ACS Technology

News

വൃക്കരോഗം-രോഗലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ; അറിയേണ്ടതെല്ലാം 

Lifestyle

ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളി, രക്തം ശുദ്ധീകരിക്കുന്ന സങ്കീർണ്ണമായ പ്രക്രിയ ആണ് വൃക്കകൾ പ്രധാനമായും നിർവ്വഹിക്കുന്നത്. ഇതോടൊപ്പം ശരീരത്തിലെ വെള്ളത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് നിയന്ത്രിക്കുന്നതും വൃക്കകളാണ്. എല്ലുകളുടെ ആരോഗ്യത്തിനും രക്താണുക്കളുടെ അളവ് നിയന്ത്രിക്കുന്നതിനും വൃക്കകൾ സഹായിക്കുന്നു. വൃക്കരോഗം ആരംഭസ്ഥിതിയിൽ തന്നെ കണ്ടെത്തി, ശരിയായ ചികിത്സ ചെയ്താൽ സ്ഥായിയായ വൃക്കസ്തംഭനം തടയാൻ സാധിക്കും.

വൃക്ക രോഗലക്ഷണങ്ങൾ :-

  • നീര് - ശരീരത്തിലെ അധികമുള്ള ജലം പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. ആയതിനാൽ വൃക്കരോഗികളിൽ മുഖം, കൈകാലുകൾ, വയറ്, ശ്വാസകോശം എന്നിവിടങ്ങളിൽ വെള്ളം കെട്ടി ദേഹമാസകലം നീര്, വയറു വീർപ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം.
  •  മൂത്രത്തിലെ വ്യതിയാനങ്ങൾ - മൂത്രത്തിലെ അമിതമായ പത, രക്തനിറം എന്നിവ വൃക്ക രോഗലക്ഷണങ്ങളാണ്. രാത്രി സമയങ്ങളിൽ അമിതമായി മൂത്രം പോകുന്നതും വൃക്കകളുടെ പ്രവർത്തനക്ഷമത കുറവിന്റെ ലക്ഷണമാണ്.
  • ശരീരവേദന - വൃക്കരോഗികളിൽ കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ്, വിറ്റാമിൻ ഡി എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എല്ല്, മാംസപേശി, സന്ധികൾ എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകാം. എല്ലുകളുടെ ബലക്കുറവും ഒടിവിനുള്ള സാധ്യതയും വൃക്കരോഗികളിൽ കൂടുതലാണ.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ അമിത രക്തസമ്മർദ്ദം, രക്തക്കുറവ്, അമിതമായ ക്ഷീണം, ഓർമ്മക്കുറവ്, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദിൽ, ചൊറിച്ചിൽ എന്നിവയും വൃക്കരോഗബാധിതരിൽ ഉണ്ടാകാം.

ആരംഭ രോഗാവസ്ഥയിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ പകുതിയിലധികം രോഗികളിലും രോഗനിർണ്ണയം സ്ഥായിയായ വൃക്കപരാജയം സംഭവിച്ചതിനു ശേഷം ആണ് നടക്കുക. അതിനാൽ തന്നെ, വൃക്കരോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികൾ, അമിത രക്തസമ്മർദ്ദമുള്ളവർ, പാരമ്പര്യമായ വൃക്കരോഗമുള്ളവർ, അമിതവണ്ണം, പുകവലി, മദ്യപാനികൾ തുടങ്ങിയവർ, ജന്മനാ മൂത്രനാളിക്ക് വൈകല്യമുള്ളവർ, വേദനസംഹാരി തുടരെ ഉപയോഗിക്കുന്നവർ, മൂത്ര പരിശോധനയും രക്ത ടെസ്റ്റുകളും നടത്തി (രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ തന്നെ) രോഗം ആരംഭാവസ്ഥയിൽ തന്നെ കണ്ടുപിടിച്ച് ചികിത്സ തേടേണ്ടതാണ്.

രോഗനിർണ്ണയം 
 
ലളിതമായ മൂത്രപരിശോധനയിലൂടെയും രക്തടെസ്റ്റിലൂടെയും (ബ്ലഡ് യൂറിയ, ക്രിയാറ്റിനിൻ) വൃക്കരോഗം നിർണ്ണയിക്കാം. ചില അവസരങ്ങളിൽ അൾട്രാസൗണ്ട് സ്‌കാൻ, കിഡ്നി ബയോപ്സി എന്നിവയും വേണ്ടി വന്നേക്കാം.

ചികിത്സാരീതികൾ :-

എഴുപത് ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി അസുഖങ്ങളുടെ ഭാഗമാണ്. ആയതിനാൽ ശരിയായ ഭക്ഷണക്രമം, ജീവിതചര്യകൾ, മരുന്നുകൾ എന്നിവയിലൂടെ വൃക്കരോഗം നിയന്ത്രിക്കാം. വൃക്കവീക്കം (glomerulonephritis) മൂലമുണ്ടാകുന്ന വൃക്കസ്തംഭനം, കിഡ്നി ബയോപ്സി മുതലായ ടെസ്റ്റുകളിലൂടെ ആരംഭാവസ്ഥയിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാൽ ഡയാലിസിസ്, കിഡ്നി ട്രാൻസ്പ്ലാന്റ് തുടങ്ങിയവയിലൂടെ സാധാരണ ജീവിതം നയിക്കാവുന്നതാണ്.

ഡോ. നിഷി മാത്യു
കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ

പട്ടം,തിരുവനന്തപുരം
 

English Summary : kidney disease symptoms and treatment



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter