മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ

  1. Home
  2. National

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ


Latest

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.

ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനിൽ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനയ്ക്കുള്ളത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയിൽ നിന്നുള്ള രണ്ട് സഹമന്ത്രിമാരുമുൾപ്പെടെ നാല് സഹമന്ത്രിമാരുമുണ്ടായിരുന്നു. മഹാവികാസ് അഘാഡി സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിലെത്തി ഏക് നാഥ് ഷിൻഡെയോടൊപ്പം ചേർന്നിരുന്നു.

കഴിഞ്ഞ ദിവസം ഏക് നാഥ് ഷിൻഡെ ബി.ജെ.പി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നേരത്തെ ഏക് നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി നേതാവുമായി ഷിൻഡെ കൂടിക്കാഴ്ച നടത്തിയത്.

English Summary : maharashtra crisis uddhav thackeray takes away charge rebel ministers