ACS Technology

News

കോവിഡ് കാലത്തെ ഒളിംപിക്‌സിന് തുടക്കം; ദീപം കൊളുത്തി നവോമി ഒസാക

Sports

കോവിഡ് മഹാമാരിയിലും കെടാത്ത മാനവരാശിയുടെ ഇച്ഛാശക്തിയുടെയും ഒരുമയുടെയും വിളംബരമായി ഒളിംപിക്‌സ് മഹാമേളയ്ക്ക് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടക്കം. ടെന്നിസ് വേദികളിൽ ഇടിമുഴക്കമായി മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട സൂപ്പർതാരം നവോമി ഒസാകയാണ് ഒളിംപിക് ദീപം തെളിയിച്ചത്. ജപ്പാൻ ചക്രവർത്തി നരുഹിത്തോ ഒളിംപിക്‌സിന് തുടക്കമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിശ്വ കായികമേളയ്ക്ക് തുടക്കം കുറിച്ചു.

ആധുനിക ഒളിംപിക്‌സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട പുതിയ പതിപ്പിന്, ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ വൻ കരിമരുന്നു പ്രകടനത്തോടെയാണ് ഔദ്യോഗിക തുടക്കമായത്. 2013ൽ ഒളിംപിക്‌സിന് ആതിഥ്യം അനുവദിച്ചതു മുതൽ ഇത് യാഥാർഥ്യമാകുന്നതുവരെ ജപ്പാൻ നേരിട്ട പ്രതിസന്ധികൾ വിവരിക്കുന്ന പ്രത്യേക വിഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

'മുന്നോട്ട്' എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു.

41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് ടോക്കിയോയിൽ താരങ്ങൾ മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങൾ കളത്തിലിറങ്ങും. ഇതിൽ ഒൻപത് മലയാളികളുമുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്‌സിന്റെ സമാപനം.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയ്ക്കായി ഹോക്കി ടീമിന്റെ നായകൻ മൻപ്രീത് സിങ്ങും ബോക്‌സിങ് ഇതിഹാസം മേരി കോമും പതാകയേന്തി. ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് മാർച്ച് പാസ്റ്റിൽ ടീമുകൾ അണിനിരന്നത്. ഇതുപ്രകാരം 21-ാമതാണ് ഇന്ത്യയെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 പേർ മാത്രമേ ഇന്ത്യൻ സംഘത്തിൽനിന്ന് മാർച്ച് പാസ്റ്റിൽ പങ്കെടുത്തുള്ളൂ.

English Summary : The postponed Olympics kickstarted with an opening ceremony in Tokyo on Friday



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter