്ന നിലയിൽ മാന്യമായി പെരുമാറാനും സഹകരിക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്- കാനം വ്യക്തമാക്കി. പ്രവർത്തരെയാണ് സിപിഐ ആഗ്രഹിക്കുന്നത്. നേതാക്കളെ അല്ലെന്നും കാനം പറഞ്ഞു. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവരെ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ എടുക്കുമെന്ന് ആരും കരുതില്ലല്ലോ. ഏതെങ്കിലും ബഹുജനസംഘടനയിൽ ഉൾപ്പെത്തും. മെച്ചപ്പെട്ട തലത്തിൽ പ്രവർത്തിച്ചാൽ പാർട്ടിയുടെ ഘടകത്തിൽ വരും. അതെല്ലാം സ്വാഭാവികമാണ്. 

കെ റെയിൽ പദ്ധതിയെ സിപിഐ അനുകൂലിക്കുന്നുവെന്നും കാനം വ്യക്തമാക്കി. എൽഡിഎഫ് പ്രകടന പത്രികയിൽ ഉളളതാണെന്നും അതുകൊണ്ടുതന്നെ നടപ്പിലാക്കാനുളള ബാധ്യത സിപിഐക്കുമുണ്ട്. എന്നാൽ ഒരു വൻകിട വികസനപദ്ധതി നടപ്പാക്കുമ്പോൾ ധാരാളം പ്രശ്‌നങ്ങൾ ഉയർന്നു വരാം. അതെല്ലാം മുൻകൂട്ടി കാണാൻ കഴിയില്ല. അത്തരം പ്രശ്‌നങ്ങൾ വന്നാൽ ജനപക്ഷത്തുനിന്നു പരിഹരിച്ചു പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണി ശ്രമിക്കും. കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമം ഇന്നു നടക്കുന്നുണ്ടെന്നും കാനം പറഞ്ഞു. അതൊന്നും പക്ഷേ വിജയിക്കാൻ പോകുന്നില്ല. ഈ നാട്ടിലെ ജനങ്ങളെ അങ്ങനെ തെറ്റായ നിഗമനങ്ങളിലേക്കു വേഗം കൊണ്ടു പോകാൻ സാധിക്കില്ല. അതേ സമയം എല്ലായിടത്തും കുറച്ചുപേർ വൈകാരികമായി പ്രതികരിക്കുന്നവരുണ്ടാകും. അവർക്കു വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കാതിരിക്കുക എന്നതാണ് വിവേകമുള്ള രാഷ്ട്രീയ-മത നേതൃത്വങ്ങൾ ചെയ്യേണ്ടത്.-കാനം കൂട്ടിച്ചേർത്തു. 

English Summary : kanhaiya kumar has no problem with the national leadership said kanam rajendranRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter