ACS Technology

News

മഞ്ചേശ്വരം കോഴ കേസ്;  കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

Latest

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിനാണ് ഹാജരാകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.

കാസർഗോഡ് ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലിൽവച്ചു, പണം നൽകി സ്വാധീനിച്ചു തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക. ഐപിസി സെക്ഷൻ 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി അറിയിച്ചതായി വി. വി രമേശന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേന്ദ്രനെതിരെയാണ് പ്രധാനമായും പരാതി നൽകിയത്. മറ്റ് ആരെല്ലാമാണ് പണം നൽകിയത് എന്ന കാര്യം സുന്ദരയ്ക്കാണ് വെളിപ്പെടുത്താൻ സാധിക്കുകയെന്നും അഭിഭാഷകൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപരനായി മഞ്ചേശ്വരത്തു പത്രിക നൽകിയ കെ സുന്ദര വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര സ്വകാര്യ ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു. തൻറെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായും കെ. സുന്ദര ആരോപിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് തന്റെ അമ്മയോട് പറയാൻ ആവശ്യപ്പെട്ടുവെന്നും സുന്ദര വെളിപ്പെടുത്തി. തുടർന്ന് സുന്ദരയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു. 2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.

English Summary : Manjeswaram bribery case; K Surendran will appear for questioning tomorrow



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter