കെ.വി.തോമസ് ജൂനിയർ മാൻഡ്രേക്ക്, എൽഡിഎഫിലേക്കു പോയതോടെ കെടുതി അവിടെയായി; റോജി എം ജോൺ 

  1. Home
  2. Politics

കെ.വി.തോമസ് ജൂനിയർ മാൻഡ്രേക്ക്, എൽഡിഎഫിലേക്കു പോയതോടെ കെടുതി അവിടെയായി; റോജി എം ജോൺ 

കെ.വി.തോമസ് ജൂനിയർ മാൻഡ്രേക്ക്, എൽഡിഎഫിലേക്കു പോയതോടെ കെടുതി അവിടെയായി; റോജി എം ജോൺ 


Politics

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു പാഠപുസ്തകമാണെന്ന് എൻഎസ്യുവിന്റെ മുൻ ദേശീയ അധ്യക്ഷനും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ. വളരെ ചിട്ടയായ പഴുതടച്ച പ്രവർത്തനവും ഏറ്റവും മികച്ച സ്ഥാനാർത്ഥിയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് വഴിയൊരുക്കിയതെന്നും റോജി എം ജോൺ പറഞ്ഞു. മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ നിയമസഭയുടെ കാലം മുതൽ പരസ്പരം ആലോചിച്ചും സഹകരിച്ചും നീങ്ങുന്ന ഒരു രണ്ടാം നിര കോൺഗ്രസിൽ സജീവമാണെന്നും റോജി എം ജോൺ പറഞ്ഞു. അത് ഗ്രൂപ്പിന് അതീതമാണ്. തങ്ങൾക്കിടയിലെ സൗഹൃദവും വ്യക്തിബന്ധവും അതിൽ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ പരാജയങ്ങൾ നേരിടുമ്പോൾ ജയിക്കുക എന്നത് എല്ലാവരുടെയും നിലനിൽപ്പിന്റെ തന്നെ പ്രശ്‌നവുമാണ്. പഴയ രീതിയിൽ കോൺഗ്രസിനു മുന്നോട്ടു പോകാൻ കഴിയില്ല. 'റീ ഇൻവന്റ്, റീബ്രാൻഡ്, റീ ലോഞ്ച്' എന്നാണ് ചിന്തൻ ശിബിരത്തിൽ ഞങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്. തൃക്കാക്കരയിൽ ജയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. കോൺഗ്രസ് തിരിച്ചുവരണമെന്ന അതിതീവ്രമായ വികാരമാണ് ഞങ്ങളെ നയിക്കുന്നത്.- റോജി എം ജോൺ വ്യക്തമാക്കി. ഈ രണ്ടാം നേതൃനിരയെ കൂട്ടിയിണക്കുന്ന മുഖ്യ കണ്ണി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും എംഎൽഎ പറഞ്ഞു. വ്യക്തിപരമായ സൗഹൃദം കൂടി അതിന്റെ കാരണമാണ്. 'വേവ് ലെങ്ത്' എന്നെല്ലാം പറയില്ലേ. അതു സഭയ്ക്കുള്ളിൽത്തന്നെ രൂപപ്പെട്ടിട്ടുള്ള സൗഹൃദമാണ്. ഞങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ സതീശൻ ശ്രമിക്കാറുണ്ട്. സഭയിൽ ഒരു അടിയന്തര പ്രമേയം വരുമ്പോൾ ചെറുപ്പക്കാരായ ആരെയെങ്കിലും ഏൽപിക്കാമോ എന്നാണ് അദ്ദേഹം ആദ്യം നോക്കുന്നത്. യുവാക്കളെ കൂടെ നിർത്തുന്ന ശൈലിക്ക് ഉടമയാണ് കെപിസിസി പ്രസിഡന്റും. ഞങ്ങളെ വിശ്വസിച്ച് ഉത്തരവാദിത്തം ഏൽപ്പിക്കുന്ന രീതിയാണ് രണ്ടുപേരുടേതും. കാര്യങ്ങൾ നിർവഹിക്കുന്നതിന് പൂർണ സ്വാതന്ത്ര്യം തരും- റോജി പറയുന്നു. 

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി വിട്ടത് കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്നും റോജി പറഞ്ഞു. കെ വി തോമസിനെ ഒരു ജൂനിയർ മാൻഡ്രേക്ക് ആയിട്ടാണ് വിലയിരുത്തുന്നത്. കെ വി തോമസ് എൽഡിഎഫിലേക്ക് പോയതോടെ കെടുതി അവിടെയായിയെന്നും റോജി പറഞ്ഞു. അദ്ദേഹത്തിനു സിപിഎം കൊടുത്ത അമിത പ്രാധാന്യം കോൺഗ്രസ് പ്രവർത്തകരിൽ വാശി കൂട്ടി. തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും നേതാവ് ആകുന്നതും തന്റെ ഗുണം കൊണ്ടാണെന്ന് ആരെങ്കിലും ധരിച്ചാൽ അതിന്റെ മണ്ടത്തരമാണ് ഈ അധ്യായം വിളിച്ചോതുന്നത്. കോൺഗ്രസ് എന്നത് ഒരു വികാരമാണ്. അല്ലാതെ അത് ഏതെങ്കിലും എംപിയോ എംഎൽഎയോ നേതാവോ അല്ല. പക്ഷേ താൻ കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്നു ചില കോഴികൾക്കു തോന്നും. അങ്ങനെയുള്ളവർ ജനങ്ങൾക്കു മുന്നിൽ ഇതുപോലെ അപഹാസ്യരുമാകും- റോജി എം ജോൺ പറഞ്ഞു. 

തൃക്കാക്കര വിജയം മറ്റ് ജില്ലകളിലേക്കും മണ്ഡലങ്ങളിലേക്കും പകർത്താൻ തൃക്കാക്കരയിലെ വിജയത്തിന് ആധാരമായ കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യണമെന്നും എൽഎൽഎ പറഞ്ഞു. അതേസമയം, തൃക്കാക്കരയിലെ സാഹചര്യങ്ങളാകില്ല മറ്റൊരിടത്ത്. ഓരോ മണ്ഡലത്തിലെയും സാഹചര്യങ്ങൾ സൂക്ഷ്മമായി വിലിരുത്തണം. കേരളത്തിന് മൊത്തമായി ഒരു പ്ലാൻ അല്ല വേണ്ടത്. അത് മണ്ഡലാടിസ്ഥാനത്തിലാകണം. സ്ഥാനാർഥികളെ വളരെ നേരത്തേ നിശ്ചയിക്കുന്നതു പ്രായോഗികമല്ലെങ്കിലും സ്ഥാനാർഥികൾക്ക് ആവശ്യത്തിനു സമയം ലഭിക്കണം- റോജി എം ജോൺ വ്യക്തമാക്കി. 

English Summary : KV Thomas is rated as a Junior Mandrake, says roji m john