
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തെ വിമർശിച്ച് രംഗത്തെത്തിയ എഴുത്തുകാരി എസ്.ശാരദക്കുട്ടിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്. ഒരാൾ എപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്.
ഗോപാലേട്ടൻ (എകെജി) മത്സരിക്കും മുൻപ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്നു ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ?-രാഹുൽ പരിഹാസരൂപേണ ചോദിക്കുന്നു. സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമ തോമസ് മത്സരിക്കുന്നത് എന്ന ശാരദക്കുട്ടിയുടെ പ്രസ്താവനയ്ക്ക്, എൽഡിഎഫിൽ ജനപ്രതിനിധി മരിക്കുമ്പോൾ അവരുടെ ബന്ധുക്കൾ മത്സരിച്ച ചരിത്രങ്ങളും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, എന്തേ സിഐടിയു സംസ്കാരിക തൊഴിലാളികളെ കാണാത്തത് എന്നു വിചാരിച്ചതേയുള്ളൂ, അപ്പോഴേക്കും ശാരദക്കുട്ടിയെത്തി. ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ യുഡിഎഫ് സ്ഥാനാർഥിയുടെ മുടി മുതൽ നഖം വരെ ഓഡിറ്റ് ചെയ്യാൻ ഇക്കൂട്ടരില്ലെങ്കിൽ, കലാശക്കൊട്ടില്ലാത്ത തിരഞ്ഞെടുപ്പു പോലെ ശോകമാണ്. ശാരദക്കുട്ടിയുടെ ആശങ്കകളിലേക്ക് കടക്കാം.
ഒന്ന്, 'ഉമ തോമസ് അത്ര മിടുക്കിയാണെങ്കിൽ പി.ടിക്ക് മുൻപ് എന്തുകൊണ്ട് കോൺഗ്രസ് അവസരം കൊടുത്തില്ല?' കോൺഗ്രസ് ആർക്ക് എപ്പോൾ അവസരം കൊടുക്കണമെന്ന് കോൺഗ്രസ് തീരുമാനിച്ചോളാം എന്ന കടക്കു പുറത്തു മാതൃകയിൽ മറുപടി പറയാമെങ്കിലും, പറയുന്നില്ല. അല്ലയോ മഹാനുഭാവലു, ഒരാൾ എപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടത്? ഗോപാലേട്ടൻ (AKG) മത്സരിക്കും മുൻപ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതിൽ ഔചിത്യമുണ്ടോ?
രണ്ട്, 'സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമ തോമസ് മത്സരിക്കുന്നത്'. ജനപ്രതിനിധി മരിക്കുമ്പോൾ അവരുടെ ബന്ധുക്കൾ മത്സരിക്കുന്നതാണ് താങ്കളുടെ പ്രശ്നമെങ്കിൽ, എൽഡിഎഫിലെ തന്നെ റാന്നിയിലെ സണ്ണി പനവേലി മരിച്ചപ്പോൾ ഭാര്യ റേച്ചൽ സണ്ണിയും, ചവറയിൽ വിജയൻ പിള്ള മരിച്ചപ്പോൾ മകൻ സുജിതും, കുട്ടനാട്ടിൽ തോമസ് ചാണ്ടി മരിച്ചപ്പോൾ സഹോദരൻ തോമസ് കെ.തോമസും മത്സരിച്ചതിലും തൊട്ട് ഇതേ തൃക്കാക്കരയിൽ കോർപ്പറേഷൻ ഡിവിഷനിൽ ഈയടുത്ത് കൗൺസിലർ ശിവൻ മരിച്ചപ്പോൾ ബിന്ദു ശിവൻ മത്സരിച്ചപ്പോഴും ഒന്നും താങ്കൾ പ്രതികരിക്കാഞ്ഞത് മൊബൈൽ കീ പാഡ് കംപ്ലയിന്റ് ആയതു കൊണ്ടാണോ?
അതല്ല 'സ്ത്രീ' നേരിടുന്ന പ്രശ്നങ്ങളാണു താങ്കളെ അലട്ടുന്നതെങ്കിൽ 50 ശതമാനം വനിതകൾ എന്ന വിഷയത്തിലെ കോടിയേരിയുടെ പ്രസ്താവന തൊട്ട് വിജയരാഘവന്റെ ഒട്ടുമുക്കാൽ പ്രസ്താവനകളും, പിണറായി സർക്കാർ അവഗണിച്ച പാലത്തായി, വാളയാർ തൊട്ട് എണ്ണമറ്റ പീഡനങ്ങളും ഒന്നും താങ്കളെ അലട്ടാത്തത് എന്താണ്?
അപ്പോൾ അതൊന്നുമല്ല കാരണം, ഉമ തോമസ് യുഡിഎഫ് ആയിപ്പോയി. അല്ലെങ്കിൽ കാണാമായിരുന്നു ഉമ തോമസിനെ പറ്റി കാൽപനികതകൾ കൊണ്ടുള്ള സർഗസൃഷ്ടി. കുട്ടി സ്റ്റേജിൽ എത്തി, ഇനി ചില ടീച്ചറുമാരുടെയും മാഷുമാരുടെയും വരവുണ്ട്. വെയിറ്റിങ്..
English Summary : rahul mankootathil facebook post against s sarada kutti