ACS Technology

News

തൃക്കാക്കരയിൽ മത്സരിക്കാൻ പോലും ഇറങ്ങേണ്ടതില്ല; എ.എ.പി - ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയുടെ സാധ്യതകൾ മങ്ങി

Politics

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സര ചൂടേറുന്നതിനിടെ ട്വന്റി-ട്വന്റി - ആം ആദ്മി പാർട്ടി സഖ്യത്തിൽ സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. തൃക്കാക്കരയിൽ മത്സരിക്കാൻ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനയിലാണ് എ.എ.പി. അടിത്തറ ശക്തമാക്കിയ ശേഷം തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇറങ്ങിയാൽ മതിയെന്നാണ് എ.എ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതിനെ മറികടന്നുള്ള തീരുമാനത്തിന് ആം ആദ്മി സംസ്ഥാന നേതൃത്വവും തയ്യാറാകില്ലെന്നും സൂചനയുണ്ട്. വിഷയത്തിൽ ഞായറാഴ്ച കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.എ.പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനായിരുന്നു ട്വന്റി-ട്വന്റിയുടെ തീരുമാനം. എന്നാൽ എ.എ.പി സ്ഥാനാർത്ഥി മത്സരിക്കാനില്ലെന്ന സൂചനകൾ വരുന്നതോടെ ട്വന്റി-ട്വന്റിയുടെ നിലപാട് എന്താകുമെന്ന കാര്യത്തിൽ നിശ്ചയമില്ല.

പ്രവർത്തകരുടെ എണ്ണം കുറവായ തൃക്കാക്കര മണ്ഡലത്തിൽ കഴിഞ്ഞ തവണ ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ടെറി തോമസ് 13,773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. കിഴക്കമ്പലത്ത് നിന്നുള്ള പ്രവർത്തകരെത്തിയാണ് തൃക്കാക്കരയിൽ ഡോ. ടെറി തോമസിനായുള്ള പ്രചരണം നടത്തിയത്. ഇക്കുറി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും ട്വന്റി-ട്വന്റി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തൃക്കാക്കരയിൽ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോർക്കുമെന്നും ബദലാവുമെന്നും ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു. എം. തോമസ് പ്രഖ്യാപിച്ചിരുന്നു. മുന്നണികൾ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാകില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി-ട്വന്റിയുമായുള്ള ചർച്ചകൾക്കായി അരവിന്ദ് കെജ്രിവാൾ ഈ മാസം 15ന് കൊച്ചിയിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി അരവിന്ദ് കെജ്രിവാൾ ദേശീയ നേതാക്കളുമായി യോഗം ചേർന്നിരുന്നു. കെജ്രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഏഴു പേരുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന്റെ മുന്നിലുള്ളത്. എന്നാൽ ട്വന്റി-ട്വന്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എ.എ.പിയിലേക്ക് ട്വന്റി ട്വന്റി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നിലവില്ലെന്നാണ് വിവരം.

English Summary : Reports says AAP not likely to contest in Thrikkakkara By polls



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter