
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ, ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ സീസണിലെ ആദ്യ വിജയം നേടിയ മത്സരത്തിൽ, ആരാധകരുടെ മനസ്സു കവർന്ന് ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എം.എസ്. ധോണി. മത്സരത്തിൽ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്സ് പേസർ മുകേഷ് ചൗധരിയുടെ അടുത്തേക്ക് ഓടിയെത്തി, താരത്തിന്റെ തോളിൽ കയ്യിട്ട് ഉപദേശം നൽകുന്ന ധോണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയെ പുറത്താക്കിയെങ്കിലും, 3 ഓവറിൽ 40 റൺസാണു മുകേഷ് മത്സരത്തിൽ വഴങ്ങിയത്. അതിനു പുറമേ 3 ക്യാച്ചുകൾ നിലത്തിടുകയും ചെയ്തു. അതിൽ രണ്ടെണ്ണം അനായാസ ക്യാച്ചുകളായിരുന്നു. കാര്യങ്ങളെല്ലാം മുകേഷിന് എതിരായി നിന്ന സമയത്താണ് ആശ്വാസ വാക്കുകളുമായി ധോണി ഒപ്പം നിന്നത്. 8-ാമത്തെ ഓവറിലും 12-ാമത്തെ ഓവറിലും സുയാഷ് പ്രഭുദേശായിയുടെ ക്യാച്ചുകൾ മുകേഷ് വിട്ടുകളഞ്ഞിരുന്നു.
പിന്നീട് ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ എറിഞ്ഞ 15-ാം ഓവറിൽ, ദിനേശ് കാർത്തികിന്റെ ഒരു അനായാസ ക്യാച്ചും മുകേഷ് നിലത്തിട്ടു. മത്സരത്തിൽ മുകേഷ് വിട്ടുകളഞ്ഞ 3-ാമത്തെ ക്യാച്ച് ആയിരുന്നു ഇത്. പിന്നാലെ കടുത്ത സമ്മർദത്തിലായ മുകേഷിന്റെ മുഖം ചാനൽ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ തീക്ഷണ ഷഹബാസിനെ ബോൾഡാക്കി.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം മുകേഷിനടുത്തേക്ക് ഓടിയെത്തി താരത്തിന്റെ തോളിൽ കയ്യിട്ട് സംസാരിക്കുകയാണു ധോണി ചെയ്തത്. പിന്നാലെ ധോണിയുടെ നേതൃപാടവത്തെ പുകഴ്ത്തി ഒട്ടേറെ ആരാധകർ രംഗത്തെത്തി. ഞങ്ങളുടെ ക്യാപ്റ്റൻ ഇപ്പോഴും ധോണിതന്നെയാണെന്നും ക്യാപ്റ്റൻസി എന്നാൽ ഇതാണെന്നുമാണു ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്.
Dhoni straight went to Mukesh Choudhary who dropped catch after wicket #CSKvsRCB #IPL2022 pic.twitter.com/08DKl2U7zJ
— Gauπav (@virtual_gaurav) April 12, 2022
English Summary : ms dhoni s reaction after csk s mukesh choudhary drops 3 catches against rcb