ACS Technology

News

കുറഞ്ഞ നിരക്കിൽ ഇക്കോണമി എസി കോച്ചുമായി റെയിൽവേ 

Business

ട്രെയിൻ യാത്രക്കാർക്ക് അധികം വൈകാതെ തന്നെ ഇക്കോണമി എസി കോച്ചുകളിൽ യാത്ര ചെയ്യാം. പുതിയ കോച്ചുകളുടെ നിർമാണം കപൂർത്തല കോച്ച് ഫാക്ടറിയിൽ ആരംഭിച്ചതിന്റെ വിഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിലവിലുള്ള എസി നിരക്കിനേക്കാൾ കുറവായിരിക്കും ഇതിൽ ടിക്കറ്റ് നിരക്കുകൾ.

ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളുള്ള പുതിയ കോച്ചുകൾ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ ആരംഭിക്കാൻ ഉപയോഗിക്കുമെന്നാണു സൂചനകൾ. ഇപ്പോൾ മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിൽ ഫസ്റ്റ് എസി, സെക്കൻഡ് എസി, തേഡ് എസി എന്നിങ്ങനെ കോച്ചുകളുണ്ട്. രാജധാനി, ശതാബ്ദി, ഹംസഫർ, തേജസ് എന്നിവയാണു പൂർണമായും എസിയുള്ള ട്രെയിനുകൾ. കൂടുതൽ യാത്രക്കാർക്കു എസി യാത്രാ സൗകര്യം ഒരുക്കുക, ടിക്കറ്റ് നിരക്ക് അവർക്കു കൂടി താങ്ങാവുന്ന രീതിയിൽ ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു തേഡ് എസി ഇക്കോണമി ക്ലാസുകൾ കൊണ്ടു വരുന്നത്. ഇവയിലെ നിരക്ക് സ്ലീപ്പറിനും േതഡ് എസിയ്ക്കുമിടയിലാകുമെന്നാണു  റെയിൽവേ അറിയിച്ചിരിക്കുന്നത്. 

പുതിയ കോച്ചുകളിൽ താപനില 24 മുതൽ 25 ഡിഗ്രി സെൽഷ്യസായിട്ടാകും ക്രമീകരിക്കുക. 72 ബെർത്തുകളാണു സാധാരണ തേഡ് എസി കോച്ചുകളിലുള്ളതെങ്കിൽ പുതിയ കോച്ചിൽ ബെർത്തുകളുടെ എണ്ണം 83 ആയിരിക്കും. കോച്ചിലെ ഇലക്ട്രിക്കൽ കൺട്രോൾ യൂണിറ്റ് ട്രെയിനിന് അടിയിലായി ക്രമീകരിച്ചാണു 11 സീറ്റുകൾ കൂട്ടിയിരിക്കുന്നത്. ഇതു വഴി അധിക വരുമാനവും റെയിൽവേ ലക്ഷ്യമിടുന്നു. എല്ലാ ബെർത്തുകളിലും എസി വെന്റുകൾ, റീഡിങ് ലൈറ്റുകൾ, യുഎസ്ബി ചാർജിങ് പോയിന്റുകൾ, ഫയർ അലാം, ഭിന്ന ശേഷി സൗഹൃദ ശുചിമുറികൾ, എന്നിവയാണു പുതുമകൾ. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന എൽഎച്ച്ബി പ്ലാറ്റ്‌ഫോമിലാണു തേഡ് എസി ഇക്കോണമി കോച്ചുകൾ നിർമിക്കുന്നത്. 248 കോച്ചുകൾ നിർമിക്കാനാണു റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. പ്രോട്ടോടൈപ്പ് ടെസ്റ്റിങ്ങിനായി വൈകാതെ ലക്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻടേഡ്‌സ് ഓർഗനൈസേഷനു (ആർഡിഎസ്ഒ) കൈമാറും.

ഇന്ത്യൻ റെയിൽവേ, പ്രധാന പാതകളിൽ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററാക്കാനുള്ള പരിശ്രമത്തിലാണ്. ഇവ 130ലേക്ക് ഉയർത്തുന്ന പണികൾ പല സെക്ഷനുകളിലും പൂർത്തിയായി കഴിഞ്ഞു. വേഗം കൂടുന്നതോടെ ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് യാത്ര ദുഷ്‌കരമാകുമെന്ന ആശങ്കയുണ്ട്. കാറ്റും പൊടിയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതോടൊപ്പം ട്രെയിന്റെ വേഗത്തെയും ബാധിക്കുമെന്നതിനാൽ  സ്ലീപ്പർ കോച്ചുകൾക്കു പകരമായിരിക്കും തേഡ് എസി ഇക്കോണമി കോച്ചുകൾ ഉപയോഗിക്കുക. എന്നാൽ 110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടുന്ന റൂട്ടുകളിൽ ഇത് ബാധകമാകില്ല. കേരളത്തിൽ നിന്നുള്ള ട്രെയിനുകളിൽ പുതിയ തരം തേഡ് എസി കോച്ചുകൾ ലഭിക്കാൻ സാധ്യതയുള്ള ട്രെയിനുകൾ തിരുവനന്തപുരം-ന്യൂഡൽഹി കേരള, തിരുവനന്തപുരം-നിസാമുദ്ദീൻ, കൊച്ചുവേളി-റിഷികേശ്,, കൊച്ചുവേളി-അമൃത്സർ, കൊച്ചുവേളി-ചണ്ഡിഗഡ് എന്നിവയാണ്.

English Summary : railways rolls out first ac 3 tier economy class coach



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter