ACS Technology

News

കർദിനാൾ ക്ലിമീസിന് പണി കൊടുത്ത സീറോ മെത്രാന്മാർ 

Editors Pick

റോയ് മാത്യു

അങ്ങേയറ്റം സദുദ്ദേശത്തോടെ  തിരുവനന്തപുരത്ത് ഇന്നലെ (സെപ് 20) മതസമുദായ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവയുടെ നീക്കങ്ങളെ പാടെ അട്ടിമറിച്ചത് കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ വിഭാഗമായ സീറോ മലബാർ സഭാ നേതൃത്വമാണ്. 

ഈ അട്ടിമറിക്ക് പിന്നിൽ പ്രധാനമായും നാലഞ്ച്  കാരണങ്ങളുണ്ട്. മൊട കണ്ടാ ഇടപെടും അണ്ണാ എന്ന ക്ലിമ്മിസിന്റെ റോളിനെയാണ് സീറോ ടീംസ് കുളിപ്പിച്ച് കെടത്തിയത്. കഷ്ടമായിപോയി. ശത്രുവിനോടു പോലും ഇമ്മാതിരി തറപ്പണി ചെയ്യരുതെന്ന് പറയാനെ പറ്റു. വലിയൊരു ചുവട് വെപ്പായി മാറേണ്ടിയിരുന്ന  മതസൗഹാർദ യോഗത്തെ അട്ടിമറിച്ചതിന്റെ ചില പിന്നാമ്പുറകളികൾ - സാധ്യതകളൊക്കെ താഴെപ്പറയുന്നതിൽ ചിലതാവാം. കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ സഹ മെത്രാന്മാരായി  വരാമെന്ന് കർദ്ദിനാളിന് മനസിലായി. ഇത് തിരിച്ചറിയാൻ ഉപവാസ പ്രാർത്ഥനയും ധ്യാനം കൂടലും ഒന്നും വേണ്ട തിരുമേനി. ഒന്ന് - സീറോ മലബാർ സഭയുമായി തട്ടിച്ചു നോക്കുമ്പോൾ അംഗസംഖ്യയിൽ താരതമ്യേന വളരെ വളരെ ചെറിയ ക്രൈസ്തവ സഭാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കത്തോലിക്കാ വിഭാഗമാണ് മലങ്കര കത്തോലിക്ക സഭ - ഈ കൊച്ചു സഭയുടെ തലവനാണ് കർദ്ദിനാൾ മാർ ക്ലിമ്മീസ്.ഇങ്ങേരെ കർദിനാളാക്കിയത് സീറോ മലബാറ് കാർക്ക് ഒട്ടും പിടിച്ചിട്ടില്ല. ക്ലിമ്മിസിന്റെ  സഭയുടെ അംഗ സംഖ്യ കഷ്ടിച്ച് രണ്ട് ലക്ഷത്തിൽ താഴെ മാത്രം!  ( കേരളത്തിലെ ഒരു സഭയുടേയും യഥാർത്ഥ അംഗസംഖ്യ കർത്താവായ യേശുക്രിസ്തുവിനുപോലും അറിയില്ല. അതു കൊണ്ട് അതാരും അന്വേഷിക്കാറുമില്ല. കൊട്ടത്താപ്പുകണക്കിലാണീ വണ്ടികൾ ഓടുന്നത്) രണ്ട് പെട്ടി ഓട്ടോയിൽ കേറാൻ മാത്രം വിശ്വാസികളുള്ള സഭയുടെ തലവൻ കർദ്ദിനാൾ എന്ന ലേബലിൽ അറിയപ്പെടുന്നതിൽ സീറോ മലബാർ സഭയുടെ കൊടി കെട്ടിയ മെത്രാന്മാർക്ക് മുട്ടൻ അസൂയ ഉണ്ട്. ആരൊക്കെ നിഷേധിച്ചാലും  ഈ ഒടുങ്ങാത്ത അസൂയയുടെ കാര്യം  കർത്താവ് തമ്പുരാനും  മാർപ്പാപ്പയ്ക്കുമറിയാം - തലസ്ഥാനത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി എന്ന നിലയിലും സ്ഥലത്തെ പ്രധാന ദിവ്യനെന്ന നിലയിൽ മാർ ക്ലിമ്മിസിന്  രാഷ്ടീയ - ഭരണ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന  അംഗീകാരങ്ങളിൽ സീറോ മലബാർ സഭാ മെത്രാന്മാർ അസ്വസ്ഥരും കൃമികടി ഉള്ളവരുമാണ്.  ഈ ചൊറിച്ചിൽ മാറാൻ ഇച്ച് ഗാർഡ് ഓയിൻമെന്റൊന്നും പോരായെന്ന് എല്ലാ  ക്രിസ്ത്യാനിക്കുമറിയാം.

രണ്ട്. സാമുദായിക സൗഹാർദ്ദം അലമ്പാക്കിയതിന്റെ പേരിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പാലാ മെത്രാനുൾപ്പെടുന്ന സീറോ മലബാർ സഭയുടെ നിലപാടുകൾക്കെതിരെ യോഗത്തിൽ  വിമർശനം ഉയർന്നേക്കാമെന്ന് സ്വാഭാവികമായി അവർ  കരുതിയിട്ടുണ്ടാവാം.  അതിനു പുറമേ, മത സൗഹാർദം ഊട്ടിയുറപ്പിക്കുന്ന സമ്മേളനം വിളിച്ചു കൂട്ടി അതിന്റെ ചാമ്പ്യനാവാൻ ശ്രമിച്ച മാർ ക്ലിമ്മിസിന് പാലും വെള്ളത്തിൽ ഒരു പണി കൊടുക്കണമെന്ന് പാരവെപ്പിൽ സുഗ്രീവന്മാരായ സീറോ മലബാർ നേതൃത്വം കരുതിയിട്ടുണ്ടാവും. അതല്ലേ ടി - യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയത്.  പാപത്തെ വെറുക്കുകയും പാപികളോട് ക്ഷമിക്കണമെന്നൊക്കെ ഡയലോഗ് വിടുന്ന മെത്രാന്മാരുടെ ഉള്ളിൽ പകയും നാക്കിൽ  കൊടും വിഷവുമാണെന്ന് തിരിച്ചറിയാൻ ചാത്തൻ സേവയൊന്നും നടത്തേണ്ട ആവശ്യമില്ല. മുട്ടൻ രാജവെമ്പാലകളാണിവർ. യോഗത്തിൽ പങ്കെടുക്കാതെ  സ്ഥലം വിട്ട ചങ്ങനാശ്ശേരി പിതാവിനും കൂട്ടർക്കും പത്രസമ്മേളനത്തിൽ വെച്ച് ക്ലിമ്മീസ് തിരുമേനി  നൈസായി രണ്ട് മൂന്ന് ആപ്പുകൾ അടിച്ചു കൊടുത്തു. മണിയാശാന്റെ ഗ്രാമ്യ  ഭാഷയിൽ  അണ്ണാക്കിലടി എന്നും പറയാം !

മൂന്ന്: പാലാ മെത്രാന്റ നർക്കോട്ടിക് ജിഹാദ് പ്രസ്താവന വന്നിട്ടിപ്പോ രണ്ടാഴ്ച കഴിഞ്ഞു. ആ പ്രയോഗമോ,  പ്രസ്താവനയോ തിരുത്താൻ  മേപ്പടി  മെത്രാനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയോ തയ്യാറായിട്ടില്ല. ആ പ്രയോഗമുണ്ടാക്കിയ അവിശ്വാസവും കാലുഷ്യവുമകറ്റാനിന്നു വരെ പാലാ മെത്രാനുൾപ്പെടുന്ന സഭാ സമൂഹം ഒരു ചെറുവിരൽ പോലും  അനക്കിയിട്ടില്ല.  പറഞ്ഞ കാര്യത്തിൽ അവർ പാറപോലെ ഉറച്ചു നിൽക്കുന്നു. അനുതാപത്തിന്റെ ലാഞ്ചനപോലും അവരുടെ കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടില്ല. വിവരക്കേട് വിളിച്ചു പറഞ്ഞ പാലാ മെത്രാൻ പണ്ഡിത ശ്രേഷ്ഠനാണെന്ന് മന്ത്രി പുംഗവൻ ഒരു സർട്ടിഫിക്കേറ്റും കൊടുത്തു.  അപ്പോ സംഗതി വീണ്ടും ഹലാക്കിലായി. 

നാല് - ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടത്തിന്റെ കീഴിലുള്ള രുപതാ ബിഷപ്പാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്.  അദ്ദേഹത്തിന്റെ (പാലമെത്രാൻ )  പ്രസ്താവനക്കെതിരെ നടക്കുന്ന കുറ്റവിചാരണ യോഗത്തിൽ പോയി തലവെക്കുന്നതിലെ അപകടം മണത്തതു കൊണ്ടാവും ചങ്ങനാശ്ശേരി മെത്രാൻ തിരോന്തോരത്തു നിന്ന് സ്‌കൂട്ടായത്.  മാർ പെരുന്തോട്ടത്തലിന്റെ മുങ്ങലിനെ മനസിൽ വെച്ചു കൊണ്ടുള്ള തോണ്ടലാണ് ക്ലിമ്മീസ് വാർത്താ സമ്മേളനത്തിൽ നടത്തിയത് -

' നർക്കോട്ടിക്‌സിനെ നർക്കോട്ടിക്‌സ് എന്നു പറഞ്ഞാ മതി' എന്ന പഞ്ച്  ഡയലോഗ് പാലാ മെത്രാനും കൂട്ടർക്കുമുള്ള മുട്ടൻ പാരയാണ്. അവരുടെ നർക്കോട്ടിക് ജിഹാദിനെ  താൻ ലേശം പോലും അംഗീകരിക്കുന്നില്ലെന്ന് നല്ല വെടിപ്പായി കർദിനാൾ പറഞ്ഞു വെച്ചു.   ഈ നിലപാടിനോട് പാലാ മെത്രാനും കൂട്ടരും ഒരിക്കലും യോജിക്കില്ല. അവരിതിനെ പരമാവധി വഷളാക്കും - തരം കിട്ടുമ്പോക്ലിമ്മിസിനിട്ട്  നല്ല ഒന്നാം ക്ലാസ് പുളിയാപ്പ് വെക്കുകേം ചെയ്യും. - കഠിന ഹൃദയന്മാരായ മെത്രാന്മാരുടെ നിഘണ്ടുവിൽ ക്ഷമിക്കുക എന്നൊരു വാക്കില്ല. എതിർക്കുന്നവനെ പണിഞ്ഞു കെടത്തുക എന്ന ഗുണ്ടാ  ലൈനാണിവർ പിന്തുടരുന്നത്.  അതല്ലേ, ഒരു പടി കൂടി കടന്ന് മാർ ക്ലിമ്മീസ്  സിംപിൾ പൂഴിക്കടകൻ പണി  കുടി സീറോ മലബാർ മെത്രാന്മാർക്കിട്ട്  കൊടുത്തത് -  'ദീപികയിൽ വരുന്ന ലേഖനങ്ങൾ കത്തോലിക്ക സഭയുടെ നിലപാടല്ലെന്ന് , അങ്ങേര് നല്ല ഭേഷായി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി സകല സീറോ മെത്രാന്മാരും അവരുടെ ശിങ്കിടി മുണ്ടന്മാരും ദീപികയിൽ ലേഖനമെഴുതി മറിയ്ക്കുകയായിരുന്നു. 

പേറെടുക്കാൻ വന്നവൾ ഇരട്ടപെറ്റു എന്ന സ്ഥിതിയിലായി ആകമാന കത്തോലിക്കാ സഭയിലെ കാര്യങ്ങൾ. കെ സി ബിസിയിലെ കളർ നൈറ്റിയിട്ടവർ തമ്മിലൊന്ന് കോംപ്ലിമെൻസായിട്ട് പോരെ മത സൗഹാർദ്ദം - അതിലും വല്യ കോമഡിയും ഇന്നലത്തെ യോഗത്തിലുണ്ടായി - കഴിഞ്ഞ നൂറ് കൊല്ലമായി തെരുവിൽ പിച്ചാത്തി എടുത്ത് കുത്തുന്ന യാക്കോബായ- ഓർത്തഡോക്‌സ് സഭകളിലെ ഓരോ മെത്രാന്മാരും മത സൗഹാർദ്ദ യോഗത്തിൽ എഴുന്നെള്ളിയിരുന്നു - മാർ ഗബ്രിയേലും മാർ അന്ത്രയോസും. ഇവർക്കൊക്കെ  മാലാഖമാരുടെ പേരൊക്കെയാണെങ്കിലും കയ്യിലിരുപ്പ്  മറ്റേ പുള്ളിയുടേതാണ്.  ചാണകത്തിൽ ചവിട്ടിയവരും സെപ്റ്റിക് ടാങ്കിൽ സ്ഥിര താമസമാക്കിയവ രുമൊക്കെ ജായിന്റായി മത സൗഹാർദ്ദ യോഗം നടത്തി നമ്മളെ ഉദ്ബുദ്ധരാക്കുന്നു. ഈ അസുരകാലത്ത്  ദൈവത്തെ  കച്ചവടമാക്കിയവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്? ഇമ്മാതിരി യോഗങ്ങൾ കാണുമ്പോൾ എഴുത്തച്ഛനെ ഓർക്കാനെ തരമുള്ളു. 

'കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ 
കൊല്ലിക്കയത്രേ നിനക്ക് രസമെടോ 

English Summary : roy mathew about community leaders' meeting in tvmRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter