
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം തന്നെയാണ് പ്രേക്ഷകർ എടുത്ത് പറയുന്നത്. ഒപ്പം അതിഥി രവിയുടെയും ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച റോളുകളിലൊന്നായി പത്താം വളവിലെ സീത എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നുണ്ട്. പത്താം വളവ് കണ്ടതിന് ശേഷമുള്ള തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ച് കൊണ്ട് നടി പൂർണിമ ഇന്ദ്രജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ദ്രജിത്, അതിഥി രവി, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം തിയേറ്ററിൽ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ഞാൻ അതിഥിയുടെ കാര്യം എടുത്ത് പറഞ്ഞു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം ഒരു അമ്മയെന്ന നിലയിലും ആർടിസ്റ്റ് എന്ന നിലയിലും, അതിഥി ഒരു ഫന്റാസ്റ്റിക് വർക്കാണ് ചെയതത്, എന്ന് എനിക്ക് തോന്നുന്നു. തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ആദ്യം ഞാൻ അതിഥിയോട് ഇക്കാര്യം പറഞ്ഞു. പിന്നെ സുരാജേട്ടനും ഇന്ദ്രനും. എല്ലാവരും കണ്ടിരിക്കണം, കാണുമെന്ന് ഉറപ്പാണ്. കാരണം അത്രയും ബ്യൂട്ടിഫുൾ ഫിലിമാണ്. എല്ലാവരും കാണുക,'' പൂർണിമ പറഞ്ഞു. അഭിലാഷ് പിള്ള തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, ബിനു അടിമാലി, ജയകൃഷ്ണൻ, മേജർ രവി, സ്വാസിക, സുധീർ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
English Summary : poornima indrajith about patham valavu movie
Tags : poornima indrajith patham valavu movie