ലോക സഞ്ചാരി വിജയൻ ബാക്കിവച്ച ജപ്പാൻ യാത്ര; ആഗ്രഹം പൂർത്തിയാക്കാൻ തയാറെടുത്ത് മോഹന 

  1. Home
  2. Travel

ലോക സഞ്ചാരി വിജയൻ ബാക്കിവച്ച ജപ്പാൻ യാത്ര; ആഗ്രഹം പൂർത്തിയാക്കാൻ തയാറെടുത്ത് മോഹന 

ലോക സഞ്ചാരി വിജയൻ ബാക്കിവച്ച ജപ്പാൻ യാത്ര; ആഗ്രഹം പൂർത്തിയാക്കാൻ തയാറെടുത്ത് മോഹന 


Lifestyle

ലോക സഞ്ചാരി കെ.ആർ. വിജയൻ ബാക്കി വച്ച ജപ്പാൻ യാത്ര എന്ന ആഗ്രഹം പൂർത്തീകരിക്കാൻ പത്‌നി മോഹന തയാറെടുക്കുന്നു.  ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിൽ പുതിയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണു എഴുപതുകാരി മോഹന. 4 മാസം മുൻപാണു ഹൃദയാഘാതത്തെ തുടർന്നു വിജയൻ മരിച്ചത്.   വൈകാതെ കടയുടെ നടത്തിപ്പ് മോഹന ഏറ്റെടുത്തു. നവംബറിൽ  വിജയന്റെ ഒന്നാം ചരമ വാർഷികത്തിനു ശേഷമായിരിക്കും ജപ്പാൻ യാത്ര. വനിതാദിനമായ ഇന്നലെ 4 പൊതു പരിപാടികളിൽ മോഹന ഇന്നലെ പങ്കെടുത്തു. മോഹനയെ ആദരിക്കുന്ന ചടങ്ങായിരുന്നു എല്ലാം. 

ആഗ്രഹങ്ങൾ  മാറ്റി വയ്ക്കാനുള്ളതല്ലെന്നും സ്വപ്നങ്ങൾക്കു പിറകെ സഞ്ചരിച്ചു വേണം ജീവിതം ആസ്വദിക്കാനെന്നും മോഹന പറയുന്നു. 'കണ്ണുള്ളപ്പോഴേ കാണാൻ പറ്റൂ, ആരോഗ്യമുള്ളപ്പോഴേ പോകാൻ പറ്റൂ, വീട്ടിലിരുന്ന് എല്ലാം സമ്പാദിച്ചു കൂട്ടി  വച്ചാലും പോകാൻ നേരത്തു കൈവീശി പോകണം. ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നിറവേറ്റുക, ആഗ്രഹം ഇല്ലാത്ത മനുഷ്യരില്ല. പൈസയില്ലെങ്കിലും പോകാൻ മനസ്സ് വേണം, ആത്മധൈര്യം ഉണ്ടെങ്കിൽ എവിടെയും പോകാമെന്നു ചേട്ടൻ പറയും',

മുൻപത്തെ പോലെ യാത്രകൾക്കായി ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ ഒരു പങ്ക് മോഹന ഇപ്പോഴും മാറ്റിവയ്ക്കുന്നു. ആരോഗ്യമുണ്ടെങ്കിൽ യാത്ര തുടരണം. പറ്റുമെങ്കിൽ ഒരു ഇന്ത്യാ പര്യടനം കൂടി നടത്തണമെന്ന് മോഹന പറയുന്നു.  തണുപ്പു പ്രയാസമാണ്. ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയില്ല. മക്കൾക്കും മരുമക്കൾക്കും ഒപ്പമായിരിക്കും ജപ്പാൻ യാത്ര. ഇളയ മകൾ ഉഷയും ഭർത്താവ് മുരളീധരപൈയുമാണു കടയിൽ മോഹനയുടെ സഹായത്തിനുള്ളത്.   റഷ്യൻ യാത്രയ്ക്കു ശേഷം തിരികെ എത്തിയപ്പോഴായിരുന്നു വിജയന്റെ വിയോഗം. മോഹന സന്ദർശിക്കുന്ന 27-ാമത്തെ രാജ്യമാകും ജപ്പാൻ.

English Summary : kerala tea seller mohana