ACS Technology

News

പാട്രിയാർക്കി കൊല്ലുന്നത് പെണ്ണുങ്ങളെ മാത്രമല്ല, ആണുങ്ങളെ കൂടിയാണ് 

Trending

കഴിഞ്ഞ ദിവസമാണ് സഹോദരിയുടെ വിവാഹത്തിന് ബാങ്ക് വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തത്. അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ വിപിൻ എന്ന 26 കാരനാണ് വീട്ടിലെത്തി തൂങ്ങി മരിച്ചത്. 

ഈ ചെറുപ്രായത്തിൽ ഇത്രമാത്രം ഉത്തരവാദിത്വങ്ങളും കുടുംബത്തിന്റെ സംരക്ഷണവും ചുമതലയും ഏറ്റെടുത്തതിന്റെ സമ്മർദ്ദം മൂലമാണ് വിപിൻ ആത്മഹത്യ ചെയ്തതെന്ന പ്രതികരണമാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്നത്. പാട്രിയാർക്കി കൊല്ലുന്നത് പെണ്ണുങ്ങളെ മാത്രമല്ല, ആണുങ്ങളെകൂടിയാണെന്ന് പറയുകയാണ് എഴുത്തുകാരനും ആർ ജെയുമായ ബാല. മക്കളുടെ കല്യാണ ആവശ്യങ്ങൾക്കുളള പണം സ്വരൂപിക്കുന്ന പരുപാടി അപ്പനമ്മമാർ നിർത്തും വരെ ഇവിടെ സ്ത്രീധന മരണങ്ങളും ഇതുപോലുളള ആത്മഹത്യകളും ഇനീം ഉണ്ടാകുമെന്നും ആർ ജെ ബാല കുറിച്ചു. 

ആർ ജെ ബാലയുടെ പോസ്റ്റിന്റെ പൂർണരൂപം 

പാട്രിയാർക്കി കൊല്ലുന്നത് ആണുങ്ങളെ കൂടിയാണ്.

ഈ ചെറിയ പ്രായത്തിൽ ഇത്രമാത്രം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറഞ്ഞു,
കുടുംബത്തിന്റെ സംരക്ഷണവും ചുമതലയും തലയിൽ വച്ച് കൊടുത്ത്,
പെങ്ങളെ കെട്ടിക്കേണ്ടത് നീയാണ് എന്ന സമ്മർദം നൽകി,
അച്ഛന്റെ സ്ഥാനം ഇനി നിനക്കാണെന്നു പറഞ്ഞു,

പാവം.. എന്ത് കഷ്ടമാണ്.

ഒരു പ്രൊഫഷണൽ കോഴ്‌സെല്ലാം കഴിഞ്ഞു കരിയർ തുടങ്ങി എക്‌സ്പീരിയൻസ് നേടിയെടുക്കേണ്ട അല്ലേൽ ഇഷ്ടമുള്ള ഒരു പാഷൻ ഫോളോ ചെയ്യേണ്ട, പിന്നീടതിനെ ഒരു തൊഴിൽ ആക്കി മാറ്റേണ്ട ഒരാളെ എത്ര ക്രൂരമായാണ് ഇവിടുത്തെ ടോക്‌സിക് വ്യവസ്ഥകൾ കൊന്നു കളയുന്നത്.

കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന ആണായാലും പെണ്ണായാലും ആദ്യം ചെയ്യേണ്ടത് അതിനുള്ള പണവും ചിലവും സ്വയം വഹിക്കുക എന്നതാണ്. അപ്പന്റേം അമ്മടേം പൈസ എല്ലാം അവർക്ക് സന്തോഷിക്കാനുള്ളതാവണം. നിങ്ങടെ പൈസ നിങ്ങൾക്കും.

മക്കളുടെ കല്യാണ ആവശ്യങ്ങൾക്കുള്ള പണം സ്വരൂപിക്കുന്ന പരുപാടി അപ്പനമ്മമാർ നിർത്തും വരെ ഇവിടെ സ്ത്രീധന മരണങ്ങളും ഇതുപോലുള്ള ആത്മഹത്യകളും ഇനീം ഉണ്ടാകും.

മക്കളെ സ്വയം പര്യാപ്തരായി വളർത്തു. ഫിനാൻഷ്യൽ ഫ്രീഡം ആണ് ഏറ്റവും വലിയ ഫ്രീഡം. മക്കൾ അതു കൈവരിക്കുന്നത് വരെയുള്ള സമയവും സാവകാശവും അവർക്ക് കൊടുക്കണം. അവരുണ്ടാകും അവർക്കു വേണ്ടതെല്ലാം.

ഒരു ജീവിതകാലം മുഴുക്കെയും ഹോം ലോണും മക്കളെ കെട്ടിച്ചയച്ച കടം തീർത്തും ഒടുങ്ങാനുള്ളതല്ല മനുഷ്യര് എന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം. ഓർക്കുക വീടുകൾ തന്നെയാണ്, അവിടെയുള്ള റിഗ്രസ്സീവ് സിസ്റ്റംസ് ആണ് വീട്ടുകാരെ കൂടി കൊലക്കു കൊടുക്കുന്നത്.

പാട്രിയാർക്കി കൊല്ലുന്നത് പെണ്ണുങ്ങളെ മാത്രമല്ല, ആണുങ്ങളെ കൂടിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ Bala (@bala.rj)

English Summary : patriarchy kills not only women but also men, rj bala's post went viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter