
ചേരുവകൾ എല്ലാം തയാറാക്കി വച്ചാൽ എളുപ്പം ഉണ്ടാക്കിയെടുക്കാം ഈ സ്റ്റ്യൂ കൊഴുക്കട്ട.
ചേരുവകൾ
വറുത്ത അരിപ്പൊടി - 1 കപ്പ്
വെള്ളം - 1 1/2 കപ്പ്
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
പച്ചമുളക് അരിഞ്ഞത് - 3
കറുവപ്പട്ട - 2
കറിവേപ്പില - കുറച്ച്
ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ(ഒന്നാം പാൽ) - 1 കപ്പ്
രണ്ടാം പാൽ - 4 കപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും ഉപ്പും കൂടി കട്ടയില്ലാതെ കലക്കിയെടുക്കുക. ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം.
ചൂടാറിക്കഴിയുമ്പോൾ അരിപ്പൊടി മിശ്രിതം നല്ലതുപോലെ കുഴച്ചു മയപ്പെടുത്തുക. ശേഷം ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയുടെ ആകൃതി വരുത്തി ഉരുട്ടി എടുക്കുക.
വെള്ളം ഉപയോഗിച്ച് കൊഴുക്കട്ടകൾ മിനുസപ്പെടുത്തി എടുക്കാം. ആവി വരുന്ന സ്റ്റീമറിൽ വച്ച് 3 മിനിറ്റ് വേവിച്ചെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്കു രണ്ടാം പാലും ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും കറുവാപ്പട്ടയും ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ നേരത്തെ വേവിച്ചു വച്ച കൊഴുക്കട്ടകൾ ചേർത്ത് 5 മിനിറ്റു തിളപ്പിച്ച് വേവിക്കുക. ശേഷം ഒന്നാം പാൽ ചേർത്തു വാങ്ങാം. സ്വാദിഷ്ടമായ സ്റ്റ്യൂം കൊഴുക്കട്ട തയാർ. (കടപ്പാട്; ദീപ്തി)
English Summary : paal kozhukkatta recipe
Tags : paal kozhukkatta recipe