
ലോകമാതൃദിനത്തോടനുബന്ധിച്ച് ആദ്യമായി മകളുടെ ആദ്യ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. മകൾ മാൾട്ടി മേരിയെ മാറോടണച്ചു പിടിച്ചിരിക്കുകയാണ് പ്രിയങ്ക. തൊട്ടടുത്ത് മകളെ വാത്സല്യപൂർവം നോക്കിയിരിക്കുന്ന നിക് ജൊനാസിനെയും ചിത്രത്തിൽ കാണാം. മകളുടെ മുഖം മറച്ചുള്ള ചിത്രമാണ് ഇരുവരും പങ്കുവച്ചത്.
'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ സഞ്ചരിച്ച പാതകളെക്കുറിച്ച് ഇപ്പോൾ പറയാതിരിക്കാനാവില്ല. ഒരുപാട് ആളുകൾ അനുഭവിച്ചിട്ടുള്ള കാര്യമാണത്. NICU-ൽ നിന്ന് നൂറ് ദിവസങ്ങൾക്കു ശേഷം ഞങ്ങളുടെ മകൾ ഇപ്പോൾ വീട്ടിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നുവെങ്കിലും ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്നു മനസ്സിലാക്കുന്നു. മകൾ വീട്ടിലെത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ആശുപത്രിയിൽ മകളെ പരിചരിച്ച ഡോകടർമാരോടും നഴ്സുമാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. മോളെ, മമ്മിയും ഡാഡിയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുകയാണ്. അമ്മയെന്ന നിലയിൽ പ്രിയങ്ക എന്നെ അതിശയിപ്പിക്കുന്നു. അവളുടെ ആദ്യ മാതൃദിനമാണ് ഇത്. പ്രിയങ്കയ്ക്ക് ഹൃദ്യമായ മാതൃദിനാശംസകൾ. നീ എല്ലാവിധത്തിലും എന്നെ പ്രചോദിപ്പിക്കുകയാണ്. ദൃഢനിശ്ചയത്തോടെയാണ് ജീവിതത്തിൽ അമ്മ എന്ന പുതിയ റോൾ നീ ഏറ്റെടുത്തിരിക്കുന്നത്. ഈ ജീവിതയാത്രയിൽ നിനക്കൊപ്പം കൂടാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കുന്നു. നീ അവിശ്വസനീയമായ അമ്മയാണ്. മാതൃദിനാശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', നിക് ജൊനാസ് കുറിച്ചു. ഈ വർഷം ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്.
English Summary : priyanka chopra nick jonas shares daughters picture