ACS Technology

News

ആഗസ്റ്റ് 28, 1963-ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 'എനിക്കൊരു സ്വപ്നമുണ്ട്' എന്ന വിഖ്യാത പ്രഭാഷണം നടത്തി

Editors Pick

സുരേഷ് സി ആർ

നീതിയുടെ രാജകൊട്ടാരത്തിലേക്കുള്ള ഊഷ്മളമായ കവാടത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് എന്റെ ജനതയോട് ചിലകാര്യങ്ങൾ കൂടിപറയാനുണ്ട്. നമുക്കവകാശപ്പെട്ട ശരിയായ സ്ഥാനത്തിനു വേണ്ടി നാം നടത്തുന്ന ഈ പോരാട്ടപ്രക്രിയയിൽ നാം ഒരിക്കലും തെറ്റായ രിതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദാഹം തീർക്കാൻ, നാം കുടിക്കേണ്ടത്, ഒരിക്കലും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പാനപാത്രത്തിൽ നിന്നാവരുത്.

നമ്മുടെ സമരം നയിക്കേണ്ടത് എല്ലായ്‌പ്പോഴും അന്തസിന്റേയും അച്ചടക്കത്തിന്റേയും ഏറ്റവും ഉന്നതമായ തലങ്ങളിൽ നിന്നുകൊണ്ടാവണം. നാം നമ്മുടെ സർഗാത്മകമായ സമരപദ്ധതിയെ കായികമായ അക്രമത്തിന്റെ തലത്തിലേക്ക് ഒരിക്കലും തരം താഴ്ത്താൻ പാടില്ല. കായികമായ ശക്തിയെ ആത്മബലം കൊണ്ട് നേരിടുന്ന മഹോന്നതമായ ഒരവസ്ഥയിലേക്ക് നാമുയരണം. 

മുന്നോട്ട് പോകുമ്പോൾ മുന്നോട്ട് തന്നെ പോകുമെന്ന് നാം പ്രതിജ്ഞ ചെയ്യണം. ഒരിക്കലും പിന്തിരിയരുത്. പൗരാവകാശങ്ങളുടെ ആരാധകന്മാരായ ആളുകൾ പോലും ചോദിക്കാറുണ്ട്, നിങ്ങൾ എപ്പോഴാണ് സംതൃപ്തരായിത്തീരുകയെന്ന്. നഗരങ്ങളിലെ ഹോട്ടലുകളിലും ഹൈവേകളിലെ മോട്ടലുകളിലും പ്രവേശനം കിട്ടാതെ, കഠിനയാത്രാ ക്ഷീണം കൊണ്ട് നമ്മുടെ ശരീരങ്ങൾ തളർന്നിരിക്കുന്ന കാലം വരെ, നാം സംതൃപ്തരാവുകയില്ല. നീഗ്രോയ്ക്ക് ഒരിടുങ്ങിയ വാസസ്ഥലത്തു നിന്നു വിശാലമായ ഒരിടത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന കാലം വരെ നമ്മൾ സംതൃപ്തരായിരിക്കുകയില്ല. മിസ്സിസ്സിപ്പിയിലെ നീഗ്രോകൾക്ക് വോട്ടവകാശമില്ലാത്ത കാലത്തോളവും ന്യുയോർക്കിലെ ഒരു നീഗ്രോ വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും കരുതുന്ന കാലത്തോളവും നമുക്ക് സംതൃപ്തരായിരിക്കാൻ കഴിയില്ല. 
അല്ല; നാം ഒരിക്കലും സംതൃപ്തരല്ല. നീതി ജലകണങ്ങൾ പോലെ ഒഴുകി വീഴുന്നതുവരെയും, സത്യവും നന്മയും ഒരരുവിപോലെ ശക്തമായി പ്രവഹിക്കുന്നതുവരെയും നമ്മൾ സംതൃപ്തരാവുകയില്ല.

എനിക്കിപ്പോഴും ഒരു സ്വപ്നമുണ്ട്. 

അമേരിക്കൻ ജനതയുടെ സ്വപ്നത്തിൽ ആഴത്തിൽ വേരോടിക്കിടക്കുന്ന ഒരു സ്വപ്നമാണത്. ''സ്വയം തെളിയിക്കും വിധം എല്ലാ മനുഷ്യരും തുല്യരാണെന്ന സത്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന്'' നാം എഴുതിവെച്ച ആ വിശ്വാസപ്രമാണത്തിന്റെ യഥാർത്ഥ സത്തയിലേക്ക് ഈ രാജ്യം ഉയരുമെന്ന സ്വപ്നമാണത്.

പഴയ അടിമകളെ സ്വന്തമാക്കി വെച്ചിരുന്നവരുടെ മക്കളും അന്നത്തെ അടിമകളായിരുന്നവരുടെ മക്കളും ഒന്നിച്ച് ജോർജിയായുടെ ചുവന്ന കുന്നിൻ പുറങ്ങളിൽ, സാഹോദര്യത്വത്തോടെ, ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ കഴിയുന്ന ഒരു നാളിനെപറ്റി എനിക്കൊരു സ്വപ്നമുണ്ട്. അനീതിയുടെയും അടിച്ചമർത്തലിന്റെയും ചൂടേറ്റ് വരണ്ടുണങ്ങി, മരുഭൂമിയായിക്കിടക്കുന്ന മിസ്സിസ്സിപ്പി സംസ്ഥാനം പോലും സ്വാതന്ത്ര്യത്തിന്റേയും നീതിബോധത്തിന്റേയും പച്ചപ്പിലേക്ക് രൂപാന്തരപ്പെടുന്ന ഒരു നാളിനെ പറ്റി എനിക്കൊരു സ്വപ്നമുണ്ട്.

തൊലിനിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്നമുണ്ട്.

ഇന്നെനിക്കൊരു സ്വപ്നമുണ്ട്.

ഇപ്പോൾ കറുത്തവംശജരുടെ ആവശ്യങ്ങൾക്ക് നേരെ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും അവരുടെ അവകാശങ്ങളെല്ലാം റദ്ദാക്കുന്നതിനും വേണ്ടിമാത്രം നാവു ചലിപ്പിക്കുന്ന ഒരു ഗവർണ്ണർ ഭരിക്കുന്ന അലബാമസംസ്ഥാനത്ത്, ഒരിക്കൽ കറുത്തവരുടെ ആണ്മക്കളും പെണ്മക്കളും, വെളുത്തവരുടെ ആണ്മക്കളും പെണ്മക്കളും എല്ലാം സഹോദരങ്ങളെപോലെ കൈകോർത്ത് നടക്കുന്ന ഒരു നാളിനെപറ്റി എനിക്കൊരു സ്വപ്നമുണ്ട്.

ഇന്നെനിക്കൊരു സ്വപ്നമുണ്ട്.

എല്ലാ താഴ്വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
_______

അമേരിക്കൻ ആഭ്യന്തര യുദ്ധാനന്തരം 1863-ൽ മൂന്ന് പ്രധാന ഭരണഘടനാ ഭേദഗതികൾ അമേരിക്കയിൽ നിലവിൽ വന്നു. അടിമത്തം അവസാനിപ്പിക്കുന്നതിനും അടിമകളായിരുന്ന ആഫ്രിക്കൻ വംശജർക്ക് പൗരത്വം നൽകുന്നതിനും അവരിലെ പുരുഷൻമാർക്ക് വോട്ടവകാശം നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികളായിരുന്നു അവ. എന്നാൽ നൂറു വർഷങ്ങൾക്ക് ശേഷവും കറുത്തവർക്കും വെളുത്തവർക്കുമിടയിൽ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനും കറുത്ത വർഗ്ഗക്കാരോടുള്ള അവഗണനയ്ക്കും അവഹേളനത്തിനുമെതിരേ പൗരാവകാശങ്ങൾക്കായി അമേരിക്കയിലെ 'അമേരിക്കൻ സിവിൽറൈറ്റ്സ് മൂവ്‌മെന്റ്' സംഘടിപ്പിച്ച വാഷിങ്ടൺ മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് മാർട്ടിൻ ലൂഥർ എന്ന മുപ്പത്തിനാലുകാരൻ ഈ വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തിയത്.

English Summary : on august 28, 1963 martin luther king jr delivered the famous speech i have a dreamRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter