
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി വിട്ടുപോകുന്നവരെ ആക്ഷേപിക്കാനില്ലെന്നും പാർട്ടിയിൽ പൂർണമായി അഴിച്ചുപണിയുണ്ടാകുമെന്നും വേണുഗോപാൽ പ്രതികരിച്ചു. 'ചിലർ പാർട്ടിയിൽ നിന്ന് പോകും, മറ്റ് ചിലർ പാർട്ടിയിലേക്ക് വരും. സമഗ്രമായ പുനസംഘടനയുമായിട്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുക,' അദ്ദേഹം പറഞ്ഞു.
അതേസമയം കപിൽ സിബൽ സമാജ്വാദി പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് സിബൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്.പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർ.എൽ.ഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.
'ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഞാൻ രാജ്യത്ത് എല്ലായ്പ്പോഴും സ്വതന്ത്ര ശബ്ദമാകാൻ ആഗ്രഹിക്കുന്നു.ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ മോദി സർക്കാരിനെ എതിർക്കാൻ ഒരു സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,'കപിൽ സിബൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിലെ തിരുത്തൽ വാദി സംഘത്തിൽ(ജി 23)പ്പെട്ട കപിൽ സിബൽ ദീർഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.
English Summary : People come and go from our party: Congress general secy Venugopal on Kapil Sibal’s exit
Tags : congress kapil sibal k c venugopal