
സ്ലീപ്പിങ് ബസുകൾ ലാഭത്തിലായതോടെ ടെന്റ് ക്യാമ്പിങ്ങും ക്യാമ്പ് ഫയറും ആരംഭിക്കാനൊരുങ്ങി മൂന്നാർ കെഎസ്ആർടിസി അധികൃതർ. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ അന്തിയുറങ്ങുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ലീപിങ് ബസ് പദ്ധതി ആവിഷ്കരിച്ചത്.
ഇപ്പോൾ പഴയ മൂന്നാർ ഡിപ്പോയ്ക്ക് സമീപത്തുള്ള യൂക്കാലി തോട്ടത്തിൽ രണ്ട് ടെന്റുകളും ക്യാമ്പ് ഫയർ നടത്തുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ സന്ദർശകർക്ക് തുറന്നു നൽകും. ഒരാൾക്ക് 200 രൂപ നിരക്കിൽ നാല് പേർക്ക് അന്തിയുറങ്ങാൻ കഴിയുന്ന തരത്തിലാണ് ടെന്റുകൾ. മൊത്തമായി ടെന്റ് വാടകയ്ക്കെടുത്താൽ 700 രൂപയ്ക്ക് നൽകാനാണ് തീരുമാനം.
ടൂറിസം വരുമാന മാർഗമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബർ 14ന് ആരംഭിച്ച 'സ്ലീപിങ് ബസ്' വൻ വിജയമായതോടെയാണ് പുതിയ പദ്ധതിയുമായി കെഎസ്ആർടിസി രംഗത്തെത്തിയത്. സ്ലീപിങ് ബസ് പദ്ധതിയിൽ രണ്ട് ബസുകളായിരുന്നു കെ.എസ്.ആർ.ടി.സി ആദ്യഘട്ടത്തിൽ എത്തിച്ചിരുന്നത്. പദ്ധതി വിജയമായതോടെ ബസുകളുടെ എണ്ണം അഞ്ചായി. ആറുമാസത്തിനിടെ 18 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവഴി ലഭിച്ചത്.
English Summary : ksrtc started tent tourism after sleeping buses
Tags : tent tourism ksrtc tourism munnar tourists